‘ഓനല്ലെങ്കിലും കവിയാ’– ബാബു പോൾ വിട വാങ്ങിയിട്ട് 4 വർഷം
Mail This Article
‘എനിക്ക് ഒരു സ്വപ്നമുണ്ട്. ഒരു ചങ്ങാടം. അതിൻമേലൊരു പർണകുടീരം. അകത്ത് പഞ്ചനക്ഷത്ര സൗകര്യങ്ങൾ. ആ നൗകയിൽ ടൂറിസ്റ്റുകൾ പൗർണമി രാത്രികളിൽ നമ്മുടെ കായൽ പരപ്പുകളിലൂടെ മന്ദം മന്ദം ഒഴുകി നീങ്ങും’ പല്ലനയിൽ നടന്ന ചടങ്ങിൽ അന്നത്തെ ടൂറിസം സെക്രട്ടറി ബാബു പോൾ സ്വാഗതപ്രസംഗം അവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു.
‘ഓനല്ലെങ്കിലും കവിയാ’ എന്നായിരുന്നു ഉദ്ഘാടകനായിരുന്ന മുഖ്യമന്ത്രി നായനാർ, അധ്യക്ഷനായ ടൂറിസം മന്ത്രി പി.എസ്. ശ്രീനിവാസനോടു പറഞ്ഞത്. കേരളത്തിന്റെ കായൽ പരപ്പുകളിൽ ഹൗസ് ബോട്ടുകൾ ഒഴുകി നീങ്ങാൻ സാഹചര്യമൊരുക്കാൻ ആ സ്വാഗത പ്രസംഗത്തിനു സാധിച്ചു എന്നത് ചരിത്രം. ഹൗസ് ബോട്ടുകൾ എന്ന ആശയം എൺപതുകളിൽ ചില ചർച്ചകളിൽ ബാബു പോൾ അവതരിപ്പിച്ചപ്പോൾ അത് കശ്മീരിനു സ്വന്തം എന്നായിരുന്നു പ്രമുഖരുടെ പ്രതികരണം. കൊച്ചിയിലെ അത്യാധുനിക ആഡംബര നൗകകളിൽ വന്ന് താമസിച്ചു പോകുന്നവരെ കണ്ടിട്ടാണ് കൊച്ചിയിലും കോട്ടപ്പുറം കായലിലും ഹൗസ് ബോട്ടുകൾ ഏർപ്പെടുത്താം എന്ന ആശയം ബാബു പോളിന് തോന്നിയത്. അത് നായനാരുടെ സാന്നിധ്യത്തിൽ നാടകീയമായി സ്വാഗത പ്രസംഗത്തിൽ സന്നിവേശിപ്പിക്കുകയായിരുന്നു സംസ്ഥാനത്തെ ആദ്യ ടൂറിസം സെക്രട്ടറി കൂടിയായ ബാബു പോൾ.
അതുവരെ പൊതുഭരണത്തിന്റെ ഭാഗമായിരുന്നു ടൂറിസം. അക്കാലത്ത് കോവളത്ത് നടന്ന നവവൽസര ആഘോഷത്തിനിടെ കടലിൽ മുങ്ങിപ്പോയ വിദേശ വനിത രക്ഷപ്പെട്ടു. വിദേശ വനിത അപകടത്തിൽപെട്ടതു വിവാദമായതോടെ, ഭാവിയിൽ എന്തു ചെയ്യണം എന്നു പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ബാബു പോളിനെ ഏകാംഗ കമ്മിഷനാക്കി. ടൂറിസ്റ്റ് പൊലീസ് വേണമെന്ന് ബാബു പോൾ നിർദ്ദേശിച്ചു. അടുത്ത വർഷം നവവൽസരം വീക്ഷിക്കാൻ കലക്ടർ നളിനി നെറ്റോയെ ബാബു പോൾ പറഞ്ഞു വിട്ടു. ടൂറിസം പൊലീസ് എന്ന ആശയം ചുവപ്പ് നാടയിൽ കുരുങ്ങി. വളരെ കാലം കഴിഞ്ഞാണ് ടൂറിസം പൊലീസ് എന്ന ആശയം നടപ്പിലായത്. ഓണക്കാലത്ത് പൂവാല ശല്യം നിയന്ത്രിക്കാൻ ക്യാമറ വയ്ക്കണമെന്നൊരു നിർദ്ദേശം അന്ന് പൊലീസ് ഡപ്യൂട്ടി കമ്മിഷണർ ആയിരുന്ന ലോക്നാഥ് ബെഹ്റ ബാബു പോളിനു സമർപ്പിച്ചു. ക്യാമറ വാങ്ങാൻ ഫണ്ട് ഉടൻ കിട്ടാൻ നിവൃത്തിയില്ല. ‘പൂവാലൻമാർ സൂക്ഷിക്കുക, ക്യാമറകൾ ഒളിപ്പിച്ചിട്ടുണ്ട്’ എന്ന പത്രവാർത്ത ഏർപ്പാടാക്കി ബാബു പോൾ. പത്രം വായിച്ച് ആദ്യം ഓടിയെത്തിയത് ബെഹ്റയായിരുന്നു. ക്യാമറയില്ല സർ എന്ന് ബെഹ്റ. ബാബു പോൾ ചിരിച്ചു. പൂവാല ശല്യം കുറവായിരുന്നു എന്ന് പിറ്റേ ആഴ്ച ബാബു പോളിനെ കണ്ടപ്പോൾ ബെഹ്റ പറഞ്ഞു. ബാബു പോളിന്റെ മറുപടി ഇങ്ങനെ: ‘കാണുന്ന ക്യാമറയെക്കാൾ ശക്തമാണ് കാണാത്ത ക്യാമറ’.
