ADVERTISEMENT

എനിക്കറിയാം 

നമ്മള്‍ ഒരേ ബസ്സിലുണ്ടെന്ന് 

അകലേക്ക് പായുന്ന ചക്രങ്ങളില്‍ 

നീയും ഞാനും പരസ്പരം കാണാതെ 

അങ്ങനെ പോവുകയാണ്.

പാട്ടിനൊപ്പം ഏതോ സീറ്റില്‍ 

നിന്റെ വിരല്‍ താളംപിടിക്കുന്നുണ്ട്.

അതിന്റെ കാറ്റ് എന്റെ വിരലുകളെ

ഗിറ്റാര്‍ തന്ത്രികളാക്കുന്നു.
 

ഡ്രൈവര്‍ വളവുകളെ 

സ്റ്റിയറിഗ് വട്ടം കൊണ്ട് 

നിവര്‍ത്തിയെടുക്കുമ്പോള്‍ 

നീ വലത്തേക്ക് ചായുന്നതും 

പുറത്തെ ഇലകള്‍ 

നിന്റെ മുഖത്തെ തൊടുന്നതും 

എന്നെ സങ്കടപ്പെടുത്തുന്നുണ്ട് 

നീയത് അറിയുന്നില്ലല്ലോ 

നീ പാട്ടില്‍ കേറി 

പറക്കുകയാണല്ലോ!
 

എപ്പോഴാണ് 

ഈ ബസ് നിര്‍ത്തുക 

ഒരു സ്റ്റോപ്പുമില്ലാതെ 

പാഞ്ഞു പോകുന്ന ബസില്‍ 

ഞാന്‍ മാത്രമാകുന്നു...

ഡ്രൈവറും മറ്റുള്ളവരും 

മാഞ്ഞു പോകുന്നു 

നീ മാത്രം എവിടെയോ ഉണ്ട് 

ഞാന്‍ നിന്നെ കാണുന്നില്ല 

ദുഃഖം ചാലിച്ച പാട്ടുയരുമ്പോള്‍ 

നീ കരയുകയാവും.

അതിപ്പോള്‍ മഴയായി തൊടുന്നു.
 

ബെല്ലടിച്ചിട്ടും ബസ് 

കുതിച്ചു പായുകയാണ്. 

ഇനി 

എവിടെ 

എപ്പോള്‍ 

എങ്ങനെ 

നാമിറങ്ങും?

ബസ് ഈ ലോകമാണല്ലോ!

English Summary:

Malayalam Poem ' Ore Busilanu Naam ' Written by Akbar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com