അവാർഡ് പടം എന്ന പതിവു ലേബൽ നൽകരുത്: സജിൻ ബാബു അഭിമുഖം
Mail This Article
ദേശീയ ചലച്ചിത്ര അവാർഡ് ജൂറിയുടെ പ്രത്യേക പരാമർശത്തിന്റെ നിറവിൽ ബിരിയാണി പ്രേക്ഷകരിലേക്കെത്തിയിരിക്കുകയാണ്. ഒട്ടേറെ രാജ്യാന്തര അവാർഡുകൾ നേടിയ, അൻപതിലേറെ മേളകളിൽ പ്രദർശിപ്പിച്ച ചിത്രം തിയറ്ററുകളിലെത്തി. സിനിമയുടെ പ്രമേയം, പ്രതീക്ഷകൾ സംവിധായകൻ സജിൻ ബാബു മനോരമ ഓൺലൈനോട് സംസാരിക്കുന്നു.
∙ ബിരിയാണിയെന്ന പേര് കേൾക്കുമ്പോൾ ആദ്യം പലരും ബിരിയാണി എന്ന കഥയുടെ ചലച്ചിത്രാവിഷ്കാരമാണോ എന്ന് കരുതാറുണ്ട്. ബിരിയാണി എന്ന പേരിലേക്ക് എങ്ങനെയെത്തി ?
ഇതു സ്വന്തം ബിരിയാണി തന്നെയാണ്. ബിരിയാണി സിനിമയിലെ ഒരു മുഴുനീള കഥാപാത്രമാണ്. മറ്റഭിനേതാക്കൾക്കൊപ്പം ബിരിയാണിയെന്ന വിഭവത്തിനു റോളുണ്ട്. ക്ലൈമാക്സിൽ നിർണായകമായ പങ്കു തന്നെയുണ്ട്. സംസ്ഥാനത്തിന്റെ പ്രധാന ഭക്ഷണമായി മാറിയിരിക്കുന്നു. പിന്നെ പല ചേരുവകൾ ചേരുന്നത്, സമൂഹത്തിന്റെ പല അടരുകൾ ഇവയൊക്കെ ബന്ധിപ്പിക്കാനും കഴിയും.
∙ സിനിമകളിലെ പ്രമേയത്തിനെതിരെ പരിധി വിട്ടുള്ള വിമർശനങ്ങൾ അംഗീകരിക്കാവുന്നതാണോ ?
സിനിമയുടെ രാഷ്ട്രീയമാണ് ചർച്ച ചെയ്യപ്പെടേണ്ടത്. വ്യക്തികൾക്ക് രാഷ്ട്രീയം ഉണ്ടാകാം, ഇല്ലാതിരിക്കാം. സുരക്ഷിത മേഖലയിൽ നിന്നാണ് ഇവിടെ മിക്ക സിനിമകളും ഇറങ്ങുന്നത്. അതുകൊണ്ടു മാത്രം കാര്യമില്ലല്ലോ. നമ്മൾ എല്ലാ വശവും കാണണം. എല്ലാം പറയണം. വ്യക്തിപരമായ രാഷ്ട്രീയവും മതവും സിനിമയെ ബാധിക്കാതെ ശ്രദ്ധിച്ചാൽ മതിയാകും. ഓരോ വിഭാഗങ്ങളുടെയും താൽപര്യം മുഴുവൻ സംരക്കുകയെന്നത് സാധ്യമല്ല.
∙ നേരിട്ടറിഞ്ഞ, കണ്ടിട്ടുള്ള കാര്യങ്ങളാണോ അവതരിപ്പിക്കാൻ ശ്രമിച്ചത് ?
ഇത് എല്ലാവർക്കും മനസിലാകുന്ന ചിത്രമാണ്. അവാർഡ് പടം എന്ന പതിവു ലേബൽ നൽകരുത്. ആ രീതിയിൽ പതിഞ്ഞ താളത്തിലുള്ള ചിത്രമല്ല ബിരിയാണ്. നേരിട്ടു കണ്ടിട്ടുള്ള മനസിലാക്കിയിട്ടുള്ള ഒട്ടേറെ കാര്യങ്ങൾ ചിത്രത്തിലുണ്ട്. സ്ത്രീപക്ഷ കാഴ്ചപ്പാടാണ് ഈ സിനിമയ്ക്കാവശ്യം. അതിലൂടെയേ കഥ പറയാൻ സാധിക്കൂ. എഴുതിയപ്പോൾ തന്നെ കനി കുസൃതിയെ ബന്ധപ്പെട്ട് സംസാരിച്ചിരുന്നു. സിനിമയുടെ രാഷ്ട്രീയം അവർക്കു മനസിലായി.
∙ ആദ്യം ചെയ്യാനിരുന്ന ചിത്രം മൂന്നാമതാണു പുറത്തിറങ്ങുന്നത്. പ്രമേയത്തിലെ സങ്കീർണതയോ ആശങ്കയോ വൈകാൻ കാരണമായോ ?