അക്കാലത്ത് ടൂറിസത്തിന്റെ ലഘുലേഖകൾ അടിച്ചിരുന്നത് ഗസറ്റടിക്കുന്ന കടലാസിലായിരുന്നു. പരസ്യത്തിന് കൊള്ളാവുന്ന ഏജൻസിയെ ഏർപ്പെടുത്തി. ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന പരസ്യ വാചകം ബാബു പോൾ തിരഞ്ഞെടുത്തു. മുദ്ര എന്ന പരസ്യ കമ്പനിയിലെ മെൻഡസ് എന്ന കോപ്പിറൈറ്ററാണ് അത് സൃഷ്ടിച്ചത്. പിൽക്കാലത്ത് പലരും ആ പേരിന്റെ പിതൃത്വം ഏറ്റെടുക്കാൻ മുന്നിട്ടു വന്നപ്പോൾ ബാബു പോൾ പറഞ്ഞു–‘ മെൻഡസിനുള്ളത് മെൻഡസിന് കൊടുക്കുക’. സ്വകാര്യ മേഖലയുടെ പങ്കാളിത്തം, ഗജമേള, പ്രീ പെയ്ഡ് ടാക്സി, ചാർട്ടർ വിമാനങ്ങൾ, കേറ്ററിങ് കോളജ്, രാജ്യാന്തര ഫെയറിലെ സാന്നിധ്യം തുടങ്ങി ടൂറിസം രംഗത്തെ കേരളത്തിന്റെ വളർച്ചയുടെ അടിസ്ഥാനമിട്ടത് അക്കാലത്തായിരുന്നു.
സാംസ്കാരിക രംഗത്ത് ഇന്ന് കാണുന്ന നിരവധി പുരസ്കാരങ്ങൾ ആരംഭിച്ചത് ബാബു പോൾ സാംസ്കാരിക വകുപ്പിന്റെ തലപ്പത്ത് വന്നപ്പോഴാണ്. എഴുത്തച്ഛൻ പുരസ്കാരത്തിന്റെ മാതൃകയിലായിരുന്നു സ്വാതി പുരസ്കാരം. ശെമ്മാങ്കുടിക്ക് ആയിരുന്നു ആദ്യ സ്വാതി പുരസ്കാരം. 50,000 രൂപയായിരുന്നു പുരസ്കാരത്തുക. സംഗീത വിശാരദൻ പ്രഫ. ഗോപാലരാമൻ സരസ്വതി ശ്ലോകം ഉദ്ധരിച്ച് ബാബു പോളിനെ ശകാരിച്ചു. തെറ്റ് മനസ്സിലായ ബാബു പോൾ, എഴുത്തച്ഛൻ പുരസ്കാരത്തിനു കൊടുക്കുന്നതു പോലെ സ്വാതി പുരസ്കാരത്തിനും 1 ലക്ഷം രൂപ ആക്കാൻ തീരുമാനിച്ചു. ഫയൽ എഴുതി മുഖ്യമന്ത്രി നായനാർക്കു സമർപ്പിച്ചു. ബിസ്മില്ലാഖാന് കൊടുക്കാൻ തീരുമാനിച്ചപ്പോഴാണോ ബുദ്ധി ഉദിച്ചത് എന്ന ക്വറിയുമായി നായനാർ ഫയൽ മടക്കി. സംഗീതവും സാഹിത്യവും തമ്മിൽ സരസ്വതിക്കു ഭേദമില്ല. രണ്ടും ഒരേ സ്ഥൂലത പുലർത്തുന്നതാണ് നയനാഭിരാമം എന്നെഴുതി ബാബു പോൾ ഫയൽ വീണ്ടും മുഖ്യമന്ത്രിക്കു നൽകി. നായനാർ വിട്ടില്ല. ‘സംഗീതമപി സാഹിത്യം സരസ്വത്യാ : സ്തനദ്വയ ഏകമാപാതമധുരം അന്യദാലോചനാമൃതം’ എന്ന പ്രമാണമൊക്കെ എനിക്കും അറിവുള്ളതാണ്. കഴിഞ്ഞ കൊല്ലം തോന്നാത്ത ബുദ്ധി ഇക്കൊല്ലം വന്നതെങ്ങനെ എന്നാണ് എനിക്കറിയേണ്ടതെന്നായി നായനാർ. ശെമ്മാങ്കുടിക്കും അരലക്ഷം കൂടി കൊടുക്കുമെന്നും ബാബു പോൾ എഴുതിയതോടെ നായനാർ അംഗീകാരം നൽകി.
മലയാളി ഏറെ സ്നേഹിച്ച പ്രിയപ്പെട്ട ബാബു പോൾ സാർ വിട വാങ്ങിയിട്ട് ഇന്ന് നാലു വർഷം. ആ മഹാപ്രതിഭാശാലിയുടെ ഓർമകൾക്കു മുന്നിൽ പ്രണാമം.
Content Summary: Fourth Remembrance day of Babu Paul