ADVERTISEMENT

ഇന്നത്തെ ചിന്താ വിഷയം (കഥ)

മിക്കവാറും എല്ലാ വീട്ടിലെയും പെണ്ണുങ്ങളുടെ ആഭ്യന്തര പ്രശ്‍നം എന്ന് പറയുന്നത്, നാളെ രാവിലത്തേയ്ക്ക് എന്തുണ്ടാക്കും, ഉച്ചയ്ക്ക് ചോറിന് എന്ത് കൂട്ടാൻ ഉണ്ടാക്കും എന്നതായിരിക്കും. ഉണർന്നെഴുന്നേറ്റ് ഭാര്യ ചൂടോടെ കൈയ്യിൽ കൊടുക്കുന്ന കട്ടൻ ചായ ചാരുകസേരയുടെ കൈപ്പിടിയിൽ വച്ച് അര മതിലിന്റെ മുകളിൽ കാലും കയറ്റി വച്ച് പത്രം നിവർത്തിപ്പിടിച്ച് നീട്ടി വച്ചിരിക്കുന്ന കാലിനു മീതെ വിടർത്തിയിട്ട് ചായ ഊതിയൂതി കുടിച്ച് പത്രത്തിന്റെ താളുകൾ ഓരോന്നും മറിച്ച് സസൂക്ഷ്മം അരിച്ചു പെറുക്കി വായിക്കുന്ന ആണുങ്ങൾക്ക് ഇത് വല്ലതുമറിയണോ? ഉച്ചയ്ക്ക് ഉണ്ണാൻ വന്നിരിക്കുമ്പോൾ 'ഇന്നും ഇത് തന്നെയാണോ കൂട്ടാൻ, ഇതിന് എരിവ് അൽപ്പം കൂടുതൽ ആണല്ലോ' എന്നൊക്കെ കൊണിശം പറഞ്ഞ് കഴിക്കുന്ന അവർ അറിയുന്നുണ്ടോ രാവിലെ എഴുന്നേറ്റ് പച്ചക്കറിക്കുട്ടയിൽ ഇരിക്കുന്ന പച്ചക്കറികളെ മുഴുവൻ നിലത്ത് കുടഞ്ഞിട്ട് കൊത്തം കല്ല് കളിക്കും പോലെ എണ്ണി തരം തിരിച്ച് വച്ച് കറി എന്തുണ്ടാക്കും എന്ന ചിന്തയിൽ നിന്നുരുത്തിരിഞ്ഞുത്ഭവിച്ച കറിയാണ് മേശപ്പുറത്ത് ഇരിക്കുന്നതെന്ന്.

പച്ചക്കറി മാത്രം കഴിച്ച് ശീലിച്ച, എന്നാൽ നോൺ വെജിനോട് തീരെ പരിഭവം ഒന്നുമില്ലാത്ത ഞാൻ കല്യാണം കഴിഞ്ഞ് ചെന്നതോ, എന്നും മീനും മുട്ടയും അതിന്റെ വെറൈറ്റികളും നിറഞ്ഞ വീട്ടിലേയ്ക്ക്. ചീരയിൽ മുട്ടയിടുന്നതും, ക്യാബേജിൽ ചെമ്മീൻ ഇടുന്നതും ഒക്കെ കാണുമ്പോൾ അന്നെനിക്ക് ഓക്കാനം വരുമായിരുന്നു. പേരിൽ ആഢ്യത്വവും രുചിയിൽ കെങ്കേമത്വവുമുള്ള നമ്മുടെ നാടൻ സാമ്പാറും, അവിയലും, കാളനും, മാമ്പഴപ്പുളിശ്ശേരിയും ഒക്കെ കഴിച്ച് ശീലിച്ച എനിക്കിതൊന്നും വിശേഷദിവസങ്ങളിൽ അല്ലാതെ മറ്റു ദിവസങ്ങളിൽപ്പോലും അവിടെ കണി കാണാനേ കിട്ടിയിരുന്നില്ല. പയ്യെപ്പയ്യെ എനിക്കതൊക്കെ ശീലിക്കേണ്ടി വന്നെങ്കിലും എനിക്കിന്നും നാവിൻ തുമ്പിൽ എന്റെ അമ്മൂമ്മരുചിയും അമ്മരുചിയും ഒക്കെത്തന്നെയാണ്. 'നല്ല മാമ്പഴക്കൂട്ടാനും കടുമാങ്ങയും കൂട്ടി കുഴച്ച് ചോറ് ഉരുട്ടി ഒരു പിടി പിടിച്ചാല് ഉണ്ടല്ലോ, ഒരു ചിക്കൻ ബിരിയാണിയും അതിന്റെ രുചിയുടെ ഏഴ് അയലത്ത് എത്തില്ല' എന്നാണ് എന്റെ ഒരു ഇത്!

