അവൻ ‘വന്നു കണ്ടു കീഴടക്കി’: ഫാസില് അഭിമുഖം
Mail This Article
സിനിമയിൽ നിലനിൽക്കുന്ന ബിംബങ്ങൾ തച്ചുടയ്ക്കുന്ന ദൗത്യമാണ് ഫഹദിന്റേതെന്നു താരത്തിന്റെ അച്ഛനും സംവിധായകനുമായ ഫാസിൽ. ഒരേ അച്ചിൽ വാർത്തെടുക്കുന്ന നായകന്മാരെ കണ്ടുമടുത്ത മലയാളി പ്രേക്ഷകരുടെ മുന്നിൽ വളരെ വ്യത്യസ്തമായ കഥാപാത്രങ്ങൾ സമ്മാനിക്കാൻ ഫഹദിനു കഴിഞ്ഞുവെന്നും ഫാസിൽ പറഞ്ഞു. ഫഹദിനെ നായകനാക്കി അദ്ദേഹം ഒരുക്കുന്ന മലയൻ കുഞ്ഞ് എന്ന ചിത്രത്തെക്കുറിച്ച് മനോരമ ഓൺലൈനിനോട് സംവദിക്കുകയായിരുന്നു അദ്ദേഹം.
മലയൻ കുഞ്ഞ്
‘ഫഹദും മഹേഷ്‌നാരായണനും കൂടിയാണ് ഈ കഥയുമായി എന്നെ സമീപിച്ചത്. കഥ വായിച്ചപ്പോൾ ഇഷ്ടപ്പെട്ടു, ഞാൻ നിർമിക്കാം എന്നു പറഞ്ഞു. സജിമോൻ പ്രഭാകർ എന്ന ഒരു പുതിയ സംവിധായകനാണ് ഈ ചിത്രം ചെയ്യുന്നത്. ഫഹദിന്റെ ചില ചിത്രങ്ങളിൽ അദ്ദേഹം അസ്സോസിയേറ്റ് ആയിവർക്ക് ചെയ്തിട്ടുണ്ട്, അവർ തമ്മിൽ നല്ല റാപ്പോ ഉണ്ട്.’
ഫഹദിനു ഓഡിഷൻ
‘ഫഹദിനെ വച്ച് ഒരു ചിത്രം ചെയ്യുക എന്നുള്ളത് കുറെ നാളത്തെ ആഗ്രഹമായിരുന്നു. അപ്പോഴാണ് ഈ കഥ കേൾക്കുന്നത്. ഫഹദ് അഭിനയിച്ച ആദ്യ ചിത്രം അത്ര വിജയിച്ചില്ല, അത് ആ ചിത്രത്തിന്റെ വിധി ആയിരുന്നു. കൈ എത്തും ദൂരത്ത് ഷൂട്ടിനു മുമ്പ് ഫഹദിനോട് പലതും ചോദിച്ച്, പല കാര്യങ്ങളും ചെയ്യിപ്പിച്ച് ഒരു ഇന്റർവ്യൂ വിഡിയോ ഷൂട്ട് ചെയ്തിരുന്നു. ആ വിഡിയോ മമ്മൂട്ടിയെയും മോഹൻലാലിനെയും ഒക്കെ കാണിച്ച് അവർ നല്ല അഭിപ്രായം പറഞ്ഞതിന് ശേഷമാണ് അന്ന് ഞാൻ അവനെ കാസ്റ്റ് ചെയ്തത്.’
വന്നു കണ്ടു കീഴടക്കി
‘അവന്റെ ഉള്ളിൽ ഒരു നല്ല നടന് വേണ്ട സ്പാർക്ക് ഉണ്ടെന്നു ഞാൻ മനസ്സിലാക്കിയിരുന്നു. സിനിമ അന്ന് വിജയിക്കാതെ പോയത് ഫഹദിന്റെ കുഴപ്പം ആയിരുന്നില്ല. അവൻ പിന്നീട് അമേരിക്കയിൽ പഠിക്കാൻ പോയി, അപ്പോഴും അവന്റെ മനസ്സിൽ സിനിമ തന്നെ ആയിരുന്നു. അവൻ മലയാള സിനിമയിലേക്ക് തന്നെ തിരിച്ചുവരുമെന്ന് എനിക്ക് അറിയാമായിരുന്നു. അന്നൊരിക്കൽ മനോരമ ചാനലിലെ നേരെ ചൊവ്വേ എന്ന പരിപാടിയിൽ എന്തായിരിക്കും ഫഹദിന്റെ ഭാവി എന്ന് ചോദിച്ചപ്പോൾ "അവൻ തീർച്ചയായും സിനിമയിലേക്ക് തന്നെ തിരിച്ചുവരും" എന്ന് ഞാൻ പറഞ്ഞിരുന്നു. അതുപോലെ തന്നെ സംഭവിച്ചു, അവൻ "വന്നു കണ്ടു കീഴടക്കി" എന്ന് പറയുംപോലെ ആണ് ഇപ്പോഴത്തെ സ്ഥിതി.’
