ADVERTISEMENT

പൊതുവേദിയിൽ അച്ഛനെക്കുറിച്ച് വാചാലനായി ദിലീപ്. ചെറുപ്പത്തിൽ അച്ഛൻ തന്നോട് ഒട്ടും സൗഹൃദത്തോടെ പെരുമാറിയിട്ടില്ലെന്നും അടുത്തിടപഴകി വന്നപ്പോഴേക്കും തന്നെ വിട്ടുപോകുകയായിരുന്നുവെന്നും ദിലീപ് പറയുന്നു. കോഴിക്കോട് ഗോകുലം പബ്ലിക്ക് സ്കൂളിന്റെ വാർഷികാഘോഷത്തിൽ പങ്കെടുത്തു സംസാരിക്കുമ്പോഴാണ് അച്ഛനെക്കുറിച്ച് ദിലീപ് തുറന്നു പറഞ്ഞത്. ഗോകുലം ഗോപാലനുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് ചടങ്ങിൽ മുഖ്യാതിഥിയായി ദിലീപ് എത്തിയത്. തന്റെ അടുത്ത സിനിമയുടെ നിർമാതാവ് ഗോകുലം ഗോപാലനാണെന്നും അതുകൊണ്ടാണ് എല്ലാ തിരക്കുകളും മാറ്റിവച്ച് താൻ വന്നതെന്നും ദിലീപ് പറഞ്ഞു.

‘‘നമ്മൾ കുട്ടിക്കാലം ശരിക്കും ആസ്വദിച്ചില്ലല്ലോ എന്ന സങ്കടം ആണ് ഇവിടെ വന്നപ്പോൾ. മനുഷ്യായുസ്സിൽ ഏറ്റവും കൂടുതൽ സന്തോഷം നൽകുന്നത് ഇത്തരം സ്‌കൂൾ ദിനങ്ങൾ തന്നെ ആയിരുന്നു. കുട്ടികളുടെ പാട്ടും ഒക്കെ കണ്ടപ്പോൾ ഞാൻ ഗോപാലേട്ടനോട് ചോദിച്ചു ഇത്രയും സ്‌കൂൾ, കോളജ് ഒക്കെ ഉള്ളതിൽ സന്തോഷം തോന്നുന്നില്ലേ. മനസ്സ് കൊണ്ട് വളരെ ചെറുപ്പമാണ് അദ്ദേഹം. ഒരു മനുഷ്യായുസ്സിൽ ഏറ്റവും കൂടുതൽ സന്തോഷം ലഭിക്കുന്നത് സ്കൂൾ കാലഘട്ടത്തിലാണ്. എങ്ങനെയാണ് ​ഗോപാലേട്ടൻ മനസുകൊണ്ട് ചെറുപ്പമായിരിക്കുന്നതെന്ന് ഞാൻ ആലോചിക്കാറുണ്ട്. മനസുകൊണ്ട് അ​ദ്ദേഹത്തിന് എപ്പോഴും ചെറുപ്പമാണ്. നമ്മൾ നരച്ച മുടി കറുപ്പിക്കുന്നത് പോലെ അദ്ദേഹം കറുത്ത മുടി നരപ്പിച്ചതാണോ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

ചില സമയം കുട്ടികളെ കാണുമ്പോൾ ഞാൻ ആലോചിച്ചിട്ടുണ്ട് ഇവർ പെട്ടെന്ന് വളരാതെ ഇരുന്നെങ്കിൽ എന്ന്. കാരണം ആ ക്യൂട്ട്നെസ് പൊയ്‌പോകും. ഇന്നത്തെ തലമുറ വളരെ കഴിവുള്ളവരാണ്. റിയാലിറ്റി ഷോസ് കാണുമ്പൊൾ അന്തം വിട്ടിരുന്നുപോകും. അതുകാണുമ്പോൾ ഞാൻ ചിന്തിച്ചിട്ടുണ്ട് നേരത്തെ വന്നത് നന്നായി എന്ന്. ശരിക്കും കുഞ്ഞുങ്ങൾ ഈ പ്രായം ആസ്വദിക്കണം എന്ന് മാത്രമേ എനിക്ക് പറയാനൊള്ളൂ.

