ADVERTISEMENT

അർധരാത്രി അജ്ഞാതജീവിയിൽ നിന്നുണ്ടായ അപ്രതീക്ഷിത ആക്രമണത്തിൽ അന്നനാളം തകർന്ന് മരണത്തെ മുഖാമുഖം കണ്ട തത്തയ്ക്ക് പരിചരണവും, തക്കസമയത്ത് ഏറ്റവും മികച്ച ചികിത്സയും ഉറപ്പാക്കി മിണ്ടാപ്രാണികളോടുള്ള  കരുണയുടെയും കരുതലിന്റെയും പുതുമാതൃകയായിരിക്കുകയാണ് കോഴിക്കോട്ടെ ഒരു കുടുബം.

∙ തത്തയ്ക്കു പരുക്കേറ്റ കഥ

കോഴിക്കോട് ഓമശ്ശേരി പഞ്ചായത്തിലെ വെളിമണ്ണ സ്വദേശിയായ യൂസഫിന്റെ വീട്ടിൽ പരിപാലിക്കുന്ന തത്തയ്ക്ക് നേരെയാണ് അർധരാത്രിയിൽ അജ്ഞാതജീവിയുടെ ആക്രമണമുണ്ടായത്. കൂട്ടിൽ നിന്നും തത്തയുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് വീട്ടുകാർ പുറത്തേക്ക് ഓടിയെത്തുമ്പോഴേക്കും ആക്രമിച്ച ജീവി രക്ഷപ്പെട്ടിരുന്നു.

parrot-02

കൂടിന്റെ കമ്പികൾക്കിടയിലൂടെ കൈകൾ അകത്ത് കടത്തിയാണ് ആക്രമിച്ചത്. തത്തയുടെ കഴുത്തിലെ തൂവലുകളും പൂടയും അപ്പാടെ പറിഞ്ഞുമാറിയിരുന്നു, അല്പം രക്തവും പൊടിഞ്ഞു. ഇതല്ലാതെ ആ സമയത്ത് തത്തയ്ക്ക് മറ്റു പ്രശ്നങ്ങൾ ഒന്നും ശ്രദ്ധയിൽ പെട്ടിട്ടുണ്ടായിരുന്നില്ല. എന്നാൽ പിറ്റെദിവസം രാവിലെ പതിവുപോലെ പാലും പഴവും തത്തയ്ക്ക് തീറ്റയായി നൽകിയപ്പോഴാണ് കഴിഞ്ഞ രാത്രിയുണ്ടായ അപകടത്തിന്റെ രൂക്ഷത മനസ്സിലായത്.

കൊക്കിനകത്താക്കിയ തീറ്റ വയറിനകത്തോട്ട് പോവാതെ അന്നനാളി വഴി അതേ പോലെ പുറത്തുചാടുന്നു. അതോടെ തത്തയ്ക്ക് കഴുത്തിന് ആഴത്തിൽ ഗുരുതര പരിക്കേറ്റിട്ടുണ്ടന്ന് യൂസഫിനും കുടുംബത്തിനും മനസ്സിലായി. നിയമപരമായി തത്തയെ വളർത്താൻ അനുമതിയില്ല, എങ്കിലും കൂടെകൂട്ടി, കാരണമുണ്ട് കഴിഞ്ഞ ആറുവർഷമായി യൂസഫിനും സഹധർമ്മിണി റംലയ്ക്കും മകൻ അജ്നാസിനും ഒപ്പം അരുമയായിവീട്ടിലെ ഒരംഗത്തെ പോലെ വളരുന്ന തത്തയാണ്.

∙ തത്തയ്ക്ക് കൂടൊരുക്കിയ കഥ

ആറുവർഷം മുന്നെ  ഗെയ്ൽ പ്രകൃതിവാതകം പൈപ്പ്  ലൈൻ പദ്ധതിക്ക് സ്ഥലമേറ്റെടുക്കുന്നതിന്റെ ഭാഗമായി പ്രദേശത്തെ കമുകുകൾ മുറിച്ചുനീക്കുന്ന സമയത്താണ് തറയിൽ വീണുകിടന്ന പറക്കമുറ്റാത്ത തത്തക്കുഞ്ഞിനെ യൂസഫിന് കിട്ടുന്നത്. വീട്ടിൽ കൊണ്ട് വന്ന് ശ്രദ്ധാപൂർവം പരിചരിച്ചാണ് അന്ന് ജീവൻ സംരക്ഷിച്ചത്.

കൂട്ടിൽ കൃത്രിമ ചൂട് നൽകാൻ ബൾബ് ഉൾപ്പെടെ സജ്ജമാക്കി ബ്രൂഡിങ് അടക്കം അന്നൊരുക്കി. യൂസഫിന്റെയും കുടുംബത്തിന്റെയും ശ്രമങ്ങൾ വെറുതെയായില്ല, ക്രമേണ ക്രമേണ തത്തക്കുഞ്ഞ് ആരോഗ്യം വീണ്ടെടുത്തു. തൂവലുകളും ചെഞ്ചുണ്ടുമെല്ലാം വളർന്ന് നല്ലൊരു സുന്ദരി തത്തയായി. എന്നാലും ചെറിയൊരു വൈകല്യം തത്തക്കുണ്ടായിരുന്നു, തുവലുകൾ വിടർത്തി പറക്കാൻ കഴിയില്ല എന്നതായിരുന്നു ആ പ്രശ്നം. അത് ഒരുപക്ഷേ പറക്കമുറ്റാത്ത പ്രായത്തിൽ കമുകിന്റെ മുകളിൽനിന്നുള്ള വീഴ്ചയിൽ സംഭവിച്ചതാകാം. വളർന്ന് വലുതായപ്പോഴും ആ വൈകല്യം മാറിയില്ല വന്യജീവി നിയമങ്ങൾ പ്രകാരം വീട്ടിൽ വളർത്താൻ നിയമപരമായി അനുമതിയില്ലാത്ത പക്ഷിയാണ് നാട്ടുതത്ത,

പക്ഷേ പറക്കാൻ കഴിയാത്ത തത്തയെ എങ്ങനെ പുറത്തുവിടും, പുറത്തുവിട്ടാൽ ആ മിണ്ടാപ്രാണിക്ക് എങ്ങനെ ഇര തേടാൻ കഴിയും. ഒരു കുഞ്ഞുജീവന്റെ ഭാവിയെക്കുറിച്ച്  ഓർത്തപ്പോൾ ആശങ്കകളും അധികളും ഏറെ. ആ ചിന്തയിൽ നിന്നാണ് തത്തയെ പുറത്തെങ്ങും വിടാതെ കൂടെ തന്നെ കൂട്ടാൻ യൂസഫും കുടുംബവും തീരുമാനിച്ചത്. ആ തീരുമാനം ഇന്ന് ആറുവർഷം പിന്നിടുമ്പോൾ തത്ത കുടുംബത്തിലെ ഒരംഗം തന്നെയായി മാറി. പറക്കാൻ കഴിയില്ലെങ്കിലും വീട്ടിലും കൂട്ടിലും ഒക്കെയായി അതോടിനടക്കും, ഇഷ്ടത്തോടെ നൽകുന്നതെല്ലാം കഴിക്കും,

ഇണക്കവും അടുപ്പവും സ്നേഹസാമീപ്യവും വേണ്ടതിലേറെ.. അങ്ങനെ പൊന്നുപോലെ പോറ്റി വളർത്തിയ തത്തയാണ് ഇപ്പോൾ ഗുരുതരമായ ഒരപകടത്തിൽ പെട്ടിരിക്കുന്നത്. വീട്ടിലെ ഒരരുമ എന്നതിലപ്പുറം വീട്ടിലെ ഓരോരുത്തരുടെയും ഹൃദയത്തിന്റെ ഭാഗമായി മാറിയ തത്തയുടെ ജീവൻ എന്ത് വിലകൊടുത്തായാലും രക്ഷിക്കണമെന്നായി യൂസഫും കുടുംബവും. മാത്രമല്ല, വർഷങ്ങളായി ഓമശ്ശേരി പഞ്ചായത്തിലെ പാലിയേറ്റിവ് പ്രവർത്തനങ്ങളുടെ സജീവ പ്രവർത്തകർ കൂടിയായ യൂസഫിന്റെ കുടുംബത്തിന് സ്വാന്തനപരിചരണം ജീവിതത്തിന്റെ ഭാഗമാണ്, അതിൽ മനുഷ്യരെന്നോ മിണ്ടാപ്രാണികളെന്നോ വേർതിരിവുകളില്ല.

