വാണിജ്യമന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ കുരുമുളകിനു നേട്ടമാകും: ഇന്നത്തെ (24/2/25) അന്തിമ വില

Mail This Article
മൂല്യവർധിതമാക്കാൻ ഇറക്കുമതി നടത്തുന്ന കുരുമുളക് ആറു മാസത്തിനകം റീ ഷിപ്പ്‌മെന്റ് നടത്താൻ ആവശ്യമായ മാറ്റങ്ങൾ ഇറക്കുമതിനയത്തിൽ വരുത്തുമെന്ന കേന്ദ്ര വാണിജ്യമന്ത്രിയുടെ വെളിപ്പെടുത്തൽ ദക്ഷിണേന്ത്യൻ കുരുമുളക് ഉൽപാദകർക്ക് ആശ്വാസം പകരും. നേരത്തെ ഇറക്കുമതിക്കാർക്ക് ഒരു വർഷം വരെ കാലാവധി ലഭിച്ചിരുന്നതിനാൽ എത്തിക്കുന്ന മുളക് ആഭ്യന്തര മാർക്കറ്റിൽ വിറ്റഴിക്കുന്ന സ്ഥിതിയായിരുന്നു. അതേസമയം പിന്നിട്ട വർഷങ്ങളിൽ എത്ര ടൺ കുരുമുളക് ഇറക്കുമതി നടത്തിയെന്നോ, അതിൽ എത്രമാത്രം തിരിച്ചു കയറ്റിയെന്നത് സംബന്ധിച്ച് വ്യക്തമായ കണക്കുകൾ ഇനിയും പുറത്തുവന്നിട്ടില്ല. അനിയന്ത്രിതമായ അളവിൽ കുരുമുളക് ശ്രീലങ്കയിൽനിന്ന് ഇറക്കുമതി നടത്തുന്നുണ്ട്. മറ്റു രാജ്യങ്ങളിൽനിന്നും വരവ് ശക്തമാണ്. വിവിധ തുറമുഖങ്ങൾ വഴിയുള്ള ഇറക്കുമതി കണക്കുകൾ കൂടി പുറത്തുവന്നാൽ മാത്രമേ കൃഷി വികസിപ്പിക്കുന്നതിന്റെ പ്രയോജം കർഷകരിലേക്ക് എത്തൂ.

രാജ്യാന്തര റബർ വിപണിയിൽ രണ്ടാഴ്‌ച്ചയായി നിലനിൽക്കുന്ന മാന്ദ്യം ഇനിയും വിട്ടുമാറിയില്ല. ഒരു വശത്ത് യെൻ കൂടുതൽ കരുത്തു നേടുന്നതും മറുവശത്ത് ചൈനീസ് വ്യവസായികളിൽനിന്നും റബറിനുള്ള ആവശ്യം ചുരുങ്ങിയതും അവധി വ്യാപാരത്തിൽ ഇടപാടുകളുടെ വ്യാപ്‌തി ചുരുങ്ങാൻ ഇടയാക്കി. ലൂണാർ പുതുവത്സരാഘോഷങ്ങൾ ചൂടുപിടിച്ചു നിന്നിട്ടും കഴിഞ്ഞമാസം ചൈനീസ് വാഹന വിൽപ്പന കുറഞ്ഞത് ടയർ മേഖലയിൽ നിന്നും റബറിനുള്ള ആവശ്യം കുറച്ചു. ഇറക്കുമതി രാജ്യങ്ങളുടെ പിന്തുണ ചുരുങ്ങിയതിനാൽ ബാങ്കോക്കിൽ റബർ വില ഇന്ന് താഴ്‌ന്നു. വാരാന്ത്യ ദിനം കിലോ 377 യെന്നിൽ ഇടപാടുകൾ നടന്ന ഒസാക്ക എക്‌സ്‌ചേഞ്ചിൽ നിരക്ക് 369 യെന്നിലേക്ക് ഇന്ന് ഇടിഞ്ഞതും ഉൽപാദകരാജ്യങ്ങളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. സംസ്ഥാനത്തെ വിപണികളിൽ വിൽപ്പനക്കാരുടെ അഭാവം നിലനിന്നതിനാൽ നാലാം ഗ്രേഡ് കിലോ 192 രൂപയിൽ വ്യാപാരം നടന്നു.
വണ്ടൻമേട് വാരാദ്യം നടന്ന ഏലക്ക ലേലത്തിൽ ആഭ്യന്തര വ്യാപാരികളും കയറ്റുമതി സമൂഹവും ചരക്കിനായി മത്സരിച്ചു. കാലാവസ്ഥ മാറ്റം ഉൽപാദനത്തെ കാര്യമായി ബാധിക്കുന്നതിനാൽ ലഭ്യമായ ചരക്ക് വാങ്ങലുകാർ പരമാവധി ശേഖരിക്കുകയാണ്. മൊത്തം 55,140 കിലോ ഏലക്ക വിൽപ്പനയ്‌ക്കു വന്നതിൽ 51,847 കിലോയും ലേലം കൊണ്ടു. മികച്ചയിനങ്ങൾ കിലോ 3251 രൂപയിലും ശരാശരി ഇനങ്ങൾ കിലോ 2835 രൂപ. ഉത്തരേന്ത്യയിലെ വൻകിട സുഗന്ധവ്യഞ്‌ജന സ്റ്റോക്കിസ്റ്റുകൾ ഉൽപാദന മേഖലകളിലെ ഓരോ ചലനങ്ങളും സസൂക്ഷ്‌മം നിരീക്ഷിക്കുകയാണ്. ഉൽപാദന മേഖലയിൽ ഇന്നു നടന്ന രണ്ടു ലേലങ്ങളിലായി ഏകദേശം 93,000 കിലോഗ്രോം ഏലക്ക വിൽപ്പനയ്‌ക്ക് ഇറങ്ങി.
ജില്ല തിരിച്ചുള്ള വിലകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക