ADVERTISEMENT

കളളനാണയങ്ങള്‍ വാഴുന്ന മേഖലയാണ് സിനിമ. സ്‌ക്രീനില്‍ ആദര്‍ശത്തിന്റെ ആള്‍രൂപമായി പ്രത്യക്ഷപ്പെട്ട് നന്മയെക്കുറിച്ച് ഉച്ചത്തില്‍ പ്രഘോഷിക്കുന്ന പലരും ജീവിതത്തില്‍ നേര്‍വിപരീതമായി പ്രവര്‍ത്തിക്കുന്ന വ്യക്തികളാണെന്നത് പരസ്യമായ രഹസ്യമാണ്. എന്നാല്‍ പൊതുവേദികളില്‍ ഇവര്‍ സൗമ്യതയുടെ പ്രതീകമായി അവതരിക്കുന്നു. വളരെ മിതഭാഷിയായി നിന്നുകൊണ്ട് ആരെയും വേദനിപ്പിക്കാതെ ഇലയ്ക്കും മുളളിനും കേടില്ലാത്ത വിധത്തില്‍ സംസാരിക്കുന്നു. എന്നാല്‍ കാര്യത്തോട് അടുക്കുമ്പോള്‍ ഇവരുടെ ഭയാനകമായ മുഖം കാണാന്‍ സാധിക്കും. ഒരു ഭിക്ഷക്കാരന്‍ വീട്ടില്‍ കയറി വന്നാല്‍ വാതില്‍ കൊട്ടിയടയ്ക്കുന്ന ഒരു നടനെ നേരില്‍ കാണാന്‍ സാധിച്ചിട്ടുണ്ട്. കോടികള്‍ പ്രതിഫലം വാങ്ങുന്നയാളാണ് കഥാനായകന്‍. അദ്ദേഹവും പറയുന്നത് നന്മയെക്കുറിച്ചാണ്. എന്നാല്‍ നന്മ എന്ന പദം വെറുതെ പറയാനുളളതല്ല. അതിന് അര്‍ഥവും ആഴവുമുണ്ടെന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന ചിലരുണ്ട്. അതില്‍ ഏറെ പ്രധാനപ്പെട്ട ഒരാളാണ് നടി മേനകയുടെ ഭര്‍ത്താവ് കൂടിയായ ചലച്ചിത്ര നിര്‍മാതാവ് ജി.സുരേഷ്‌കുമാര്‍.

സുരേഷ്‌കുമാറിന്റെ പ്രകൃതം എല്ലാവര്‍ക്കും ഏറെക്കുറെ അറിയാം. അനീതി കണ്ടാല്‍ ശക്തമായ ഭാഷയില്‍ പ്രതികരിക്കുന്ന പൊട്ടിത്തെറിക്കുന്ന അപ്രിയസത്യങ്ങള്‍ വിളിച്ചു പറയാന്‍ മടിയില്ലാത്ത മനുഷ്യനാണ്. കാപട്യവും തന്ത്രജ്ഞതയും കൊണ്ട് നിലനില്‍ക്കുന്ന ആള്‍ക്കൂട്ടത്തില്‍ തനിയെ നില്‍ക്കുന്നതാണ് എന്നും സുരേഷിന്റെ ശീലം. ആര്‍ക്കും ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അദ്ദേഹം ഉളള കാര്യം ഉളളതുപോലെ പറയും. പണ്ട് ഒരു അമേരിക്കല്‍ ഷോയില്‍ വച്ച് ഒരാള്‍ പ്രേംനസീറിനെ തുടര്‍ച്ചയായി അധിക്ഷേപിക്കുകയും വേദനിപ്പിക്കുന്ന രീതിയില്‍ സംസാരിക്കുകയും ചെയ്യുന്നു. കേട്ടുനിന്ന സുരേഷ് വരും വരാഴികകളെക്കുറിച്ച് ആലോചിച്ചില്ല. കൈ നിവര്‍ത്തി രണ്ടെണ്ണം പൊട്ടിക്കുന്നു. അധിക്ഷേപക്കാരന്റെ കണ്ണില്‍ നിന്നും പൊന്നീച്ച പറന്നു.