ഇന്ന് ഇന്ത്യയിൽ നിന്നു ഏറ്റവും കൂടുതൽ കയറ്റി അയയ്ക്കപ്പെടുന്നത് നമ്മുടെ തലച്ചോറാണ്. അത്രയും കഴിവുള്ള ആളുകൾ ഇവിടെ നിന്നും പോകുകയാണ്. അതിൽ മാത്രമാണ് സങ്കടം. പോകുന്ന ആളുകൾ ഇങ്ങോട്ടു വരുന്നില്ല, അതാണ് പുതിയ തലമുറയിൽ കാണുന്നത്. പണ്ടൊക്കെ പുറത്തുപോയി പഠിച്ചാലും നാടിനെ സേവിക്കാനായി അവർ തിരിച്ചു വരാറുണ്ടായിരുന്നു. നമ്മുടെ ഭാവി തലമുറയിലും അത്തരമൊരു ചിന്താഗതി ഉണ്ടാകണം. അപ്പോഴാണ് നമ്മുടെ നാട്, ഭാരതം ലോകത്തിനു മുന്നിൽ ഏറ്റവും ഉന്നതിയിൽ നിൽക്കൂ. അതിനുവേണ്ടത് ഭാവിതലമുറയുടെ കഴിവാണ്.

അതിനുള്ള എല്ലാവിധ സൗകര്യങ്ങളും നമ്മുടെ നാട്ടിലുണ്ട്. ഇവിടെ വന്നപ്പോൾ തന്നെ ഇവിടെയുള്ള കുട്ടികളുടെ സംസാരശൈലി തന്നെ എടുത്തു പറയേണ്ടതാണ്. ഞാനും ഇംഗ്ലിഷ് മീഡിയം സ്കൂളിൽ തന്നെയാണ് പഠിച്ചത്. ആരെയും കുറ്റം പറയുന്നതല്ല, അന്നൊക്കെ ഗ്രാമത്തിൽ നിന്നാണ് സ്കൂളില്‍ പോയിരുന്നത്. അച്ഛന്റെയും അമ്മയുടെയും ആഗ്രഹപ്രകാരം ഇംഗ്ലിഷ് മീഡിയത്തില്‍ ചേർത്തു. പക്ഷേ സ്കൂളിൽ പുസ്തകത്തില്‍ മാത്രമാണ് ഇംഗ്ലിഷ് ഉണ്ടായിരുന്നത്. പുസ്തകത്തിൽ വായിക്കുമ്പോൾ മാത്രമാണ് ഇംഗ്ലിഷ് പറഞ്ഞിരുന്നത്.

അധ്യാപകരും അല്ലാത്ത സമയങ്ങളിൽ ഇംഗ്ലിഷിൽ പറയാറില്ല. അങ്ങനെ ഇംഗ്ലിഷ് പുറത്തു സംസാരിക്കാനും നാണമായി മാറും. വീട്ടിൽ ചെന്നാൽ ഇംഗ്ലിഷ് പറയാൻ ആരുമില്ല, ഇനി നാട്ടിൽ െചന്നു പറഞ്ഞാല്‍, ഓ വലിയ സായിപ്പ് വന്നേക്കുന്നുവെന്ന് പറഞ്ഞ് കളിയാക്കും. അതുകൊണ്ട് ആ തലമുറ ഇംഗ്ലിഷ് പറയാൻ മടിച്ചു. പക്ഷേ ഇന്ന് അങ്ങനെയല്ല, അതിൽ വളരെ സന്തോഷമുണ്ട്.

