ADVERTISEMENT

രാജ്യാന്തര റബർ വില വീണ്ടും ഇടിഞ്ഞു. ജപ്പാൻ എക്‌സ്‌ചേഞ്ചിൽ റബർ അവധി ഏഴ്‌ മാസത്തെ ഏറ്റവും താഴ്‌ന്ന നിലവാരത്തിൽ  ഇടപാടുകൾ നടന്നു. ടയർ നിർമ്മാതാക്കളിൽ നിന്നും ഇതര വ്യവസായികളിൽ നിന്നുമുള്ള ആവശ്യം ചുരുങ്ങിയത്‌ നിക്ഷേപകരെ ബാധ്യതകൾ വിറ്റുമാറാൻ പ്രേരിപ്പിച്ചതോടെ ഒസാക്ക എക്‌സ്‌ചേഞ്ചിലും സിംഗപ്പുരിലും ചൈനയിലും ഉൽപ്പന്ന വില താഴ്‌ന്നു. ജപ്പാനിൽ കിലോ 326 യെൻ വരെ ഇടിഞ്ഞ്‌ ഇടപാടുകൾ നടന്നു. ഇതിനിടയിൽ വിനിമയ വിപണിയിൽ ഡോളറിന്‌ മുന്നിൽ യെന്നിൻറ മൂല്യം അഞ്ച്‌ മാസത്തെ ഏറ്റവും മികച്ച തലമായ 147 ലേയ്‌ക്ക്‌ ചുവടുവെച്ചെങ്കിലും ഈ മാസം നടക്കുന്ന വായ്‌പ്പാ അവലോകനത്തിൽ നിരക്കുകളിൽ ഭേദഗതികൾക്കുള്ള സൂചനകൾ ബാങ്കോക്കിലും റബറിൽ പ്രകമ്പനമുളവാക്കി. 

commodity-march-11

തായ്‌ മാർക്കറ്റിൽ ഷീറ്റ്‌ വില ഇടിഞ്ഞങ്കിലും ഏറെ നിർണ്ണായകമായ 200 രൂപയിൽ പിടിച്ചു നിന്നു. കേരളത്തിൽ നാലാം ഗ്രേഡ്‌ കിലോ 194 രൂപയായി ഉയർന്നു, സ്‌റ്റോക്കിസ്‌റ്റുകളും ഉൽപാദകരും വിപണിയുടെ ചലനങ്ങൾ അനുദിനം നിരീക്ഷിക്കുന്നു, സമീപ ഭാവിയിൽ ഉൽപ്പന്ന വിലയിൽ നേരിയ പുരോഗതി പ്രതീക്ഷിച്ച്‌ വിൽപ്പന നിയന്ത്രിച്ചു. 

 വിയറ്റ്നാം വെള്ള കുരുമുളക്‌ വില ടണ്ണിന്‌ 10,000 ഡോളറായി ഉയർത്തി. പിന്നിട്ട അഞ്ച്‌ വർഷത്തിനിടയിൽ ആദ്യമായാണ്‌ അവരുടെ നിരക്ക്‌ അഞ്ചക്കത്തിലേക്ക്  പ്രവേശിക്കുന്നത്‌. ആഗോള തലത്തിൽ കുരുമുളക്‌ ക്ഷാമം രൂക്ഷമായത്‌ ക്വട്ടേഷൻ നിരക്ക്‌ ഉയർത്താൻ ഉൽപാദന രാജ്യങ്ങളെ പ്രേരിപ്പിക്കുന്നു. രാജ്യാന്തര മാർക്കറ്റിൽ മലേഷ്യ 12,300 ഡോളറും ഇന്തോനേഷ്യ10,300 ഡോളറുമാണ്‌ വൈറ്റ്‌ പെപ്പറിന്‌ രേഖപ്പെടുത്തിയത്‌. ഇതിനിടയിൽ ഇന്നലെ കൊച്ചിയിൽ ക്വിൻറ്റലിന്‌ 700 രൂപയുടെ മികവിൽ 68,900 രൂപയിൽ വ്യാപാരം അവസാനിച്ച ഗാർബിൾഡ്‌ മുളക്‌ വില ഇന്ന്‌ 300 രൂപ വർധിച്ച്  69,300 ലേക്ക്  ഉയർന്നു.   

നാളികേരോൽപ്പന്നങ്ങളുടെ വില വീണ്ടും വർധിച്ചു. കാങ്കയത്ത്‌ വെളിച്ചെണ്ണ വില ക്വിൻറ്റലിന്‌ 300 രൂപ ഉയർന്ന്‌ 22,400 ലേയ്‌ക്ക്‌ കയറി. തമിഴ്‌നാട്‌ എണ്ണ വിപണിയിലെ ചൂട്‌ പക്ഷ കൊപ്ര മാർക്കറ്റിൽ അനുഭവപ്പെട്ടില്ല, കൊപ്രയ്‌ക്ക്‌ 50 രൂപ മാത്രമാണ്‌ മില്ലുകാർ ഉയർത്തിയത്‌. കൊച്ചിയിൽ വെളിച്ചെണ്ണ വില 100 രൂപയുടെ നേട്ടത്തിൽ 23,200 രൂപയായി. ദക്ഷിണേന്ത്യൻ കാർഷിക മേഖലകളിൽ പച്ചതേങ്ങ ക്ഷാമം വിട്ടുമാറിയില്ല. 

ഉൽപാദന മേഖലയിൽ രാവിലെ നടന്ന ഏലക്ക ലേലത്തിൽ ആഭ്യന്തര വിദേശ വാങ്ങലുകാരുടെ ശക്തമായ പിൻതുണ ഉറപ്പ്‌ വരുത്താനായെങ്കിലും വിലയിൽ കാര്യമായ വ്യതിയാനമില്ല. ശരാശരി ഇനങ്ങൾ കിലോ 2742 രൂപയിൽ കൈമാറി, അതേ സമയം വിദേശ ഓർഡറുകളുടെ കരുത്തിൽ മികച്ചയിനങ്ങൾ 3081 രൂപയിൽ ലേലം ഉറപ്പിച്ചു. മൊത്തം 46,042 കിലോഗ്രാം ഏലക്ക വന്നതിൽ 45,225 കിലോയും വിറ്റഴിഞ്ഞു. പകൽ താപനില രൂക്ഷമായതോടെ ഹൈറേഞ്ചിലെ പല തോട്ടങ്ങളും കടുത്ത വരൾച്ചയെ അഭിമുഖീകരിക്കുകയാണ്‌. 

English Summary:

International rubber prices continue to fall due to decreased demand. However, rising prices in pepper, coconut, and cardamom markets highlight the volatility of agricultural commodities.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com