നസീര്‍ സാറിനെ അപമാനിക്കുന്നത് കണ്ടു നില്‍ക്കാന്‍ പറ്റിയില്ല എന്നാണ് അതേക്കുറിച്ച് ചോദിച്ച സുഹൃത്തുക്കളോട് അദ്ദേഹം പറഞ്ഞത്. ഒരു കാലത്ത് അദ്ദേഹം ഉള്‍പ്പെടെ ചിലരെ  അധിക്ഷേപിക്കാന്‍ മുന്നില്‍ നിന്ന ഒരു മുതിര്‍ന്ന നടന്‍ തിരുവന്തപുരത്തെ ഒരു പ്രത്യേക സമുദായത്തില്‍ പെട്ടവരുടെ ലോബിയുടെ ഭാഗമാണ് അദ്ദേഹമെന്നും അത്തരം ആളുകളെ മാത്രം ലിഫ്റ്റ് ചെയ്യുന്നതിലാണ് സുരേഷിന് കൗതുകമെന്നും ആക്ഷേപിക്കുകയുണ്ടായി. അദ്ദേഹം അതിനൊന്നും മറുപടി പറഞ്ഞില്ലെന്ന് മാത്രമല്ല ചിരിച്ചു തളളുകയും ചെയ്തു.

കമല്‍ സംവിധാനം ചെയ്ത വിഷ്ണുലോകവും സുന്ദര്‍ദാസ് സംവിധാനം ചെയ്ത കഥയും കുബേരനും രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത ബട്ടര്‍ഫ്‌ളൈസും കാശ്മീരവും സന്തോഷ് സേതുമാധവന്‍ സംവിധാനം ചെയ്ത ചട്ടക്കാരിയും ലാല്‍ജോസിന്റെ നീലത്താമരയും നിര്‍മ്മിച്ച ഒരാളെ ജാതിയുടെ പേരില്‍ അധിക്ഷേപിക്കുന്നതിലെ പൊളളത്തരങ്ങള്‍ സിനിമയിലുളളവര്‍ക്ക് നന്നായി അറിയാമായിരുന്നു.

തലസ്ഥാനത്ത് ജനിച്ചു വളര്‍ന്ന ഒരു പറ്റം സുഹൃത്തുക്കളുടെ കൂട്ടായ്മ എന്നതിനപ്പുറം അതില്‍ സങ്കുചിതത്വത്തിന്റെ അംശങ്ങളൊന്നുമുണ്ടായിരുന്നില്ല. അവരില്‍ ഏറിയ പങ്കും ഒരു വിഭാഗത്തില്‍ പെട്ടവരാണെന്നത് തീര്‍ത്തും യാദൃച്ഛികം മാത്രം. ഇതൊക്കെ സിനിമ അറിയുന്നതും പൊതുസമൂഹത്തിന് ബോധ്യമുളളതുമായ സുരേഷ്‌കുമാര്‍. എന്നാല്‍ ആരും അറിയാത്ത സുരേഷിന്റെ മറ്റൊരു മുഖത്തെക്കുറിച്ച് സുഹൃത്തും സംവിധായകനുമായ ആലപ്പി അഷ്റഫ് സമീപകാലത്ത് സമൂഹമാധ്യമങ്ങളിലുടെ വെളിപ്പെടുത്തുകയുണ്ടായി. ഒരു മനുഷ്യന്‍ എങ്ങനെയായിരിക്കണം എന്ന വലിയ തിരിച്ചറിവിലേക്കുളള ജാലകമായിരുന്നു അഷ്റഫിന്റെ ആ വാക്കുകള്‍..

കാക്കയുടെ രുചിമാഹാത്മ്യം

നിർമാതാവ് ഗാന്ധിമതി ബാലന്റെ വീട്ടില്‍ പണ്ട് ഒരു പാചകക്കാരന്‍ (കുക്ക്) ഉണ്ടായിരുന്നു. അരൂര്‍ സ്വദേശിയായ ഒരു മധ്യവയസ്‌കന്‍. മുസ്‌ലിം വിഭാഗത്തില്‍ പെട്ടയാളായതു കൊണ്ട് നാട്ടിന്‍പുറത്തെ രീതിയനുസരിച്ച് എല്ലാവരും അദ്ദേഹത്തെ കാക്ക എന്നാണ് അഭിസംബോധന ചെയ്തിരുന്നത്. കാക്ക ഉണ്ടാക്കുന്ന ഭക്ഷണത്തിന് അപാര രുചിയാണ്. അത് കഴിക്കാനായി മാത്രം ബാലന്റെ പല സുഹൃത്തുക്കളും വൈകിട്ട് ആ വീട്ടില്‍ ഒത്തുകൂടും. ക്രമേണ കാക്കയുടെ ഖ്യാതി ഉയര്‍ന്നു വന്ന് വലിയ സംവിധായകരും ഗായകനും ഉള്‍പ്പെടെ പലരും അദ്ദേഹത്തെ വീട്ടില്‍ ജോലിക്ക് നിര്‍ത്തി. 

