ADVERTISEMENT

എല്ലാം നഷ്ടപ്പെട്ട് എല്ലാ ആർത്തികളുമൊടുങ്ങി മനസ്സുകൈവിട്ട്  അലറിച്ചിരിക്കുന്ന ചന്ത്രക്കാരനിൽ വേദിയിരുളുമ്പോൾ വെള്ളിത്തിരയിൽ മഴ ചിതറിത്തുടങ്ങുകയാണ്. അവിടെ നനഞ്ഞു കിടക്കുന്നൊരു റിക്ഷ. ദൂരെ നിന്ന് ഇപ്പോൾ ക്ഷീണിതനായ ആ റിക്ഷാക്കാരന്റെ ദുർബലമായ ചുമ.

 

കേശവദേവിന്റെ ‘ഓടയിൽ നിന്ന്’ എന്ന നോവലിലെ പപ്പുവാണ് കഥാപാത്രം. മലയാളം ഏറ്റവുമധികം വായിച്ചൊരു നോവലിന്റെ കരുത്തനായ നായകൻ. ഇപ്പോൾ കാണുന്ന പപ്പുവായിരുന്നില്ല പണ്ട്. അയാൾ തലയുയർത്തിയും നെഞ്ചുവിരിച്ചും റിക്ഷ വലിച്ചിരുന്നു. മലയാളകഥയുടെ വഴികളിൽ ആ റിക്ഷയുമായി അയാൾ തേരോട്ടം നടത്തിയിരുന്നു. 

 

ആരുമില്ലാത്ത പപ്പു. ഒന്നുമില്ലാത്ത പപ്പു. അയാൾ എല്ലാം നൽകി വളർത്തിയൊരു കുഞ്ഞുണ്ട്. ലക്ഷ്മി. അവൾക്കമ്മയുണ്ട്. ആ അമ്മയോ മകളോ പപ്പുവിന് ആരുമല്ല. പക്ഷേ അയാൾക്കെല്ലാമാണ്. മഴയിലുപേ ക്ഷിക്കപ്പെട്ട് അനാഥമായി കി‌ടക്കുന്ന പഴയ റിക്ഷയുടെ ചാരെ നിന്ന് കമ്പിളി പുതച്ച് പപ്പു പറയുന്നു: 

‘‘ഓടയിൽ നിന്ന് ഞാനന്ന് വാരിയെടുത്തത് ഒരു ജീവിതമായിരുന്നു’’.  ലക്ഷ്മിക്കും അവളുടെ  അമ്മയ്ക്കും അങ്ങനെ ഒരു  ജീവിതം കിട്ടി. പക്ഷേ പപ്പുവിന്  ആ ജീവിതം കിട്ടിയില്ല. 

 

ഒറ്റപ്പെട്ടുപോയ പപ്പു  ചോദിക്കുന്നു, സ്‌കൂളിലെ വാർഷികത്തിന് ലക്ഷ്‌മിയുടെ പാട്ട് കേൾക്കാൻ പോകണ്ടേയെന്ന്. വെള്ളിത്തിരയിൽ പഴയ ഓടയിൽ നിന്ന് സിനിമയിലെ  ലക്ഷ്‌മി പാടുകയാണ് അപ്പോൾ: ‘കാറ്റിൽ, ഇളം കാറ്റിൽ, ഒഴുകി വരും ഗാനം’.

 

അനാഥത്വവും രോഗവും വാർധക്യവും ചേർന്ന് പപ്പുവിനെ ദുർബലനാക്കിയിരിക്കുന്നു.  പരിഭവങ്ങളില്ലാതെ ജീവിതത്തിൽ നിന്നും വേദിയിൽ നിന്നും ചുമച്ചുചുമച്ച് ഇറങ്ങിപ്പോവുകയാണ് പപ്പു. നിസംഗമായി തുടരുന്ന ആ ചുമയുടെ ശബ്ദം തെരുവിൽ ബാക്കിയാക്കി ദൃശ്യങ്ങൾ മങ്ങുന്നു. ഉള്ളുലച്ച് ആ ചുമ പ്രതിധ്വനിക്കുന്നു. 

 

English Summary : Mohanlal As Rikshakkaran Pappu, Kadhyattam By Mohanlal, 10 Novel 10 Characters One And Only Actor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com