നോവലിന്റെ പേരില്‍ തടവ്, ടോയ്‍ലറ്റ് പേപ്പറില്‍ എഴുതി പ്രതികാരം; 83-ാം വയസ്സില്‍ അംഗീകാരം

Mail This Article
നോവല്‍ എഴുതിയതിന്റെ പേരില്‍ ഒരു വര്‍ഷം ജയിലില്‍ കിടക്കേണ്ടിവന്നിട്ടുണ്ട് കെനിയന്‍ എഴുത്തുകാരന്‍ ന്യൂയി വാ തിയോങ്ങോയ്ക്ക്. കെനിയയിലെ മാക്സികം സെക്യൂരിറ്റി പ്രിസണില്‍ വിചാരണയില്ലാതെ കഠിന തടവ്. എന്നു മോചനം ലഭിക്കും എന്നു പോലുമറിയാതെ കാരാഗൃഹത്തില്‍ കഴിഞ്ഞ നാളുകളില്‍ അദ്ദേഹം വെറുതെയിരുന്നില്ല. ടോയ്‍ലറ്റ് പേപ്പറില്‍ ഒരു നോവലെഴുതി. ഡെവിള്‍ ഓണ്‍ ദ് ക്രോസ്. ഗിക്കുയു എന്ന ആഫ്രിക്കന്‍ പ്രാദേശിക ഭാഷയില്‍ എഴുതിയ
ആദ്യത്തെ ആധുനിക നോവല്‍. അതിനു മുന്‍പ് ഇംഗ്ലിഷില്‍ അദ്ദേഹം നോവലുകളെഴുതിയിട്ടുണ്ട്. എ ഗ്രെയ്ന്‍ ഓഫ് വീറ്റ്, പെറ്റല്‍സ് ഓഫ് ബ്ലഡ് തുടങ്ങിയ കൃതികള്‍. എന്നാല്‍ മാതൃഭാഷയായ ഗിക്കുയുവില്‍ എഴുതാന്‍ തുടങ്ങിയതോടെയാണ് അദ്ദേഹം കെനിയന്‍ സര്‍ക്കാരിന്റെ കണ്ണിലെ കരടായത്. രാജ്യദ്രോഹിയും പിടികിട്ടാപ്പുള്ളിയും എതിര്‍ക്കപ്പെടേണ്ട വ്യക്തിയുമായത്. എന്നാല്‍, സര്‍ക്കാരിന്റെ എതിര്‍പ്പ് തിയോങ്ങോയുടെ ഇഛാശക്തി കൂട്ടുകയാണുണ്ടായത്.
ജയിലിനു പുറത്തിറങ്ങിയതോടെ ടോയ്‍ലറ്റ് പേപ്പറില്‍ എഴുതിയ നോവല്‍ പുറത്തുവന്നു. പിന്നീടദ്ദേഹം എഴുതിയതൊക്കെയും ഗിക്കുയു ഭാഷയില്‍ തന്നെ. സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനത്തിനു പലതവണ പരിഗണിക്കപ്പെട്ടിട്ടുള്ള തിയോങ്ങോ ഇപ്പോള്‍ 83-ാം വയസ്സില്‍ ബുക്കര്‍ സമ്മാനത്തിനുള്ള ലോങ് ലിസ്റ്റില്‍ എത്തിയിരിക്കുന്നു.
ദ് പെര്‍ഫക്റ്റ് നയന്‍ എന്ന നോവലാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 50,000 പൗണ്ട് സമ്മാനത്തുകയുള്ള പുരസ്കാരം എഴുത്തുകാരനും വിവര്‍ത്തകനുമായി തുല്യമായി വീതിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ദ് പെര്‍ഫക്ട് നയന്‍ ഗിക്കുയു ഭാഷയില്‍ എഴുതിയതും ഇംഗ്ലിഷിലേക്കു വിവര്‍ത്തനം ചെയ്തതും തിയോങ്ങോ തന്നെയാണ്. ഇതാദ്യമായാണ് ആഫ്രിക്കന്‍ പ്രാദേശിക ഭാഷയില്‍ എഴുതിയ ഒരു പുസ്തകം ബുക്കര്‍ സമ്മാനത്തിനു പരിഗണിക്കുന്നത്. എഴുത്തുകാരനും വിവര്‍ത്തകനും ഒരേയാള്‍ തന്നെയായതും ആദ്യമായിത്തന്നെ.
12 രാജ്യങ്ങളില്‍ നിന്നുള്ള 11 ഭാഷകളിലെ പുസ്തകങ്ങളാണ് ഇത്തവണ ബുക്കര്‍ സമ്മാനത്തിനുവേണ്ടി മത്സരിക്കുന്നത്. ഏപ്രില്‍ 22 ന് ആറു പുസ്തകങ്ങളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. ജൂണ്‍ രണ്ടിനായിരിക്കും അന്തിമ ഫലപ്രഖ്യാപനം.
തിയോങ്ങോയുടെ ദ് പെര്‍ഫക്ട് നയനിനു പുറമെ ലോങ്ലിസ്റ്റിലേക്കു തിരഞ്ഞെടുക്കപ്പെട്ട മറ്റു പുസ്തകങ്ങള്‍:
ഐ ലിവ് ഇന്‍ ദ് സ്‍ലംസ്- കാന്‍ സു
അറ്റ് നൈറ്റ് ഓള്‍ ബ്ലഡ് ഈസ് ബ്ലാക്ക് - ഡേവിഡ് ഡിയോപ്
ദ് പിയര്‍ ഫീല്‍ഡ്- നാന എക്വിമിവിഷില്‍
ദ് ഡെന്‍ജേഴ്സ് ഓഫ് സ്മോക്കിങ് ഇന്‍ ബെഡ് - മരിയാന എന്‍റിക്വസ്
വെന്‍ വീ സീസ് ടു അണ്ടര്‍സ്റ്റാന്‍ഡ് ദ് വേള്‍ഡ് - ബെന്‍ജമിന്‍ ലെബിറ്ററ്റ്
ദ് എംപ്ലോയീസ് - ഓള്‍ഗ റാവന്‍.
സമ്മര്‍ ബ്രദര്‍ - ജാപ് റോബ്ബന്‍.
ആന്‍ ഇന്‍വെന്ററി ഓഫ് ലോസ്സസ് - ജൂഡിത്ത് സ്കാലന്‍സ്കി
മൈനര്‍ ഡീറ്റെയില്‍ - ആഡാനിയ ഷിബ്‍ലി
ഇന്‍ മെമ്മറി ഓഫ് മെമ്മറി - മരിയ സ്റ്റെപാനോവ്ന
റെച്ചഡ്നെസ്സ് - ആന്‍ദ്രേ ടിച്ചി
ദ് വാര്‍ ഓഫ് ദ് പൂവര്‍ - എറിക് വില്വാഡ്
English Summary: The perfect nine novel by Ngugi waThiongo