ഗാഡ്ഗിൽ റിപ്പോർട്ട് പാഴായി പോകുന്നത് ദയനീയം: രചന നാരായണൻകുട്ടി
Mail This Article
മാധവ് ഗാഡ്ഗിലിന്റെ റിപ്പോർട്ടിനെക്കുറിച്ച് കേരളം ഗൗരവതരമായി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് നടി രചന നാരായണൻ കുട്ടി. പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിയെക്കുറിച്ച് അടിയന്തര ശ്രദ്ധയും നടപടിയും ആവശ്യപ്പെടുന്ന ഒരു സുപ്രധാന രേഖയാണ് മാധവ് ഗാഡ്‌ഗിൽ കമ്മീഷൻ റിപ്പോർട്ട്. ജൈവവൈവിധ്യങ്ങളുടെ കലവറയായ പശ്ചിമ ഘട്ടത്തെ സംരക്ഷിക്കുന്നതിനുള്ള വിദഗ്ധമായ പഠനം നടത്തിയതിനു ശേഷം മാധവ് ഗാഡ്ഗിൽ സമർപ്പിച്ച റിപ്പോർട്ട് പരിഗണിക്കാതെ ഇരിക്കുന്നത് മാനവരാശിയോടുള്ള ക്രൂരതയാണെന്നു രചന പറയുന്നു.
നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് ഭാവി തലമുറകളോടുള്ള നമ്മുടെ കടമയാണെന്നും ഇതിനെക്കുറിച്ച് വലിയ വിവരമില്ലാതിരുന്ന തനിക്ക് വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്ന തന്റെ വിദ്യാർഥിയോട് കടപ്പെട്ടിരിക്കുന്നുവെന്നും രചനാ നാരായണൻ കുട്ടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
‘‘ശ്രീ മാധവ് ഗാഡ്ഗിലിന്റെ റിപ്പോർട്ടിനെക്കുറിച്ച് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വിദഗ്‌ധരുടെ അഭിപ്രായം സ്വീകരിച്ച് അവർ റിപ്പോർട്ട് സമർപ്പിച്ചിട്ടും അതെല്ലാം പാഴായി പോകുന്നത് ദയനീയമാണ്. ദയവായി ഗാഡ്ഗിൽ റിപ്പോർട്ട് പരിഗണിക്കുക
പശ്ചിമഘട്ടത്തെക്കുറിച്ചുള്ള ശ്രീ മാധവ് ഗാഡ്‌ഗിൽ കമ്മിഷൻ റിപ്പോർട്ട് പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിയെക്കുറിച്ച് അടിയന്തര ശ്രദ്ധയും നടപടിയും ആവശ്യപ്പെടുന്ന ഒരു സുപ്രധാന രേഖയാണ്. വളരെ വിപുലമായ ഗവേഷണത്തിലും വിദഗ്‌ധാഭിപ്രായത്തിലും അധിഷ്ഠിതമായ റിപ്പോർട്ട്, ഈ ജൈവവൈവിധ്യങ്ങളുടെ കലവറ സംരക്ഷിക്കുന്നതിനുള്ള സുസ്ഥിര വികസന പ്രവർത്തനങ്ങളുടെ അടിയന്തിര ആവശ്യകത എടുത്തുകാണിക്കുന്ന ഒന്നാണ്.
വിദഗ്‌ധർ അവ സൂക്ഷ്‌മമായി പഠിച്ചതിനു ശേഷം സമർപ്പിച്ച നിർണായക ഉൾക്കാഴ്ചകളും ശുപാർശകളും അവഗണിക്കുന്നത്, പരിസ്ഥിതിക്കും പ്രാദേശിക സമൂഹങ്ങൾക്കും അപകടകരമാണ്. ഈ മുന്നറിയിപ്പുകൾ നാം ശ്രദ്ധിക്കേണ്ടതും ഭാവി തലമുറയ്ക്കായി പശ്ചിമഘട്ടത്തെ സംരക്ഷിക്കാനും ആവശ്യമായ നടപടികൾ നടപ്പിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്.
മനുഷ്യരാശിയോട് ഒരു ഓർമപ്പെടുത്തൽ എന്ന നിലയിൽ പറയുകയാണ് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് ഒരു തിരഞ്ഞെടുപ്പ് മാത്രമല്ല, ഭാവി തലമുറകളോട് നാം കടപ്പെട്ടിരിക്കുന്ന ഉത്തരവാദിത്തം കൂടിയാണ്.
ഇതിനെ കുറിച്ച് വലിയ അറിവില്ലാതിരുന്ന എനിക്ക് വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്ന ഡിസാസ്റ്റർ മാനേജ്മെന്റ് വിദ്യാർഥിനി കൂടിയായ എന്റെ ശിഷ്യയ്ക്ക് നന്ദി." രചന നാരായണൻ കുട്ടി കുറിച്ചു.