ADVERTISEMENT

ചുരുങ്ങിയ കാലം കൊണ്ട്, യൂട്യൂബ് വെബ്‌സീരീസുകളിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ നടനാണ് ശ്യാം മോഹൻ. സ്ട്രഗിൾ ചെയ്ത ഒരു കാലമുണ്ട് ശ്യാമിന്റെ ജീവിതത്തിൽ. ശ്യാം തന്റെ ജീവിതവിശേഷങ്ങൾ പങ്കുവയ്ക്കുന്നു..

ഓർമവീടുകൾ...

സ്വദേശം തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴാണ്. കലാപാരമ്പര്യമുള്ള ഒരു കുടുംബമായിരുന്നു. അച്ഛൻ പ്രൊഡക്ഷൻ കൺട്രോളറായിരുന്നു. നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.  അമ്മ നാടകങ്ങളിലും സിനിമകളിലുമൊക്കെ അഭിനയിച്ചിട്ടുണ്ട്. പക്ഷേ രണ്ടുപേരും സ്ട്രഗിൾ ചെയ്തു വിജയിക്കാതെ പോയ അഭിനേതാക്കളായിരുന്നു.

വീട്ടിലെ സാമ്പത്തിക അവസ്ഥയൊക്കെ മോശമായിരുന്നു. വാടകവീടുകളിൽ നിന്നും വാടകവീടുകളിലേക്കുള്ള പലായനമായിരുന്നു കുട്ടിക്കാലം. ഞാനും സ്‌കൂളിൽ പഠിക്കുമ്പോൾ മിമിക്രിയിലും സ്റ്റേജ് പരിപാടികളിലും സജീവമായിരുന്നു. അതുപോലെ അമ്പലപ്പറമ്പിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. ഞാൻ പത്തിൽ പഠിക്കുമ്പോൾ അച്ഛൻ മരിച്ചു. പ്ലസ്‌ടുവിനു പഠിക്കുമ്പോൾ അമ്മയും പോയി. ഞാൻ ഒറ്റമകനാണ്. ജീവിതത്തിൽ പെട്ടെന്ന് തനിച്ചായിപ്പോകുന്ന അവസ്ഥയിലൂടെ കടന്നുപോയി.പിന്നീട് ബന്ധുക്കളുടെ സംരക്ഷണയിലായി എന്റെ ജീവിതം. 

വല്യച്ഛനാണ് പിന്നീടുള്ള എന്റെ പഠിപ്പ് ഒക്കെ നോക്കിയത്. വല്യച്ഛന്റെ ചിറയിൻകീഴുള്ള വീട് എന്റെ വീടായി മാറി. അതുപോലെ തിട്ടമംഗലത്തുള്ള അമ്മൂമ്മയുടെ വീട്ടിലും ഒരുപാട് ഓർമകളുണ്ട്.

കോളജ് പഠനത്തിനുശേഷം  മുംബൈയിലേക്ക്  ചേക്കേറി. അവിടെ അമ്മയുടെ സഹോദരനും കുടുംബത്തിനുമൊപ്പം  ആറു വർഷത്തോളം താമസിച്ചു. പല സ്വകാര്യ കമ്പനികളിലും ജോലി നോക്കി. പക്ഷേ അതിലൊന്നും ഞാൻ സന്തോഷവാനായിരുന്നില്ല. ക്രിയേറ്റിവ് ആയി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം ഉള്ളിൽ അലയടിച്ചു. ഞാൻ കൊച്ചിയിലുള്ള കസിനോട് കാര്യം പറഞ്ഞു. അവൾ പിന്തുണച്ചു. അങ്ങനെ ഞാൻ ജോലി രാജിവച്ചു കൊച്ചിയിലേക്ക് തിരിച്ചു വന്നു. ഇപ്പോൾ പനമ്പിള്ളി നഗറിൽ കസിനൊപ്പമാണ് താമസിക്കുന്നത്. 

 

shyam-mohan

യൂട്യൂബിലേക്ക്...

ഞാൻ സ്മ്യൂളിലും ടിക് ടോക്കിലും സജീവമായിരുന്നു. അതുവഴി ഒരു ടിവി പരിപാടിയിൽ അവസരം ലഭിച്ചു. ആ സമയത്താണ് പൊന്മുട്ടയിലേക്ക് അതിന്റെ പ്രൊഡ്യൂസർ ലിജു വിളിക്കുന്നത്. അങ്ങനെ തുടങ്ങിയ യാത്ര  ഇപ്പോൾ സ്വയം തിരക്കഥ രചിച്ച വെബ് സീരിസിലെത്തി നിൽക്കുന്നു.

 

ഇനിയും സ്വപ്നങ്ങളുണ്ട്...

ജീവിതത്തിൽ കഴിവതും ഹാപ്പി ആയി ഇരിക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ. ആദ്യമായി പരിചയപ്പെടുന്ന പലർക്കും ഞാൻ കടന്നുവന്ന വിഷമതകൾ അറിയില്ല. സ്വന്തമായി ഒരു സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുക എന്നത് ഒരു സ്വപ്നമാണ്. ഇപ്പോൾ ഞാൻ സിംഗിളാണ്. ഒരു കുടുംബമൊക്കെ ആയി, പുതിയ ഒരു വീട് വച്ചു താമസിക്കുന്നതൊക്കെ ബക്കറ്റ് ലിസ്റ്റിൽ ഉള്ള കാര്യങ്ങളാണ്. വരുന്നിടത്തു വച്ച് കാണാം എന്നൊരു ലൈനിലാണ് ഞാൻ മുന്നോട്ടുപോകുന്നത്.

 

English Summary- YouTube Web Series Actor Shyam Mohan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com