keerthy-suresh-family

കുറച്ചുകാലം കഴിഞ്ഞ് സംവിധായകന്‍ ആലപ്പി അഷ്ഫിന്റെ വീട്ടിലും ഇദ്ദേഹം ജോലിക്ക് നിന്നു. വിവരം അറിഞ്ഞ് അവിടേക്കും സുഹൃത്തുക്കളുടെ ഒഴുക്കായി. അരിപ്പത്തിരിയും മറ്റും വലിയ ടേസ്റ്റാണെന്ന് ഖ്യാതി പരന്നു. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ അടക്കം അഷ്റഫിന്റെ ഫ്‌ളാറ്റില്‍ വന്ന് ഈ രുചി ആസ്വദിച്ചിട്ടുണ്ട്. ആയിടയ്ക്ക് കാക്കയുടെ മകളുടെ കല്യാണം വന്നു. കഴിയുന്നതു പോലെ സഹായിക്കാമെന്ന് അഷ്റഫ് ഉള്‍പ്പെടെയുളളവര്‍ അദ്ദേഹത്തിനു വാക്കു കൊടുത്തു. കാലത്ത് അഷറഫിന്റെ  വീട്ടിലേക്കുളള ഭക്ഷണം ഉണ്ടാക്കി വച്ചിട്ട് കാക്ക വര്‍ഷങ്ങളായി താന്‍ ജോലിക്ക് നിന്ന സൂപ്പര്‍സംവിധായകന്റെ വീട്ടിലേക്ക് പോകുന്നു. മകളുടെ വിവാഹത്തിന് സഹായം അഭ്യർഥിക്കുകയാണ് ഉദ്ദേശം. പോയവേഗത്തില്‍ മടങ്ങി വന്ന കാക്ക അഷ്റഫിനോട് പറഞ്ഞു.

‘‘അദ്ദേഹം അവിടെയില്ല. ഭാര്യ രണ്ട് ദിവസം കഴിഞ്ഞ് വരാന്‍ പറഞ്ഞു’’

ഇങ്ങനെ ഒരുപാട് തവണ കാക്ക ആ വീട്ടില്‍ പോകുകയും അപ്പോഴൊക്കെ അദ്ദേഹം സ്ഥലത്തില്ലെന്ന മറുപടിയുമായി വരികയും ചെയ്തപ്പോള്‍ അഷ്റഫിനും കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന് തോന്നിത്തുടങ്ങി. ഒരു ദിവസം ഇങ്ങനെ പോയി മടങ്ങി വന്ന കാക്ക കൈ ഭിത്തിയില്‍ ചാരി വച്ച് ഏങ്ങിക്കരയുന്ന കാഴ്ചയാണ് അഷ്റഫ് കാണുന്നത്. മകളുടെ വിവാഹമെങ്ങാനും മുടങ്ങിപ്പോയോ എന്ന് അദ്ദേഹം വിചാരിച്ചു. കാരണം തിരക്കിയപ്പോള്‍ കാക്ക ഒരു വെളളക്കവര്‍ എടുത്ത് അഷ്റഫിന് നേരെ നീട്ടി. സംവിധായകന്റെ സംഭാവനയാണ്. നൂറിന്റെ രണ്ട് നോട്ടുകള്‍...

അഷറഫ് പറഞ്ഞു, ‘‘കാക്ക വിഷമിക്കേണ്ട. ഞങ്ങളെല്ലാവരും കൂടി വേണ്ടത് ചെയ്യാം’’

അങ്ങനെ അഷ്റഫും നിര്‍മാതാവ് സുരേഷ്‌കുമാറും ഉള്‍പ്പെടെ കാക്കയുടെ ഭക്ഷണം കഴിക്കുന്ന ഗ്യാങ് എല്ലാവരും കൂടിയോലോചിച്ച് ഒരു പിരിവിട്ടു. പതിനായിരവും പതിനയ്യായിരവും അയ്യായിരവും ഒക്കെ വീതം ഓരോരുത്തരും സംഭാവന ചെയ്തു. അന്നത്തെ കാലത്ത് അതൊക്കെ വലിയ തുകയാണ്. സുരേഷ് പതിനായിരമാണ് കൊടുത്തത്. എല്ലാം കൂടി സാമാന്യം നല്ല ഒരു തുക കാക്കയുടെ കയ്യിലെത്തി. അദ്ദേഹം അതുമായി സന്തോഷത്തോടെ നാട്ടിലേക്ക് മടങ്ങി. ആദ്യം വിവാഹനിശ്ചയമാണ് നടക്കേണ്ടത്. അവിടെ വച്ച് ഈ പണം കൈമാറണം. പറഞ്ഞുറപ്പിച്ച സ്ത്രീധനത്തുകയില്‍ 35,000 രൂപ കുറവുണ്ട്. കല്യാണസമയത്ത് സംഭാവനകളൊക്കെ കിട്ടുമ്പോള്‍ അത് കൊടുക്കാമെന്നായിരുന്നു കാക്കയുടെ കണക്കുകൂട്ടല്‍. പക്ഷേ ചെറുക്കന്റെ വീട്ടുകാര്‍ അത് സമ്മതിച്ചില്ല. അവര്‍ വഴക്കിട്ട് പിണങ്ങിപ്പോയി. 

