ADVERTISEMENT

യജമാനന്റെ ഒപ്പം നടക്കാൻ ഇഷ്ടപ്പെടുന്നവരാണ് നായ്ക്കൾ. ഉടമയുടെ മുഖഭാവം നോക്കി പലതും തിരിച്ചറിയുന്നവർ. അങ്ങനെയുള്ള ഈ നായ്ക്കൾക്ക് സംസാരിക്കാൻ കഴിവുണ്ടായിരുന്നെങ്കിൽ അവർ എന്തൊക്കെയായിരിക്കും സംസാരിക്കുക? അത്തരത്തിൽ മനസിൽ തോന്നിയ ചെറിയ ആശയം യുട്യൂബ് വെബ് സീരിസായപ്പോൾ പ്രേക്ഷകർ ആവേശത്തോടെ സ്വീകരിച്ച കഥയാണ് കോട്ടയം പാലാ മാനത്തൂർ സ്വദേശി കടുകുംമാക്കൽ ലിനു ഷാജന് പറയാനുള്ളത്. ലോക്‌ഡൗണിന്റ ആരംഭത്തിൽ ഒരു നായ്ക്കുട്ടിയെ ബേസിക് കാര്യങ്ങൾ പരിശീലിപ്പിക്കുന്ന ലിനുവിന്റെ വിഡിയോ യുട്യൂബിൽ വൈറലായതോടെയാണ് പുതിയ പുതിയ ആശയങ്ങൾ ലിനുവിന്റെ മനസിലേക്ക് ഓടിയെത്തിയത്. അന്നത്തെ ആ കുഞ്ഞു നായയെ ചുറ്റിപ്പറ്റി പല കഥകളും മെനഞ്ഞെടുത്തപ്പോൾ ഒപ്പം തുണയായി നിന്നത് ഭാര്യ നിമിഷയാണ്.

പറഞ്ഞുവരുന്നത് പപ്പിക്കുട്ടൻ എന്നു പേരിട്ടിരിക്കുന്ന ഒരു നായ്ക്കുട്ടിയുടെയും അവന്റെ ഉടമയുടെയും കഥയാണ്. ഇരുവർക്കും ഇപ്പോൾ ആരാധകരേറെയാണ്. ആറു മാസം പ്രായമുള്ള പപ്പിക്കുട്ടൻ സ്പിറ്റ്സ്–നാടൻ സങ്കരമാണ്. ഒരു ബന്ധുവാണ് ലിനുവിന് അവനെ സമ്മാനിച്ചത്. മുമ്പ് വീട്ടിലുണ്ടായിരുന്ന ഒരു നായ്ക്കുട്ടി ചത്തുപോയതിന്റെ വിഷമത്തിലായിരുന്ന ലിനുവിനും നിമിഷയ്ക്കും പുതിയ ആളെ വല്ലാതങ്ങ് ഇഷ്ടപ്പെട്ടു. നഷ്ടപ്പെട്ട നായയുടെ ഏകദേശ രൂപം പുതിയ കുഞ്ഞിനുണ്ടായിരുന്നതുകൊണ്ട് ആ സ്നേഹത്തിന് ആഴം കൂടി. വിളിക്കാനെളുപ്പത്തിനൊരു പേരുമിട്ടു–പപ്പി. അത് ക്രമേണ പപ്പിക്കുട്ടനായി.

linu-and-puppy

ഫ്രീലാൻസ് വെബ് ഡെവലപ്പറാണ് ലിനു. നിമിഷയും വെബ് ഡെവലപ്പർതന്നെ. ഫ്രീലാൻസ് ആയതിനാൽ വീടുതന്നെ ഓഫീസ്. അതുകൊണ്ട് ഒഴിവുസയമങ്ങളിൽ പപ്പിക്കുട്ടനും കൂടെ കാണും. അങ്ങനെയിരിക്കെ ബേസിക് ട്രെയിനിങ് നൽകുന്ന വിഡിയോ ഷൂട്ച് ചെയ്ത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു. വലിയ സ്കൂളിലൊന്നും ചേർക്കാതെതന്നെ ആർക്കും നായ്ക്കുട്ടികളെ പരിശീലിപ്പിക്കാം എന്ന് ഒട്ടേറെ പേർ ലിനുവിന്റെ വീഡിയോയിലൂടെ മനസിലാക്കി. അതുകൊണ്ടുതന്നെ ആ വിഡിയോയുടെ വ്യൂസ് കൂടി. പിന്നീട് ഓരോ ട്രിക്ക് പഠിപ്പിക്കുമ്പോഴും അത് പകർത്തി യുട്യൂബിൽ ഇടാൻ തുടങ്ങി. അത്തരം വിഡിയോകൾക്കെല്ലാം മികച്ച പ്രേക്ഷക പ്രതികരണങ്ങൾകൂടി ലഭിച്ചപ്പോൾ പിന്നീട് പപ്പിക്കുട്ടനെ ചുറ്റിപ്പറ്റിയായി വിഡിയോകൾ. പപ്പിക്കുട്ടനും ലിനുവും കാമറയുടെ മുന്നിൽ വരുമ്പോൾ കാമറയുടെ പിന്നിൽ നമിഷയുണ്ട്.

