ADVERTISEMENT

ലണ്ടൻ∙ യൂറോപ്പിന് 'ആവേശം' പകരാൻ രങ്കണ്ണനും പിള്ളേരും ഇന്ന് എത്തുന്നത് കാത്തിരിക്കുകയാണ് മലയാളികൾ. സൂപ്പർഹിറ്റ് ചിത്രമായ ‘രോമാഞ്ച’ത്തിന് ശേഷം സംവിധായകന്‍ ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ‘ആവേശ’ത്തിന്‍റെ പോസ്റ്റര്‍ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പ്രേക്ഷകമനസ്സുകളില്‍ തീ പാറിക്കുന്ന രീതിയില്‍ ഡിസൈന്‍ ചെയ്ത പോസ്റ്ററില്‍ ആളിക്കത്തുന്ന ഒരു തീക്കുപ്പി കയ്യില്‍ പിടിച്ച് നില്‍ക്കുന്ന ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന രങ്കനെയും പശ്ചാത്തലത്തില്‍ രങ്കന്‍റെ പിള്ളേരെയും കാണാന്‍ സാധിക്കും. ഇത് തന്നെയാണ് യുകെ ഉൾപ്പടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലെ മലയാളികൾക്ക് ആവേശം പകരുന്നത്.

ആവേശം ഇന്ന് കേരളത്തിൽ പ്രദർശനത്തിന് എത്തുന്നതിന് ഒപ്പം തന്നെ യൂറോപ്പിലെ 250 ൽപ്പരം തിയറ്ററുകളിലും പ്രദർശിപ്പിക്കുമെന്ന് ചിത്രത്തിന്‍റെ യൂറോപ്പ് ഡിസ്ട്രിബ്യൂട്ടറായ ആർഎഫ്ടി ഫിലിംസ് ഉടമ റൊണാൾഡ് തോണ്ടിക്കൽ മനോരമ ഓൺലൈനിനോട് പറഞ്ഞു. യുകെയിൽ 140 ഇടങ്ങളിലാണ് ചിത്രം പ്രദർശിപ്പിക്കുക. ഒഡിയോൺ, സിനിവേൾഡ്, വിയുഇ ഉൾപ്പടെയുള്ള എട്ട് തിയറ്റർ ഗ്രൂപ്പുകളിലാണ് യുകെയിൽ പ്രധാനമായും പ്രദർശനങ്ങൾ ഉണ്ടാവുക. കൂടാതെ ജർമനി, ഓസ്ട്രിയ, ബെൽജിയം, ഡെന്മാർക്ക്, ലക്സംബർഗ്, നെതർലാൻഡ്,  എസ്റ്റോണിയ, ഫിൻലാൻഡ്, ഫ്രാൻസ്, അയർലൻഡ്, ലത്വിയ, ലിത്വാനിയ, മൾട്ട, നോർവേ, പോളണ്ട്, സ്വീഡൻ, ജോർജിയ, സ്വിറ്റ്സർലൻഡ്, സ്ലോവേക്കിയ, സ്ലോവേനിയ, ചെക്കിയ  തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലെ തിയറ്ററുകളിലും ചിത്രം നാളെ മുതൽ പ്രദർശിപ്പിക്കും.

അന്‍വര്‍ റഷീദ് എന്‍റര്‍ടെയ്ന്‍മെന്‍റ്‌സിന്‍റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്‍റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിര്‍മിക്കുന്നത്. ഫഹദിനു പുറമെ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാർഥി, സജിന്‍ ഗോപു, ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. രോമാഞ്ചത്തിലെ ഹിറ്റ് കൂട്ടുകെട്ട് ആവര്‍ത്തിച്ചുകൊണ്ട് വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം നൽകിയത്. എ ആൻഡ് എ റിലീസാണ് വിതരണം. 

എഡിറ്റര്‍ വിവേക് ഹര്‍ഷന്‍, പ്രൊഡക്‌ഷന്‍ ഡിസൈന്‍ അശ്വിനി കാലെ, വസ്ത്രാലങ്കാരം മഷര്‍ ഹംസ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - എആര്‍ അന്‍സാര്‍, ലൈന്‍ പ്രൊഡ്യൂസര്‍ പി.കെ. ശ്രീകുമാര്‍, പ്രോജക്റ്റ് സിഇഒ മൊഹ്‌സിന്‍ ഖൈസ്, മേക്കപ്പ് ആര്‍ജി വയനാട്, ഓഡിയോഗ്രഫി വിഷ്ണു ഗോവിന്ദ്, ആക്‌ഷൻ ചേതന്‍ ഡിസൂസ, വിഎഫ്എക്‌സ് എഗ്ഗ് വൈറ്റ്, ഡിഐ പോയറ്റിക്, കളറിസ്റ്റ് ശ്രീക് വാര്യര്‍, ടൈറ്റിൽസ് അഭിലാഷ് ചാക്കോ, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ വിനോദ് ശേഖര്‍, പിആര്‍ഒ എ.എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സ്നേക്ക് പ്ലാന്‍റ്.

English Summary:

Aaveesham: The film is screening in 250 theaters across Europe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com