പള്ളികളിൽ പാലിക്കേണ്ട മാർഗനിർദേശങ്ങളായി
Mail This Article
ദോഹ∙പള്ളികളിൽ വിശ്വാസികൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ ഔഖാഫ്-ഇസ്‌ലാമിക മന്ത്രാലയം പുറത്തിറക്കി. എല്ലാ പള്ളികളിലും ദിവസേന അഞ്ചു നേരവും വെള്ളിയാഴ്ചകളിൽ ജുമുഅ നമസ്‌കാരവും ഉണ്ടാകും. പള്ളികളിൽ ബാങ്കുവിളി കഴിഞ്ഞു അഞ്ചു മിനിറ്റിന് ശേഷം പ്രാർഥനകൾക്ക് തുടക്കമാകും.
ഓരോ പ്രാർഥനകളും പൂർത്തിയായി അഞ്ചു മിനിറ്റ് കഴിയുമ്പോൾ അടുത്ത പ്രാർഥനാ സമയത്തിന് മുൻപായി പള്ളി ശുചീകരിക്കുന്നതിനും അണുവിമുക്തമാക്കുന്നതിനും വേണ്ടി പള്ളികൾ അടയ്ക്കും. പ്രാർഥനകൾ ആരംഭിക്കുമ്പോൾ പ്രാർഥനാ ഹാളുകളുടെ വാതിലുകൾ അടയ്ക്കും.
നിശ്ചിത എണ്ണം വിശ്വാസികളേ മാത്രമേ പ്രവേശിപ്പിക്കൂ. പള്ളികളിലെത്തുന്ന എല്ലാ വിശ്വാസികളും കോവിഡ് മുൻകരുതൽ പാലിക്കണം. ബാത്ത്‌റൂമുകൾ, അംഗശുദ്ധി വരുത്തുന്ന ഇടങ്ങൾ, സ്ത്രീകൾക്കുള്ള പ്രാർഥനാ ഇടങ്ങൾ എന്നിവ തുറക്കില്ല.
വിശ്വാസികൾ അറിയാൻ
∙12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനമില്ല.
∙പ്രവേശന കവാടത്തിൽ വിശ്വാസികളുടെ മൊബൈലിലെ ഇഹ്‌തെറാസ് ഹെൽത്ത് സ്റ്റേറ്റസ് പരിശോധിക്കും. പ്രൊഫൈൽ നിറം പച്ചയെങ്കിൽ മാത്രമേ പ്രവേശനമുള്ളു.
∙ഫെയ്‌സ് മാസ്‌ക് ധരിക്കണം. പ്രാർഥനാ സമയങ്ങളിലും മറ്റുള്ളവരുമായി അകലം പാലിക്കണം. ഹസ്തദാനങ്ങളും പാടില്ല.
∙നമസ്‌കാരത്തിനുള്ള പായ (മുസല്ല) കൊണ്ടുവരണം. മുസല്ലയും വിശുദ്ധ ഖുറാനും മറ്റുള്ളവരുമായി പങ്കിടുകയോ പള്ളിയിൽ ഇട്ട്പോകുകയോ ചെയ്യരുത്.
∙തറാവീഹ്, തഹജ്ജുദ് (ഖിയാമുലൈൽ-നിശാ നമസ്‌കാരം), ഇഅ്തികാഫ് എന്നിവ വീടുകളിൽ തന്നെ നിർവഹിക്കണം.