ഡെയിലി ടിപ്സ് എന്നാണ് ലിനുവിന്റെ യുട്യൂബ് ചാനലിന്റെ പേര്. പപ്പിക്കുട്ടൻ എത്തിയതിൽപ്പിന്നെ സബ്സ്ക്രൈബേഴ്സിന്റെ എണ്ണവും കൂടി. കൂടുതൽപേരും പപ്പിക്കുട്ടന്റെ വികൃതികളും സ്വഭാവവും കാണാനും പരിശീലന രീതികൾ അറിയാനുമാണ് ഈ ചാനൽ തിരഞ്ഞെടുക്കുന്നത്. പ്രേക്ഷകരുടെ നിർദേശങ്ങൾ അനുസരിച്ച് പുതിയ കമാൻഡുകൾ പപ്പിക്കുട്ടനെ പഠിപ്പിക്കുന്നുമുണ്ട്. ഇത്രയൊക്കെ ട്രെയിനിങ് സ്വന്തം നായയ്ക്കു കൊടുക്കുന്നുണ്ടെങ്കിലും അവ നായ്ക്കുട്ടി കൃത്യമായി പഠിക്കുന്നുണ്ടെങ്കിലും ശ്വാന പരിശീലനത്തിൽ ലിനു പരിശീലനമൊന്നും നേടിയിട്ടില്ല. യുട്യൂബിൽ ഒട്ടേറെ പരിശീലകരുടെ വിഡിയോകൾ കണ്ടാണ് ഓരോ കമാൻഡും പപ്പിക്കുട്ടനെ പഠിപ്പിക്കുന്നത്. പറഞ്ഞുനൽകുന്ന കാര്യങ്ങൾ അതിവേഗം പഠിച്ചെടുക്കാൻ പപ്പിക്കുട്ടനും മിടുക്കനാണ്. അതുകൊണ്ടുതന്നെ പഠിപ്പിക്കാനുള്ള ആവേശം കൂടും. ഒരു കമാൻഡ് പഠിച്ചെടുക്കാൻ പപ്പിക്കുട്ടന് ഏകദേശം അര മണിക്കൂർ മതിയെന്ന് ലിനു പറയുന്നു.

linu-and-puppy-3

വെബ് സീരിസിനു പിന്നിൽ

നായയുടെ മനസിലുള്ള കാര്യങ്ങൾ ഇങ്ങനെയൊക്കെ ആകാമെന്ന് ചിന്തിച്ചപ്പോഴാണ് നായയുടെ സംസാരം പോലെ വെബ് സീരിസ് ചെയ്യാമെന്ന് മനസിൽ തോന്നിയത്. ആശയം നിമിഷയുടേതാണ്. നിമിഷതന്നെയാണ് പപ്പിക്കുട്ടന്റെ ചിന്തകൾക്ക് ശബ്ദം നൽകുന്നതും. 

പപ്പിക്കുട്ടന്റെ ഓരോ ചലനങ്ങളും വികൃതികളും പകർത്തിയതിനുശേഷമാണ് പല ആശയങ്ങളും ഇരുവരുടെയും മനസിലേക്ക് എത്തുന്നതുതന്നെ. അനുയോജ്യമായ ഇണയെ കണ്ടെത്താൻ ഇന്റർനെറ്റ് തപ്പുന്നതും പൂച്ച കളിയാക്കിയതിന്റെ പേരിൽ കുഴലുപയോഗിച്ച് വാൽ നിവർത്താൻ ശ്രമിക്കുന്നതും ബുൾസ്ഐക്ക് വേണ്ടി അടിപിടിയുണ്ടാക്കുന്നതും നിധി തേടി പോകുന്നതും ഓണവും എല്ലാം വെബ് സീരീസിൽ വിഷയങ്ങളായിട്ടുണ്ട്. ഇരുവരുടെയും സംഭാഷണങ്ങളും വികൃതികളും ആരുടെയും മനം കവരും. ചുരുണ്ട വാൽ നേരയാക്കാൻ ശ്രമിക്കുന്ന പപ്പിക്കുട്ടന്റെ വിഡിയോ ചുവടെ

ആഴ്ചയിൽ ഒന്ന് എന്ന രീതിയിലാണ് വെബ് സീരീസ് അപ്‌ലോ‍ഡ് ചെയ്യുന്നത്. ഇതുവരെ എട്ട് എപ്പിസോഡുകൾ ഇറക്കിയിട്ടുണ്ട്. 

അ‍ച്ഛൻ, അമ്മ, ഭാര്യ എന്നിവരടങ്ങുന്നതാണ് ലിനുവിന്റെ കുടുംബം. വീട്ടിലെ ഒരംഗത്തേപ്പോലെ ഗമയിൽ പപ്പിക്കുട്ടനും എല്ലാവരുടെയുമൊപ്പം ഉണ്ടാകും. 

puppy
പപ്പിക്കുട്ടൻ

ഇനി പപ്പിക്കുട്ടനിലേക്ക്

നേരത്തെ സൂചിപ്പിച്ചതുപോലെ സ്പിറ്റ്സ്–നാടൻ സങ്കരമാണ് പപ്പിക്കുട്ടൻ. പപ്പി എന്നാണ് പേരിട്ടിരിക്കുന്നതെങ്കിലും ഓമനിച്ചു വിളിച്ച് പേര് കുറച്ചുകൂടിയങ്ങു വളർന്ന് പപ്പിക്കുട്ടൻ എന്നായി. ഇപ്പോൾ ആറു മാസം പ്രായം. 

ഡോഗ് ഫുഡ്, ചോറ്, മീൻ തുടങ്ങിയവയാണ് പപ്പിക്കുട്ടന്റെ മെനുവിലുള്ളത്. ഇതുവരെ 15ൽപ്പരം കമാൻഡുകൾ പപ്പിക്കുട്ടൻ പഠിച്ചിട്ടുണ്ട്. അവയെല്ലാം ഒരു വിഡിയോയിൽതന്നെ ലിനു അവതരിപ്പിച്ചിട്ടുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com