പണം സംഘടിപ്പിക്കാന്‍ മറ്റൊരു വഴിയുമില്ലാതെ കാക്ക ആകെ പ്രശ്‌നത്തിലായി. അഷ്റഫ് ആ സമയത്ത് മദ്രാസിലാണ്. അങ്ങനെ കാക്ക സുരേഷ്‌കുമാറിനെ കണ്ട് കാര്യങ്ങള്‍  ധരിപ്പിച്ചു. സുരേഷ് വല്ലപ്പോഴും കാക്കയുണ്ടാക്കുന്ന ഭക്ഷണം കഴിച്ചിട്ടുണ്ട് എന്നല്ലാതെ അദ്ദേഹത്തിന്റെ വീട്ടില്‍ ഇയാള്‍ ഒരു കാലത്തും ജോലിക്ക് നിന്നിട്ടില്ല. സുരേഷ് ആ സമയത്ത് ചില സിനിമകളുടെ പരാജയവും മറ്റുമായി ആകെ സാമ്പത്തിക പ്രതിസന്ധിയിലാണ്. കയ്യില്‍ അഞ്ചു പൈസയില്ല. സുരേഷ് നേരെ വീട്ടിലേക്ക് പോയി ഭാര്യ മേനകയുടെ കഴുത്തില്‍ കിടന്ന മാല ഊരി വാങ്ങി അത് മാര്‍വാടികടയില്‍ പണയം വച്ച് 35,000 രൂപ സംഘടിപ്പിച്ച് കാക്കയ്ക്ക് കൊടുത്തയച്ചു. 

keerthy-suresh-family3

ഇതേക്കുറിച്ച് ആലപ്പി അഷറഫ് തന്റെ വിഡിയോയില്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയം. ‘‘സുരേഷ്‌കുമാര്‍ ഒരു ആര്‍എസ്എസുകാരനും ബിജെപിക്കാരനുമാണ്. അങ്ങനെയുളള ഒരാള്‍ ഒരു മുസ്‌ലിം പെണ്‍കുട്ടിയുടെ വിവാഹം നടത്താന്‍ സ്വന്തം ഭാര്യയുടെ മാല ഊരി പണയം വച്ച്  പണം കൊടുക്കുകയാണ്. അതും യാതൊരു വിധ കടപ്പാടോ വ്യക്തിബന്ധമോ ഇല്ലാത്ത ഒരാള്‍ക്ക്. മാനുഷികത എന്ന  വാക്കിന് എന്തെങ്കിലും അര്‍ഥമുണ്ടെങ്കില്‍ അത് ഇതാണെന്ന് എനിക്ക് തോന്നി’’.

നിര്‍മാതാവും പഴയ പ്രൊഡക്‌ഷന്‍ കണ്‍ട്രോളറുമായിരുന്ന കല്ലിയുര്‍ ശശിയുടെ വീട് ജപ്തി ചെയ്യാനായി ഉദ്യോഗസ്ഥര്‍ ജീപ്പില്‍ വരുന്ന സന്ദര്‍ഭം. ആകെ പകച്ചു നിന്ന ശശിക്ക് എന്ത് ചെയ്യണമെന്ന് ഒരു പിടിയും കിട്ടിയില്ല. കാരണം തളര്‍ന്നു വീഴുന്നവനെ ഒന്നുകൂടി ചവിട്ടുന്നവരുടെ ലോകമാണ് സിനിമ. ആരും സഹായിക്കില്ലെന്ന കാര്യം ഉറപ്പാണ്. പ്രതിസന്ധിയിലാണെന്ന് അറിഞ്ഞാല്‍ ആ വ്യക്തിയുടെ ഫോണ്‍ പോലും അറ്റന്‍ഡ് ചെയ്‌തെന്ന് വരില്ല. പെട്ടെന്ന് മനസില്‍ വന്നത് സുരേഷ്‌കുമാറിന്റെ മുഖമാണ്. വിളിച്ചയുടന്‍ അദ്ദേഹം ഫോണെടുത്തു. കാര്യം പറഞ്ഞപ്പോള്‍ ഉദ്യോഗസ്ഥരോട് അരമണിക്കൂര്‍ ഒന്ന് വെയിറ്റ് ചെയ്യാന്‍ അഭ്യര്‍ഥിക്കുന്നു. പറഞ്ഞ സമയത്തിനുളളില്‍ അദ്ദേഹം 10 ലക്ഷം രൂപയുമായി എത്തി ജപ്തി ഒഴിവാക്കി കൊടുത്തു. 

