വാഗ്ദാനം ആകർഷകമായ ജോലിയും വൻ ശമ്പളവും; ക്രിപ്റ്റോ കറൻസി, ഓഹരിക്കമ്പോളം, ബാങ്കിങ് ഇടപാടുകൾ വഴി പണംതട്ടാൻ 'മനുഷ്യക്കടത്ത്'
Mail This Article
ന്യൂഡൽഹി ∙ ലാവോസ് അടക്കമുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്കു മനുഷ്യക്കടത്തു നടത്തിയ കേസിൽ 4 പേരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. ഡൽഹി സ്വദേശി ഗുഡ്ഡു എന്ന മൻസൂർ ആലം, ഹരിയാന സ്വദേശികളായ സാഹിൽ, അഖിൽ എന്ന ആഷിഷ്, ബിഹാർ സിവാൻ സ്വദേശിയും അഫ്സൽ, അഫ്റോസ് എന്നീ പേരുകളിൽ അറിയപ്പെടുകയും ചെയ്യുന്ന പവൻ യാദവ് എന്നിവരാണു പിടിയിലായത്.
ആകർഷകമായ ജോലി വാഗ്ദാനം ചെയ്ത്, വിദേശരാജ്യങ്ങളിലെ തട്ടിപ്പു കോൾ സെന്ററുകളിലേക്ക് ആളുകളെ എത്തിച്ചതായാണു കേസ്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ സമൂഹമാധ്യമങ്ങളിലൂടെയും ആപ്പുകളിലൂടെയും മറ്റും തട്ടിപ്പു നടത്തുന്നതിനാണ് ഇവരെ കൊണ്ടുപോയതെന്നും അന്വേഷണത്തിൽ വ്യക്തമായി. ഇരകളെ കണ്ടെത്തുകയും ക്രിപ്റ്റോ കറൻസി, ഓഹരിക്കമ്പോളം, ബാങ്കിങ് ഇടപാടുകൾ, പങ്കാളിത്ത ബിസിനസ് ഇവയുടെ പേരിൽ അവരുടെ പണം തട്ടിയെടുക്കുകയുമാണ് ഇവർക്കു ലഭിക്കുന്ന ജോലി. ഡൽഹി പൊലീസ് റജിസ്റ്റർ ചെയ്ത കേസ്, ജൂണിലാണ് എൻഐഎ ഏറ്റെടുത്തത്.
ഓൺലൈൻ തട്ടിപ്പിനു വേണ്ടിയുള്ള മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട്, പൊലീസ് സേനകളുടെ സഹായത്തോടെ 6 സംസ്ഥാനങ്ങളിലെ 15 കേന്ദ്രങ്ങളിൽ എൻഐഎ പരിശോധന നടത്തിയിരുന്നു. മുംബൈയിലെ സമാനമായ കേസിൽ, വിദേശിയുൾപ്പെടെ 5 പേർക്കെതിരെ എൻഐഎ കുറ്റപത്രം നൽകിയിട്ടുണ്ട്.