അങ്ങനെ കല്യാണം കഴിഞ്ഞ ആദ്യനാളുകളിൽ, അവർക്കൊന്നും തീരെ പരിചയമില്ലാത്ത.. കലണ്ടറിൽ പോലും കാണുന്ന വിശേഷദിവസങ്ങളെ നോയമ്പും വ്രതവും നോറ്റ് ഞാൻ അവിടെ 'കൂട്ടത്തിൽ പെടാത്ത' ഒന്നായി മാറി. കാലക്രമേണ വിശേഷദിവസങ്ങൾ ഏതൊക്കെ എന്നും അതിന്റെ പ്രാധാന്യം എന്തെന്നും ഒക്കെ ഞാൻ അവരെ ശീലിപ്പിച്ചു വന്നു, നോക്കണേ കഥ, ആ വീട്ടിലെ ഏറ്റവും ഇളയതായി ചെന്ന എനിക്ക് പാരമ്പരാഗതശൈലികളുടെ അനുഭവ സമ്പത്തുള്ള അമ്മൂമ്മ റോൾ ഏറ്റെടുക്കേണ്ടി വന്നു. (അതിന് ഞാൻ നന്ദി പറയുന്നത് ഞാൻ ജനിച്ചു വളർന്ന നന്മ നിറഞ്ഞ എന്റെ നാട്ടിൻപുറത്തോടും അമ്പലവും ഐശ്വര്യവുമുള്ള എന്റെ വീടിനോടും മുത്തശ്ശീ മുത്തച്ഛന്മാരോടും മാതാപിതാക്കളോടുമാണ്. ഇതെല്ലാം ഇന്നും തുടർന്നുപോകുവാൻ എന്നെ പ്രാപ്തരാക്കിയ, എന്റെ മക്കളിലേയ്ക്കും പകർന്നു കൊടുക്കാൻ പറ്റിയ, എന്നെ വളർത്തി വലുതാക്കിയ അവരോടു നന്ദി പറയുന്നു ഞാൻ ഇന്നും.) കർക്കടകമാസത്തിൽ രാമായണപാരായണം നടത്തുന്നതും അവർക്ക് അദ്ഭുതമായിരുന്നു. കർക്കടകത്തിൽ ആദ്യമായി കർക്കടകക്കഞ്ഞി കുടിക്കുന്ന അമ്മായിയമ്മ എനിക്ക് നന്ദി പറഞ്ഞപ്പോൾ ഞാൻ ചെറുതായൊന്നുമല്ല അഭിമാനം പൂണ്ടത്. 

എങ്കിലും, വർഷാവർഷം അതിന്റേതായ ഭക്തിയിൽത്തന്നെ ശബരിമല നോയമ്പ് നോറ്റ് മലയ്ക്ക് പോകുന്ന ചടങ്ങ് അവിടെ നിലനിന്നിരുന്നു. (നോയമ്പ് നോറ്റ് വന്ന് എന്നെ പെണ്ണ് കണ്ട ആളാണ് ഏട്ടൻ എന്നത് മറ്റൊരു രസകരമായ കഥ) അപ്പോൾ മാത്രമാണ് അവർ പച്ചക്കറിയുടെ (ഉറ്റ) ചങ്ങാതിമാരാവുക, അപ്പോൾ എനിക്കാണെങ്കിലോ പച്ചക്കറി കഴിക്കാൻ സാധിക്കുന്നതിന്റെ പരമാനന്ദവും. ബാക്കിയുള്ളവർക്ക് പച്ചക്കറിയോട് അങ്ങനെ അത്ര വലിയ ചങ്ങാത്തം ഒന്നുമില്ല കേട്ടോ, 41 ദിവസം നീണ്ട് നിൽക്കുന്ന മണ്ഡലവ്രത കാലഘട്ടത്തിനൊടുവിൽ അവരെല്ലാവരും വേണം വേണ്ടാന്നു വച്ച് പച്ചക്കറി കഴിച്ച് ഒരു പരിധി വരെ ക്ഷീണിച്ചിട്ടുണ്ടാവും. അന്നൊക്കെ ആരോ പറഞ്ഞു കേട്ടിട്ടുണ്ട്,  "ഈ സമയത്ത് നോൺ വെജ് ഒന്നും വീടിന്റെ പരിസരത്ത് പോലും അടുപ്പിക്കാത്തത് കൊണ്ട് വീട്ടിലെ പട്ടി പോലും ക്ഷീണിച്ചു പോകാറുണ്ടെ''ന്ന്.

വീട്ടിൽ വഴുതന, പടവലങ്ങ, കൊത്തമരയ്ക്ക, കടച്ചക്ക ഈ വക സാധനങ്ങൾ ഒന്നും വാങ്ങില്ല കേട്ടോ, ഏട്ടന് അതൊന്നും ഇഷ്ടമല്ല. അഥവാ വാങ്ങിയാൽ തന്നെ എനിക്കുള്ളത് ഉണ്ടാക്കി മിച്ചം വരുന്ന ചീഞ്ഞ സാധനങ്ങൾ പറമ്പിലെ മൂലയ്ക്ക് നിൽക്കുന്ന ഞാലിപ്പൂവൻ വാഴയ്ക്ക് ഉള്ളതാ. അതിന് വളമായി മാറിക്കൊണ്ട് അവർ എന്നെ നോക്കിച്ചിരിച്ച് അവിടെ അങ്ങ് കിടക്കും. പിന്നെപ്പിന്നെ ഞാലിപ്പൂവൻ വാഴ പ്രസവിച്ചു, നല്ല മുഴുപ്പുള്ള പൂവൻ പഴക്കൊച്ച്. എന്തുകൊണ്ടോ, അതെല്ലാവർക്കും വല്യ ഇഷ്ട്ടാണെ വീട്ടില്. ഭാഗ്യം! 'മത്ത കുത്തിയാ കുമ്പളം മുളയ്ക്കോ', എങ്ങനെ മുളയ്ക്കാനാ. മുളച്ചത് രണ്ടും മത്ത തന്നെ. പിള്ളേര് രണ്ടും അച്ഛനെപ്പോലെ പച്ചക്കറിയോട് അലർജിയാ. മാമ്പഴപ്പുളിശ്ശേരിയുടെയും ചക്കപ്പുഴുക്കിന്റെയും രുചി അറിയാണ്ടങ്ങനെ... അങ്ങനെ. ഇതൊക്കെ അവര് എന്ന് കഴിക്ക്യാവോ. ഞാൻ വീണ്ടും ഒറ്റ.'

കുറെ നാളായി മോര് കൂട്ടാൻ കഴിക്കണം എന്ന് വിചാരിക്കുന്നു, അതുണ്ടാക്കിയാൽ ഏട്ടന് വേണ്ടി ഞാൻ വേറെ ഉണ്ടാക്കണം, ഓഫീസിൽ പോകണ്ടേ, എല്ലാത്തിനും കൂടി സമയമില്ല. എന്റെ ആഗ്രഹങ്ങളെ ഞാൻ തൽക്കാലം മനസ്സിന്റെ വരണ്ട പ്രതലത്തിൽ കുഴിച്ചു മൂടി, നനച്ചു വച്ചു. നനവ് തട്ടി എന്നെങ്കിലും മുളച്ചു വന്നാലോ! ഏട്ടൻ മാത്രമായി ഏതെങ്കിലും കല്യാണത്തിനോ മറ്റോ പോകുന്ന ദിവസങ്ങളിൽ ആണ് ഞാൻ എന്റെ മനസ്സിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന ആഗ്രഹങ്ങളെ പുറത്തെടുക്കുന്നത്, 'നാളെ ഏട്ടൻ കല്യാണത്തിനു പോകുമല്ലോ, അപ്പൊ മോര് കൂട്ടാനും ചോറും, എന്താ സ്വാദ്!' എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി, ഒപ്പം നാവിൽ കപ്പലോടിക്കാനുള്ള വെള്ളവും. അന്നൊരു ഞായർ ദിവസം, മോര് കൂട്ടാനും ചോറും പിന്നെ കടുമാങ്ങയും കൂട്ടി നന്നായി ഊണ് കഴിച്ച് വിശ്രമിക്കുന്ന നേരത്ത് കല്യാണം കഴിഞ്ഞ് ഏട്ടൻ മടങ്ങി വന്നു. വരുന്ന വഴി തന്നെ, ''ഇന്നെന്താടീ കൂട്ടാൻ?'' ഈശ്വരാ, പണി പാളിയല്ലോ! 'എന്താ ഏട്ടൻ അവിടെ നിന്ന് ഒന്നും കഴിച്ചില്ലേ?' "ഓ, എനിക്ക് വേറെ ഒരിടത്ത് പോകാൻ ഉണ്ടായിരുന്നു. ഞാൻ കഴിക്കാൻ ഒന്നും നിന്നില്ല". പണി വീണ്ടും പാളി. എങ്കിലും ആത്മസംയമനം പാലിച്ച് കൊണ്ട് ഞാൻ പറഞ്ഞു, "ഏട്ടൻ കുളിച്ചു വന്നോളൂ. ഞാൻ ചോറെടുക്കാം".

