റബർഷീറ്റിന് ഡിമാൻഡ് കുറവ്, അമേരിക്കയും പ്രശ്നം; കുരുമുളകു വില കുറഞ്ഞു: ഇന്നത്തെ (19/2/25) അന്തിമ വില

Mail This Article
ബാങ്കോക്കിൽ റബർവില വീണ്ടും ഉയർന്നെങ്കിലും ഉൽപാദകരാജ്യങ്ങളുടെ കണക്കൂകൂട്ടലിനൊത്ത് ഷീറ്റിന് ഡിമാൻഡ് വർധിക്കുന്നില്ല. ഓഫ് സീസണിലേക്ക് തിരിയുന്നതിനാൽ കയറ്റുമതി രാജ്യങ്ങൾ കൂടിയ വിലയ്‌ക്കു വേണ്ടി ശ്രമം നടത്തി. എന്നാൽ ഏഷ്യയിലെയും യൂറോപ്പിലെയും ടയർ നിർമാതാക്കളുടെ തണുപ്പൻ മനോഭാവത്തിനു പിന്നിൽ രാജ്യാന്തര അവധി വ്യാപാരത്തിലെ തളർച്ച തന്നെയാണ്. യെന്നിന്റെ വിനിമയ മൂല്യത്തിലെ ചാഞ്ചാട്ടം ഒരു വിഭാഗം നിക്ഷേപകരെ റബറിൽ വിൽപ്പനക്കാരാക്കി. ഒസാക്ക എക്‌സ്‌ചേഞ്ചിൽ മേയ് അവധി വില കിലോ 369 യെന്നിലേക്ക് ഇന്ന് ഇടിഞ്ഞു. ഓട്ടോ മേഖലയുമായി ബന്ധപ്പെട്ട് പുതുക്കിയ താരീഫ് നിരക്കുകൾ ഏർപ്പെടുത്താനുള്ള അമേരിക്കൻ നീക്കവും ആഗോള റബർ വിപണികളെ പിടിച്ചുലച്ചു. സംസ്ഥാനത്ത് വരൾച്ച രൂക്ഷമായതോടെ മലയോര മേഖലകളിൽ നേരത്തെ റെയിൻഗാർഡ് ഇട്ട ഒട്ടുമിക്ക തോട്ടങ്ങളിൽനിന്നും ഉൽപാദകർ പിന്മാറി. അതേസമയം മഴമറയിടാതെ വൈകി റബർ വെട്ടു തുടങ്ങിയ പല തോട്ടങ്ങളിലും ടാപ്പിങ് നടക്കുന്നുണ്ടെങ്കിലും യീൽഡ് നന്നേ കുറഞ്ഞു. സംസ്ഥാനത്തെ പ്രമുഖ വിപണികളിൽ ഏതാനും ദിവസങ്ങളായി നാലാം ഗ്രേഡ് ഷീറ്റ് കിലോ 190 രൂപയിലാണ്.
നോമ്പു കാലം അടുത്തതോടെ ഏലക്കയ്‌ക്ക് ആഭ്യന്തര മാർക്കറ്റിലും ആവശ്യക്കാർ കൂടുതായി എത്തിത്തുടങ്ങി. അറബ് രാജ്യങ്ങൾ നേരത്തെ തന്നെ ചരക്ക് സംഭരണത്തിന് തുടക്കം കുറിച്ചിരുന്നു. ഇതിനിടെ ഉയർന്ന താപനില കണ്ട് പല ഭാഗങ്ങളിലും വിളവെടുപ്പിൽനിന്നു കർഷകർ പിൻതിരിഞ്ഞതിനാൽ വിപണി നിയന്ത്രണം സ്റ്റോക്കിസ്റ്റുകളിലേക്ക് ഒതുങ്ങുന്ന അവസ്ഥയാണ്. രാവിലെ ഉൽപാദകമേഖലയിൽ നടന്ന ലേലത്തിൽ 39,510 കിലോഗ്രാം ഏലക്ക വിൽപ്പനയ്‌ക്ക് എത്തി. ആഭ്യന്തര ഇടപാടുകാർ ലേലത്തിൽ നിറഞ്ഞുനിന്നിട്ടും ശരാശരി ഇനങ്ങളുടെ വില 2763 രൂപയായി താഴ്‌ന്നു. വലുപ്പം കൂടിയ ഇനങ്ങൾ 3228 രൂപയിൽ ലേലം കൊണ്ടു.

കൊച്ചി ടെർമിനൽ വിപണിയിൽ ഇന്ന് 51 ടൺ കുരുമുളക് വിൽപ്പനയ്‌ക്കു വന്നു. നീണ്ട ഇടവേളയ്‌ക്കു ശേഷമാണ് 50 ടണ്ണിനു മുകളിൽ ചരക്ക് വിൽപ്പനയ്‌ക്ക് ഇറക്കുന്നത്. വിളവെടുപ്പ് പുരോഗമിക്കുന്നതിനാൽ കാർഷിക മേഖലയിൽ പണത്തിനു ഞെരുക്കം അനുഭവപ്പെടുന്നുണ്ട്. പണിക്കൂലിയും മറ്റു ചെലവുകളും മുൻ നിർത്തി മധ്യകേരളത്തിലെയും മറ്റു ഭാഗങ്ങളിലെയും കർഷക കുടുംബങ്ങൾ പുതിയ ചരക്ക് വിൽപ്പന നടത്തി. അന്തർസംസ്ഥാന വാങ്ങലുകാർ അവസരം പ്രയോജനപ്പെടുത്തി ക്വിന്റലിന് 200 രൂപ ഇടിച്ച് 65,400 രൂപയ്ക്കാണ് കുരുമുളക് ശേഖരിച്ചത്.