ഗോപാലേട്ടൻ എന്നോടു പറഞ്ഞ കാര്യങ്ങളുണ്ട്, കുട്ടികൾക്കുവേണ്ടി സമയം ചിലവഴിക്കണം, അവരെ സുഹൃത്തുക്കളായി കാണാൻ നോക്കണം. എന്റെ ചെറുപ്പത്തിൽ ഞാൻ ആഗ്രഹിച്ചിട്ടുണ്ട്, എന്റെ അച്ഛന് എന്നോടു കുറിച്ചു കൂടി സ്വതന്ത്രമായി ഇടപെഴകിക്കൂടെ എന്ന്. കാരണം ഭയം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അപൂർവമായി മാത്രമാണ് അച്ഛൻ ചിരിക്കുകയൊക്കെ ചെയ്തിട്ടുള്ളത്. പിന്നീട് ഞാൻ സിനിമയിലൊക്കെ വന്നതിനുശേഷമാണ് എന്റെ അച്ഛനെ സുഹൃത്താക്കാൻ ശ്രമിച്ച് ശ്രമിച്ച് സുഹൃത്താക്കി മാറ്റിയത്. സുഹൃത്താക്കി മാറ്റി അടുത്തുവന്നപ്പോഴേക്കും അച്ഛൻ പോയി.

പക്ഷേ ഇന്ന്, ഞാനെന്റെ മക്കളെ വളർത്തുന്നത് സുഹൃത്തുക്കളെപ്പോലെയാണ്. കാരണം എന്റെ കുട്ടികൾക്ക് എന്തും എന്നോടുവന്നു പറയാം. നിങ്ങൾക്കെല്ലാവർക്കും എന്റെ മൂത്ത ആളെയും രണ്ടാമത്തെ ആളെയും അറിയാം. എന്തുതിരക്കിനിടയിലും അവരുടെ കൂടെ സമയം ചിലവഴിക്കുമ്പോഴാണ് നമ്മൾ കൂടുതൽ ചെറുപ്പമാകുന്നത്. എത്ര തിരക്കിനിടയിലും മക്കൾക്കു വേണ്ടി കുറച്ച് സമയം കണ്ടുവയ്ക്കുക, അത് വലിയ കാര്യം തന്നെയാണ്.

ഇപ്പോഴത്തെ കുട്ടികള്‍ ഭാഗ്യവാന്മാരാണ്. ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ എന്നും അടി മേടിച്ചു കൂട്ടാറുണ്ടായിരുന്നു. ഇന്നത്തെ ടീച്ചർമാരും സുഹൃത്തുക്കളെപ്പോലെയാണ്. അവരെ കേൾക്കാന്‍ തയാറാണ്. ഭയപ്പെടുത്തുന്നതിനേക്കാൾ നല്ലത് സ്നേഹത്തോടെ ഒരു കാര്യം പറയുമ്പോഴാണ് അത് കുട്ടികളുടെ മനസ്സിൽ നിൽക്കൂ. ഈ സ്കൂളിനും ഇവിടെയുള്ള അധ്യാപകർക്കും ഗോപാലേട്ടനും ഇവിടെ വന്നിരിക്കുന്ന നല്ലവരായ മാതാപിതാക്കൾക്കും എല്ലാ ഐശ്വര്യങ്ങളും നേരുന്നു. അതുപോലെ എന്തു പ്രശ്നങ്ങൾ വന്നാലും എന്റെ സിനിമകൾ വരുമ്പോൾ കുട്ടികളെ കാണിക്കാൻ ശ്രമിക്കണം. കുറച്ച് സിനിമകൾ വരുന്നുണ്ട്. പത്തിരുപത്തിയെട്ട് വർഷമായി വ്യത്യസ്തങ്ങളായ പല വേഷങ്ങൾ ചെയ്തിട്ടും നിങ്ങൾ രണ്ടുകയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. എല്ലാ പ്രതിസന്ധിഘട്ടത്തിലും എന്നോടൊപ്പം നിന്ന എന്റെ പ്രിയപ്പെട്ടവരോട് ഞാൻ നേരിട്ടുവന്ന് നന്ദി പറയുന്നു.’’–ദിലീപിന്റെ വാക്കുകൾ.

English Summary:

Dileep's emotional speech about his bond with late father

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT