വെല്ലുവിളികൾ ധാരാളം: ജിസിസിയുടെ ‘ഷെംഗന്‍ വീസ’ വൈകും, സഞ്ചാരികൾക്ക് നിരാശ

Mail This Article
മസ്കത്ത്∙ ഏകീകൃത ജിസിസി ടൂറിസം വീസ വൈകുമെന്ന് ഒമാന്‍ പൈതൃക, വിനോദ സഞ്ചാര മന്ത്രി സലിം ബിന്‍ മുഹമ്മദ് അല്‍ മഹ്റൂഖി. ശൂറ കൗണ്‍സിലിന്റെ എട്ടാമത് സെഷനില്‍ നടന്ന ചര്‍ച്ചയില്‍ ഏകീകൃത വീസയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുകയായിരുന്നു മന്ത്രി.
സുരക്ഷാ ആശങ്കകളും അംഗ രാജ്യങ്ങള്‍ക്കിടയിലെ വ്യത്യസ്ത വീക്ഷണങ്ങളുമാണ് ഇത് നടപ്പിലാക്കാന്‍ സമയമെടുക്കുന്നതിന് പിന്നിലെ കാരണം. നിര്‍ദ്ദേശം ഇപ്പോഴും ഗവേഷണത്തിലും പഠനത്തിലുമാണ്. പദ്ധതി ഇപ്പോഴും വെല്ലുവിളി നിറഞ്ഞതാണെന്നും മഹ്റൂഖി ചൂണ്ടിക്കാട്ടി.
ഏകീകൃത ജിസിസി സന്ദര്‍ശന വീസ ജിസിസി ഗ്രാന്‍ഡ് ടൂര്‍സ് എന്ന പേരിലാണ് അറിയപ്പെടുക. വീസ കാലാവധി സംബന്ധിച്ച് അന്തിമ തീരുമാനം ആയില്ലെങ്കിലും ആറ് രാജ്യങ്ങളിലും സന്ദര്‍ശിക്കാന്‍ സാധിക്കുന്ന വീസയ്ക്ക് 30 ദിവസത്തെ കാലാവധിയുണ്ടാകുമെന്നാണ് സൂചന .

യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള ഷെംഗന്‍ വീസയെ മാതൃകയാക്കിയാണ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അംഗരാജ്യങ്ങള്‍ ഏകീകൃത വീസ അവതരിപ്പിക്കുന്നത്. ട്രാവല്‍, ടൂറിസം, ഹോസ്പിറ്റാലിറ്റി, വ്യോമയാന മേഖലകളില്‍ ജിസിസിയില്‍ കുതിച്ചുചാട്ടമുണ്ടാകുമെന്നും വിലയിരുത്തലുണ്ട്.