അജ്മാനിൽ അന്തരിച്ച ബിജുവിന്റെ കരളും വൃക്കയും ദാനം ചെയ്തു

Mail This Article
പിറവം ∙ അജ്മാനിൽ മരിച്ച മലയാളിയുടെ അവയവങ്ങളിലൂടെ 2 പേർ പുതുജീവിതത്തിലേക്കു കടക്കും. നിരപ്പ് കൊമ്പനാമല കുന്നുംപുറത്ത് ബിജു ജോസഫ്(51) ആണു മരിച്ചത്. 19 വർഷമായി അജ്മാനിൽ ജോലി ചെയ്യുന്ന ബിജു, കഴിഞ്ഞ 6നു കുഴഞ്ഞു വീണതിനെ തുടർന്ന് അജ്മാനിൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.
ഇതിനിടെ മസ്തിഷ്ക മരണം സംഭവിച്ചതോടെ അവയവദാനത്തിനു ഭാര്യയും മക്കളും സന്നദ്ധത അറിയിച്ചു. അവയവദാനത്തിനു തയാറാണെന്ന സൂചന മുൻപ് ബിജു നൽകിയിരുന്നു. ഇന്നലെ ശസ്ത്രക്രിയയിൽ അദ്ദേഹത്തിന്റെ കരളും വൃക്കയും ദാനം ചെയ്തതായി അധികൃതർ പിറവത്തെ ബന്ധുക്കളെ അറിയിച്ചു.
അജ്മാനിൽ കലാസാംസ്കാരിക രംഗത്തു സജീവമായിരുന്ന ബിജു നോവൽ ഉൾപ്പെടെ 4 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മൃതദേഹം വൈകാതെ നാട്ടിൽ എത്തിക്കും. സംസ്കാരം പിറവം ചെറുപുഷ്പം പള്ളിയിൽ. ഭാര്യ: വിജി കുര്യനാട്. മക്കൾ: അനേന, അഷിൻ.