ഏട്ടൻ കുളിക്കാൻ പോയതും, ഞാൻ ഒരോട്ടം. ഫ്രിഡ്ജ് തുറക്കുന്നു, എന്തെല്ലാം ഉണ്ടെന്ന് തപ്പുന്നു, ഒരു നിമിഷം ആലോചിക്കുന്നു, പിന്നെ തീരുമാനമെടുക്കുന്നു. പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ.. ഏട്ടന് ഇഷ്ടമുള്ള കറി (എനിക്ക് തീരെ ഇഷ്ടമില്ലാത്തതും, ഹൌ... എന്തൂട്ട് കൂട്ടാനാ ഇത് ഏട്ടാ.. എന്ന് ഞാൻ ചോദിച്ചിട്ടുള്ള കറി) മിനിറ്റുകൾ മാത്രം ബാക്കി, കുളി കഴിഞ്ഞ് വരുന്നതിന് മുൻപ് കൂട്ടാൻ റെഡി ആവണം. എല്ലാം ചടപടേന്ന്.. ചീനച്ചട്ടി എടുക്കുന്നു, അടുപ്പത്ത് വയ്ക്കുന്നു, സവാള എടുത്ത് അരിയുന്നു.. വഴറ്റുന്നു, പാകത്തിന് ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി ചേർക്കുന്നു, വെള്ളം ഒഴിച്ച് തിളപ്പിക്കുന്നു, തിളച്ച വെള്ളത്തിൽ മുട്ട പൊട്ടിച്ച് ഒഴിക്കുന്നു, കൂട്ടാൻ പാകമായി ഓഫ് ചെയ്യുമ്പോഴേയ്ക്കും ഏട്ടൻ കുളി കഴിഞ്ഞ് കയറി വരുന്നു. 'ആഹാ, ഇന്ന് അടിപൊളി കറി ആണല്ലോ. നിനക്ക് ഇത് ഇഷ്ടം അല്ലല്ലോ. എന്നിട്ടും നീ ഇത് തന്നെ ഉണ്ടാക്കി കഴിച്ചോ. കൊള്ളാമല്ലോ'. 'ഉവ്വ്, ചിന്നിച്ചിതറിക്കിടക്കുന്ന മുട്ട കണ്ടാൽ ആരോ ഛർദിച്ചതു പോലെ, കൂട്ടാന് രുചി ഉണ്ടാവും, എന്നാൽ കണ്ടാലോ... അയ്യേ. എനിക്ക് നല്ല മോര് കൂട്ടാനും കടുമാങ്ങയും ഉള്ളപ്പോൾ വേറെ എന്ത് വേണം എന്റെ ഏട്ടാ'. ഞാൻ മനസ്സിലോർത്തു കൊണ്ട് ഒന്നും മിണ്ടാതെ ഏട്ടനെ നോക്കി ചിരിച്ചപ്പോഴും നാവിൻ തുമ്പിലെ രുചിമുകുളങ്ങളിൽ മോര് കൂട്ടാനും കടുമാങ്ങയും കൂട്ടിക്കുഴച്ച ചോറിന്റെ അഭേദ്യമായ രുചി അതൊന്നു മാത്രം.

Content Summary: Malayalam Short Story ' Innathe Chintha Vishayam ' written by Smitha Renjith

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com