നാട്ടിലെ മൃഗാശുപത്രിയിൽ എത്തിച്ചപ്പോൾ തത്തയുടെ അന്നനാളി ആഴത്തിൽ മുറിഞ്ഞ് പരിക്കേറ്റതായി വ്യക്തമായി. തുന്നിക്കൂട്ടാൻ പോലും കഴിയാത്ത വിധം സങ്കീർണമായിരുന്നു മുറിവ്. പ്രശ്നത്തിന്റെ ഗൗരവം മനസ്സിലായ വെറ്ററിനറി ഡോക്ടർ വിദഗ്ധ ചികിത്സയ്ക്കായി തത്തയെ കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് റഫർ ചെയ്തു. അങ്ങനെയാണ് സംസ്ഥാനത്തെ തന്നെ പ്രമുഖ പക്ഷിരോഗചികിത്സാവിദഗ്ധനായ ഡോ. പി.കെ.ശിഹാബുദ്ദീന്റെ കോഴിക്കോട് നഗരത്തിലുള്ള ക്ലിനിക്കിൽ തത്തയുമായി യൂസഫും കുടുംബവും എത്തുന്നത്.

ഏതുവിധേനയും തന്റെ തത്തയുടെ ജീവൻ രക്ഷിക്കണമെന്നായിരുന്നു യൂസഫിന്റെ ആവശ്യം. തത്തയുടെ പരിശോധിച്ച ഡോക്ടർ മുറിഞ്ഞ അന്നനാളത്തെ തുന്നിചേർക്കാനുള്ള ശസ്ത്രക്രിയ മാത്രമാണ് പരിഹാരമെന്ന് നിർദേശിച്ചു. പക്ഷേ കടമ്പ ഏറെയുണ്ടായിരുന്നു.

parrot-01

∙ ബാക്കിയായത് അന്നനാളിയുടെ നേർത്ത ഭാഗം മാത്രം- സസൂക്ഷ്മം സശ്രദ്ധം ഒന്നര മണിക്കൂർ ശസ്ത്രക്രിയ

മുറിഞ്ഞ ഭാഗങ്ങൾ രണ്ടറ്റവും ചേർന്ന് തുന്നിചേർക്കാൻ കഴിയാത്ത വിധത്തിൽ നേർത്ത പാളിമാത്രമായിരുന്നു  അന്നനാളത്തിന്റേതായി അവശേഷിച്ചിരുന്നത്. പക്ഷികളെ സംബന്ധിച്ച് അന്നനാളം താരതമ്യേന ചെറുതും അതീവ മൃദുലവുമായിരിക്കും. അന്നനാളത്തിന്റെ അറ്റത്താണ് പക്ഷികളുടെ തീറ്റ സംഭരണ സഞ്ചിയായ ക്രോപ്പ് സ്ഥിതി ചെയ്യുന്നത്. പക്ഷികളുടെ അന്നനാളിയുടെ തന്നെ വികസിച്ച ഭാഗമാണ് ക്രോപ്പ്. അതിന് ശേഷമാണ് യഥാർഥ ആമാശയം തുടങ്ങുന്നത്. പ്രോവെൻട്രിക്കുലസ്, ഗിസ്സാർഡ് എന്നിങ്ങനെ ആമാശത്തിന് രണ്ട് ഭാഗങ്ങൾ പക്ഷികൾക്കുണ്ട്, ഓരോ ഭാഗത്തിനും പ്രത്യേകം പ്രത്യേകം പ്രവർത്തനങ്ങളുമുണ്ട്.

അന്നനാളത്തിനേൽക്കുന്ന പരിക്കുകൾ ക്രോപ്പിനെയാണ് ആദ്യം ബാധിക്കുക. പിന്നെ ദഹനവ്യൂഹത്തെയാകെ തകരാറിലാക്കും. ഏതായാലും കുഞ്ഞു ജീവനെ കാക്കാൻ ശസ്ത്രക്രിയ നടത്താൻ ഡോക്ടർ ഉറച്ചു. പക്ഷികളുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകളിലും മറ്റു കേസുകളിലും വിദേശത്ത് നിന്നുൾപ്പെടെയുള്ള ചികിത്സാ പരിചയമുള്ള ഡോ. പി.കെ.ശിഹാബുദ്ദീന്റെ അനുഭവപരിചയവും ആത്മവിശ്വാസവും തീരുമാനത്തിന് തുണയായി. തത്തയെ അനസ്തീഷ്യ നൽകി പൂർണമായും മയക്കിയായിരുന്നു ശസ്തക്രിയ. അന്നനാളത്തിന്റെ മുറിഞ്ഞുപോയ പാളികൾ സസൂക്ഷ്മം വേർതിരിച്ച് അകത്തും പുറത്തും തുന്നലിട്ടായിരുന്നു ശസ്ത്രക്രിയ.