സിനിമയിൽ നിലനിൽക്കുന്ന ബിംബങ്ങൾ തച്ചുടയ്ക്കുക
‘സിനിമയിൽ ഇതുവരെ നിലനിൽക്കുന്ന ബിംബങ്ങൾ തകർക്കുക എന്നുള്ളതാണ് ഞാൻ അവനിൽ കാണുന്ന ഗുണം. ഒരു തിരക്കുള്ള നായകനായി നിൽക്കുമ്പോൾ പോലും കുമ്പളിങ്ങി നൈറ്റ്സിലെ കഥാപാത്രം ചെയ്യുക എന്നുള്ളതൊക്കെ എടുത്തുപറയേണ്ട കാര്യമാണ്. ഒരു ‘സോ കോൾഡ് ചോക്ളേറ്റ്’ നായകനിൽ നിന്നും വ്യത്യസ്തമായി ഹീറോ ഇമേജ് ഇല്ലാത്ത തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യുക എന്നുള്ളത് ഒരു ഒരു ആക്ടറിന്റെ ചാലഞ്ച് ആണ്, അത്തരത്തിൽ വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യുന്നത് ഫഹദിന്റെ പരമാനന്ഗം ആണ്.’
സിനിമയിൽ സജീവമാകുന്നു
‘അവൻ അവന്റേതായ റൂട്ടിൽ ആണ് സഞ്ചരിക്കുന്നത്, അങ്ങനെ വേണം അല്ലെങ്കിൽ എല്ലാരും ഒരു അച്ചിൽ വാർത്തതുപോലെ തോന്നും. ഓരോ ആക്ടറും അവരുടേതായ പാറ്റേണിൽ വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യാൻ ചങ്കൂറ്റം കാണിക്കുമ്പോഴാണ് മലയാള സിനിമ ധന്യമാകുന്നത്. അവൻ സ്വന്തം വഴി വെട്ടിതെളിച്ച് കഴിവ് തെളിയിക്കുന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. മഹേഷ് നാരായണൻ ആണ് മലയൻ കുഞ്ഞിന്റെ തിരക്കഥ എഴുതുന്നത്. മഹേഷിന്റെ ടേക്ക് ഓഫ്, സീ യു സൂൺ എന്ന ചിത്രങ്ങൾ എനിക്ക് വളരെ ഇഷ്ടപ്പെട്ടവയാണ്. സീ യു സൂൺ മികച്ച സിനിമയായിരുന്നു അവരോടൊപ്പം സഹകരിക്കാൻ കഴിയുന്നത് ഒരു ഭാഗ്യമായി ഞാൻ കരുതുന്നു. ഈ സിനിമ കഴിഞ്ഞാൽ ഇനിയും ചിത്രങ്ങൾ നിർമിക്കാനും സിനിമയിൽ സജീവമാകാനുമാണ് ഞാൻ താൽപര്യപ്പെടുന്നത്.
തനിക്ക് സിനിമാ സംവിധാനത്തിലേക്ക് തിരിച്ചു വരാൻ താല്പര്യമുണ്ടെന്നും താൻ കാലഘട്ടത്തിനു അനുയോജ്യമായ ഒരു കഥയ്ക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫഹദ് ഇപ്പോൾ ദിലീഷ് പോത്തന്റെ ജോജി എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. അത് പൂർത്തിയാകുന്ന മുറയ്ക്ക് മലയൻ കുഞ്ഞിൽ ജോയിൻ ചെയ്യും എന്ന് അദ്ദേഹം പറഞ്ഞു. ഫെബ്രുവരിയിൽ ഷൂട്ടിങ് തുടങ്ങാനാകുമെന്നും കോവിഡിന്റെ പശ്ചാത്തലത്തിൽ അത് ഇനിയും നീണ്ടുപോകുമോ എന്ന് അറിയില്ലെന്നും ഫാസിൽ കൂട്ടിച്ചേർത്തു.