രജനിയും ഫഹദും ആന്ധ്രയിൽ; ‘പുഷ്പ’ വില്ലനെ വരവേറ്റ് ആരാധകർ
Mail This Article
കേരളവും തമിഴ്നാടും കടന്ന് ‘വേട്ടയ്യൻ’ ആന്ധ്രപ്രദേശിലെത്തി നിൽക്കുകയാണ്. രജനികാന്തിനെ നായകനാക്കി ടി.ജി. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ‘വേട്ടയ്യന്റെ’ പുതിയ ഷെഡ്യൂൾ ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയില്‍ രണ്ട് ദിവസം മുമ്പാണ് ആരംഭിച്ചത്. രജനിക്കൊപ്പം ഫഹദ് ഫാസില്‍, റാണ ദഗുബാട്ടി, റിതിക സിങ് എന്നിവരാണ് ഈ ഷെഡ്യൂളിലെ അഭിനേതാക്കൾ.
ആന്ധ്രയിൽ നിന്നുള്ള ഫഹദിന്റെ ചില ലൊക്കേഷൻസ് വിഡിയോസ് സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ‘പുഷ്പ’ സ്റ്റാർ എന്ന നിലയിലാണ് ആന്ധ്രയിലുള്ളവർ ഫഹദിനെ വിശേഷിപ്പിക്കുന്നത്.
‘ജയ് ഭീം’ എന്ന ചിത്രത്തിന് ശേഷം ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രം രജനിയുടെ കരിയറിലെ 170-ാമത് ചിത്രം കൂടിയാണ്. ചിത്രത്തില്‍ ഒരു പൊലീസ് ഓഫിസറുടെ വേഷത്തിലാണ് രജനി എത്തുന്നത്. കേരളത്തിൽ തിരുവനന്തപുരത്തും സിനിമയുടെ ചിത്രീകരണം നടന്നിരുന്നു.
അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗുബാട്ടി, മഞ്ജു വാരിയർ, റിതിക സിങ്, ദുഷാര വിജയൻ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദർ, ഛായാഗ്രാഹകൻ എസ്.ആർ. കതിർ, എഡിറ്റർ ഫിലോമിൻ രാജ്. ലൈക പ്രൊഡക്‌ഷൻസ് ആണ് നിര്‍മാണം.
33 വർഷങ്ങൾക്കു ശേഷം അമിതാഭ് ബച്ചനും രജനികാന്തും ഒരുമിച്ചഭിനയിക്കുന്ന ചിത്രം കൂടെയാണ് ഇത്. 1991-ൽ ഹം എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ചഭിനയിച്ചത്.