ADVERTISEMENT

ലണ്ടൻ ∙ യുകെയിൽ ഇന്ന് മുതൽ കെയറർ ജോലിക്ക് അപേക്ഷിക്കുന്ന ആളുകൾക്ക് ആശ്രിത വീസ ലഭിക്കില്ല. മുൻകൂട്ടി നൽകിയ അറിയിപ്പ് പ്രകാരം ഇന്ന് മുതൽ ഭർത്താവിനെയോ ഭാര്യയെയോ  കുട്ടികളെയോ മറ്റ് ആശ്രിതരെയോ യുകെയിലേക്ക് കൊണ്ടുവരാനും കൂടെ താമസിപ്പിക്കാനുമുള്ള ഹെൽത്ത് കെയർ അസിസ്റ്റന്റ്സ് അഥവാ കെയറർമാരുടെ അനുമതിയാണ് ഇല്ലാതാകുന്നത്. സമീപകാലത്ത് യുകെയിലേക്ക് കുടിയേറിയ മലയാളി കെയറർമാരെയും നഴ്‌സുമാരെയും ഏറ്റവുമധികം ആശങ്കപ്പെടുത്തിയ നിയമമാറ്റ പ്രഖ്യാപനമാണ് കെയറർമാരുടെ ആശ്രിത വീസ നിരോധനം. 

മാർച്ച് 11ന് മുൻപ് അപേക്ഷിച്ചിട്ടുള്ളവരിൽ ഹോം ഓഫിസ് അംഗീകരിച്ചവർക്ക് തുടർന്നും ആശ്രിതരെ കൊണ്ടുവരാനുമുള്ള അനുമതി ലഭിക്കും. എന്നാൽ അതിനുശേഷമുള്ള അപേക്ഷകളൊന്നും തന്നെ ആശ്രിത വീസയ്ക്കായി പരിഗണിക്കില്ല. കഴിഞ്ഞ ഒന്നുരണ്ട് വർഷങ്ങളായി യുകെയിലേക്ക് മലയാളി കെയറർമാരുടെ കുത്തൊഴുക്ക് നടന്നിരുന്നു. വൻതുക ഏജന്റുമാർക്ക് അനധികൃതമായി നൽകി എത്തിയവരും ഇതിൽ ഉൾപ്പെടുന്നു. നഴ്‌സുമാരാണ് കുടുതലും ഈ കാറ്റഗറിയിൽ എത്തിയത്. ഗൾഫ് രാജ്യങ്ങളിലെ ജോലി  പോലും ഉപേക്ഷിച്ച് അവരിൽപ്പലരും യുകെയിലേക്ക് വരാനുള്ള പ്രധാനകാരണം ആശ്രിത വീസയായിരുന്നു. ആശ്രിത വീസയിൽ എത്തുന്നവർക്ക് ജോലി ചെയ്യാമെന്നതും വരുമാന സാധ്യത  കൂട്ടി.

കുടിയേറ്റം കുറയ്ക്കൽ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന നിയമത്തെ പാർലമെന്റിൽ പൊതു തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ലേബറുകൾ അടക്കമുള്ള പ്രതിപക്ഷം എതിർക്കുവാനും സാധ്യത കുറവാണ്. ഈ നിയമത്തിൽ ഇളവുകൾ അനുവദിച്ചേക്കും എന്ന പ്രതീക്ഷയും ഇപ്പോൾ അസ്ഥാനത്താണ്. ഇതിനോടനുബന്ധിച്ച് സ്‌കിൽഡ് വർക്കർ വീസയ്ക്കുള്ള ഏറ്റവും കുറഞ്ഞ ശമ്പളം മിനിമം 26,200 പൗണ്ടിൽ നിന്നും 38,700 പൗണ്ട് ആയി ഉയർത്തുന്നത് ഏപ്രിൽ 4ന് നടപ്പിലാക്കും. എന്നാൽ നഴ്സിങ്ങും സോഷ്യൽ കെയറും ഉൾപ്പെടുന്ന ഹെൽത്ത് ആൻഡ് കെയർ വർക്കർ വീസകൾക്കും ദേശീയ ശമ്പള സ്കെയിലുകളിലുള്ള വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാർക്കും ഈ മാറ്റം ബാധകമാകില്ല. ആശ്രിത വീസയിൽ ജീവിത പങ്കാളിയെ കൊണ്ടു വരുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ വരുമാനം പ്രതിവർഷം 18,600 പൗണ്ടിൽ നിന്ന് ആദ്യം 29,000 പൗണ്ട് ആയും ഒടുവിൽ ഏകദേശം 38,700 പൗണ്ട് ആയും ഉയരും.

English Summary:

UK ban on carers bringing dependents From today - Dependent - visas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com