ADVERTISEMENT

അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ എന്ന അര്‍ബുദത്തിന് കീമോതെറാപ്പി ചെയ്യുന്ന കുട്ടികളും യുവാക്കളും പലപ്പോഴും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് പാന്‍ക്രിയാസിനുണ്ടാകുന്ന വേദനാജനകമായ വീക്കം. ഇതിന് പരിഹാരം കാണാന്‍ വൈറ്റമിന്‍ എ ധാരാളമായി അടങ്ങിയ ഭക്ഷണക്രമത്തിലൂടെ സാധിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് പുതിയ പഠനം. സ്റ്റാന്‍ഫോഡ് സര്‍വകലാശാലയിലെ പീഡിയാട്രിക് ഗൈനക്കോളജി, ഹെപ്പറ്റോളജി ആന്‍ഡ് ന്യൂട്രീഷന്‍ വിഭാഗവും സിന്‍സിനാറ്റി ചില്‍ഡ്രന്‍സ് ഹോസ്പിറ്റില്‍ മെഡിക്കല്‍ സെന്‍ററും ചേര്‍ന്നാണ് ഗവേഷണം നടത്തിയത്. 

 

അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ ബാധിതരില്‍ അസ്പാരജിനൈസ് എന്ന എന്‍സൈം ഉപയോഗിച്ച് നടത്തുന്ന ചികിത്സ രക്തത്തിലെ അസ്പാരജൈനിന്‍റെ അളവ് കുറയ്ക്കും. അര്‍ബുദകോശങ്ങള്‍ക്ക് വളരാന്‍ അസ്പാരജൈന്‍ ആവശ്യമാണ്. ഇത് ലഭിക്കാതെ വരുമ്പോൾ  അര്‍ബുദകോശങ്ങളുടെ വളര്‍ച്ചയെ മുരടിപ്പിക്കാന്‍ സാധിക്കുന്നതാണ്. മറ്റ് ചില മരുന്നുകള്‍ക്കൊപ്പം ഞരമ്പുകളിലേക്ക് കുത്തിവയ്പ്പ് വഴിയാണ് അസ്പാരജിനൈസ് നല്‍കുന്നത്. എന്നാല്‍ ഈ ചികിത്സയുടെ സമയത്ത് രണ്ട് മുതല്‍ 10 ശതമാനം വരെ രോഗികള്‍ക്ക് പാന്‍ക്രിയാസ് വീക്കം ഉണ്ടാകാന്‍ സാധ്യതയുണ്ട്. മൂന്നിലൊന്ന് രോഗികളില്‍ ഇത് മൂലമുള്ള ലക്ഷണങ്ങളും കടുത്തതായിരിക്കും. 

 

ഇതിനൊരു പ്രതിവിധിയെന്ന നിലയിലാണ് വൈറ്റമിന്‍ എ ഭക്ഷണക്രമം ഗവേഷകര്‍ മുന്നോട്ട് വയ്ക്കുന്നത്. വൈറ്റമിന്‍ എ ഭക്ഷണക്രമം പിന്തുടര്‍ന്ന അര്‍ബുദരോഗികളില്‍ 1.4 ശതമാനത്തിന് മാത്രമേ അസ്പാരജിനൈസ് ഉപയോഗിച്ചുള്ള ചികിത്സയുടെ സമയത്ത് പാന്‍ക്രിയാറ്റൈറ്റിസ് ഉണ്ടായുള്ളൂ എന്ന് ഗവേഷകര്‍ കണ്ടെത്തി. വൈറ്റമിന്‍ എ ഭക്ഷണക്രമം പിന്തുടരാത്ത രോഗികളില്‍ 3.4 ശതമാനത്തിന്  പാന്‍ക്രിയാറ്റൈറ്റിസ് ഉണ്ടായതായും ഗവേഷകര്‍ നിരീക്ഷിച്ചു. വൈറ്റമിന്‍ എയുടെ ഉപയോഗം മൂലം അസ്പാരജിനൈസ് അനുബന്ധ പാന്‍ക്രിയാറ്റൈറ്റിസില്‍ 60 ശതമാനം കുറവാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. സയൻസ് ട്രാൻസ്‌ലേഷണൽ മെഡിസിൻ ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്.

Content Summary: Vitamin A May Reduce Pancreatitis Risk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com