കഥയുടെ ആലോചന 2014നു മുൻപ് തുടങ്ങിയിരുന്നു. പല കാരണങ്ങൾ കൊണ്ട് കുറച്ചു വൈകി. തിരക്കഥ പിന്നീട് വർഷങ്ങളെടുത്ത് വികസിച്ചതാണ്. ഇതിനിടെ വലിയ മാറ്റങ്ങൾ തിരക്കഥയിലുണ്ടായി. നമ്മളുടെ കാഴ്ചപ്പാടുകളിലെ മാറ്റം തിരക്കഥയിൽ പ്രതിഫലിച്ചിട്ടുണ്ട്.
∙ സിനിമയുടെ പരമ്പരാഗത സങ്കൽപങ്ങളിൽ മാറ്റം വരുത്താൻ ശ്രമം നടത്തിയിട്ടുണ്ടോ ?
മുൻപു പലരും അത്തരത്തിൽ ചെയ്തിട്ടുണ്ട്. പുതിയ തലമുറയിൽ ആരെങ്കിലും ചെയ്തു തുടങ്ങിയാൽ അതു മാതൃകയാകും എന്നു കരുതി. താരങ്ങളില്ലാതെയാണ് ചിത്രം ചെയ്തത്. തിയറ്ററുകൾ കുറയാൻ അതൊരു കാരണമായി. ധൈര്യത്തോടെ തന്നെ ആ സമീപനം നടത്തി. ലോകം മുഴുവൻ മുന്നോട്ടു പോകുമ്പോൾ നമുക്കു തിരിഞ്ഞു നിൽക്കാൻ കഴിയില്ല. പഴമ മാത്രം പോര. വർത്തമാന യാഥാർഥ്യങ്ങളെ കാര്യമായി കണക്കിലെടുക്കണം.
∙ മതം, ലൈംഗികത, സാമൂഹിക ജീവിതത്തിന്റെ യഥാർഥ വശങ്ങൾ – കുറച്ച് റിസ്കുള്ള വിഷയമല്ലേ ?
ഇതു യാഥാർഥ്യമാണ്. സൂക്ഷ്മ തലത്തിൽ കണ്ടാൽ യാതതൊരു പ്രശ്നവുമില്ല. ചുറ്റും നടക്കുന്ന യാഥാർഥ്യങ്ങൾക്കു നേരെ കണ്ണടയ്ക്കുന്നവരാണു പ്രശ്നങ്ങളുണ്ടാക്കുന്നത്. റിസ്കുകകളില്ല. ഇതൊരു കമ്യൂണിറ്റിയുടെ മാത്രം പ്രശ്നങ്ങളല്ല. കഥ പറയുന്നത് ഒരു മതത്തിലൂടെയാണ് എന്നു മാത്രം. ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ എല്ലാവർക്കും ബന്ധിപ്പിക്കാൻ പറ്റുന്ന എല്ലാവരോടും സംവദിക്കുന്ന പ്രമേയമാണ് ഇതിലുള്ളത്.
∙ തിയറ്ററിലെത്തുന്നു. എന്താണ് പ്രതീക്ഷ
സിനിമ സത്യസന്ധമായി പറയണം. സിനിമ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കണം. കൊമേഴ്സ്യൽ–ആർട്ട് വേർതിരിവൊന്നും സിനിമയ്ക്കില്ല. തിയറ്ററിലെത്തി കണ്ടാൽ പ്രേക്ഷകർക്ക് ഇഷ്ടപ്പെടും എന്ന കാര്യത്തിൽ സംശയമില്ല.
∙ ഏറ്റവും അടുത്ത ദിവസം ദേശീയ ചലച്ചിത്ര പുരസ്കാര ജൂറിയുടെ പ്രത്യേക പരാമർശവും ?
ദേശീയ പുരസ്കാര ജൂറിയുടെ പ്രത്യേക പരാമർശം കൂടി കണക്കിലെടുത്താൽ ഏതാണ്ട് 18–ാം പുരസ്കാരമാണ് ഇപ്പോൾ ലഭിച്ചത്. ലോകമെങ്ങുമുള്ള പ്രേക്ഷകരിലേക്ക് സിനിമയെത്തണം. പുരസ്കാരങ്ങൾ പ്രോത്സാഹനമാണ്,അതു മാത്രമല്ല ലക്ഷ്യം. അൻപതിലേറെ ചലച്ചിത്ര മേളകളിൽ ചിത്രം നിറഞ്ഞ സദസുകളിൽ പ്രദർശിപ്പിച്ചു. ശക്തമായ പ്രമേയങ്ങൾ അഡ്രസ് ചെയ്യുന്ന സിനിമകൾക്കും ഇടമുണ്ടാകാൻ ഇതിനു പ്രോത്സാഹനം ലഭിക്കേണ്ടത് അത്യാവശ്യമാണ്.