അന്നനാളിയുടെ ചില ഭാഗങ്ങൾ പൂർണമായും തകർന്നതിനാൽ ചിലയിടങ്ങളിൽ കുട്ടിയോജിപ്പിക്കൽ ദുഷ്കരമായിരുന്നു. ഒന്നര മണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയകരമായി കഴിഞ്ഞപ്പോഴും ഈ കുഞ്ഞു പക്ഷി ഇതുപോലൊരു സങ്കീർണ്ണാവസ്ഥയെ അതിജീവിക്കുമോ എന്ന സംശയം ഡോക്ടർക്ക് പോലും ഉണ്ടായിരുന്നു. മാത്രമല്ല, അപകടസമയത്ത് ധാരാളം രക്തം ശരീരത്തിൽ നിന്നും വാർന്നുപോയതും പ്രശ്നമായേക്കാം. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ഫ്ലൂയിഡ് തെറാപ്പി ഉൾപ്പെടെ മുൻകരുതലുകൾ ഡോക്ടർ സ്വീകരിച്ചിരുന്നു. 

∙ പുതുജീവിതത്തിലേക്ക് കൺതുറന്നു കുഞ്ഞു ജീവൻ

വൈകുന്നേരം ശസ്ത്രക്രിയ വേളയിൽ മയക്കിയ പക്ഷി മയക്കം വിട്ടുണരാൻ രാത്രി പതിനൊന്ന് കഴിഞ്ഞിരുന്നു. എന്തായിരിക്കും ചികിത്സയുടെ ആദ്യ ഫലമെന്നറിയാൻ പിറ്റേ ദിവസം പകൽ വരെ കാത്തിരിക്കേണ്ടിയിരുന്നു. ഒരു കുഞ്ഞു ജീവന്റെ തുടിപ്പിനെ കാക്കാൻ യൂസഫിന്റെയും കുടുംബത്തിന്റെയും കരുതലും ഡോ. പി.കെ. ശിഹാബുദ്ദീൻ എന്ന വിദഗ്ധ വെറ്ററിനറി ഡോക്ടറുടെ പ്രാഗത്ഭ്യവും ഒരുമിച്ചതോടെ  അദ്ഭുതം എന്ന പോലെ ആ കുഞ്ഞുജീവൻ പിറ്റെ ദിവസം പുതുജീവിതത്തിലേക്ക് കൺതുറന്നു.

രാവിലെ പതിവുപോലെ പാലും പഴവും നൽകിയപ്പോൾ ഇന്നലെയുടെ വേദനകൾ മറന്ന് കൊതിയോടെ കഴിക്കാൻ ഓടിയെത്തി, പഴവും പാലും കഴിക്കുമ്പോൾ യൂസഫിന്റെയും കുടുംബത്തിന്റെയും  ശ്രദ്ധ മുഴുവൻ തത്തയുടെ കഴുത്തിലായിരുന്നു. ഇല്ല, പ്രശ്നമൊന്നുമില്ല, കൊക്കിനകത്താക്കിയ തീറ്റ പ്രശ്നമൊന്നുമില്ലാതെ അന്നനാളി കടന്നുപോവുന്നുണ്ട്, അരുമയായ തത്ത അപകടത്തെ അതിജീവിച്ചതിന്റെ ആശ്വാസവും സന്തോഷവും വീട്ടിൽ നിറഞ്ഞു.

അപകടാവസ്ഥ തരണം ചെയ്തെങ്കിലും കുറച്ചുദിവസങ്ങൾ കൂടി മരുന്നും പരിചരണവും തുടരും, പഴത്തിന്റെ ചെറുകഷ്ണത്തിൽ നടുവിലായി ചെറിയൊരു കുഴിയുണ്ടാക്കി അതിൽ ആന്റിബയോട്ടിക് ഉൾപ്പെടെ മരുന്നുകൾ നിറച്ചാണ് നൽകുന്നത്. ഒരു കൊച്ചുകുരുന്നിന് മരുന്ന് നൽകുന്നതു പോലെ ക്ഷമ കാണിച്ചാലേ മരുന്ന് തത്തയുടെ അകത്ത് എത്തിക്കാനാവൂ. എങ്കിലും ഒരു കുഞ്ഞുജീവനെ പുതുജീവിതത്തിലേക്ക് ചേർത്തുപിടിക്കാൻ കഴിഞ്ഞതിന്റെ അളവറ്റ സംതൃപ്തിയിലാണ് യൂസഫും ഭാര്യ റംലയും മകൻ അജ്നാസും, ഒപ്പം തക്കസമയത്ത് ഏറ്റവും വിദഗ്ധ ചികിത്സ ഉറപ്പാക്കിയ ഡോക്ടറോട് കടപ്പാടുമേറെ.

English Summary:

Parrot's Life Saved by Family's Love and Expert Veterinary Care in Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com