രതീഷിന്റെ മരണവും കുടുംബത്തിന്റെ ദുരവസ്ഥയും..

അതുപോലെ നടന്‍ രതീഷിന്റെ മരണശേഷം അനാഥമായ കുടുംബത്തിന് സുരേഷ് ഗോപിക്കൊപ്പം നിന്ന് താങ്ങും തണലുമായി പ്രവര്‍ത്തിച്ചതും ഇതേ സുരേഷ് കുമാറാണ്. രതീഷ് അകാലത്തില്‍ അന്തരിച്ചതോടെ ആ കുടുംബം ആകെ പ്രതിസന്ധിയിലാവുന്നു. രതീഷിന്റെ ഭാര്യ ഡയാന അര്‍ബുദ രോഗബാധിതയായി ആശുപത്രിയില്‍ കിടക്കുമ്പോള്‍ വെറുതെ കുറച്ച് സാമ്പത്തിക സഹായം എത്തിക്കുക മാത്രമല്ല സുരേഷ് ചെയ്തത്. ഭാര്യ മേനകയോടും മകള്‍ കീര്‍ത്തിയോടുമൊപ്പം ചെന്ന് അവരുടെ ശുശ്രൂഷിക്കുകയും ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം സുരേഷിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്ന് അദ്ദേഹത്തിന്റെ കുടുംബമാണ് അവരെ പരിചരിച്ചിരുന്നത്. 

ഡയാന മരിക്കുന്ന സമയത്ത് കീര്‍ത്തി മദ്രാസിലായിരുന്നു. ഞാന്‍ വരാതെ ബോഡി എടുക്കരുതെന്ന് കര്‍ശനമായി പറഞ്ഞിട്ട് അടുത്ത ഫ്‌ളൈറ്റില്‍  തിരുവനന്തപുരത്ത് എത്തുന്നു. വാവിട്ട് നിലവിളിച്ചുകൊണ്ടാണ് ആ കുട്ടി ഡയാനയെ യാത്രയാക്കിയത്. സ്വന്തം അമ്മയുടെ സ്ഥാനത്തായിരുന്നു കീര്‍ത്തി അവരെ കണ്ടിരുന്നത്. ഈ ദൃശ്യം കണ്ടു നിന്ന ചിലര്‍ അവരുടെ മകളാണോ ഈ കരയുന്നതെന്ന് ചോദിച്ചുവത്രെ. സുരേഷ്‌കുമാറിന്റെ അതേ നന്മകള്‍ ഹൃദയത്തില്‍ കൊണ്ടു നടക്കുന്നയാളാണ് കീര്‍ത്തി. പഠിപ്പിക്കാന്‍ കഴിവുളള നിര്‍ദ്ധനരായ ധാരാളം കുട്ടികളെ കീര്‍ത്തി സ്വന്തം ചിലവില്‍ പഠിപ്പിക്കുന്നു.

സുരേഷ്‌കുമാര്‍ നിര്‍മിച്ച ആറാം തമ്പുരാന്‍ എന്ന ചിത്രം 100-ാം ദിവസം ആഘോഷിച്ചു. സാധാരണ സിനിമാക്കാര്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ വലിയ മദ്യപാന സദസുകളും പാര്‍ട്ടികളുമൊക്കെയായി ആഘോഷിക്കുകയാണ് പതിവ്. എന്നാല്‍ സുരേഷ് ചെയ്തത് മറ്റൊന്നാണ്. മാനസികവൈകല്യം ബാധിച്ച കുട്ടികള്‍ താമസിക്കുന്നയിടത്തും ചില അനാഥാലയങ്ങള്‍ക്കും ഭക്ഷണവും വസ്ത്രവും സാമ്പത്തികസഹായവും ചെയ്തു കൊണ്ട് ദൈവം തനിക്ക് നല്‍കിയ നന്മകള്‍ക്ക് അദ്ദേഹം പകരം വീട്ടി. അവിടെയാണ് സുരേഷ് വ്യത്യസ്തനായത്. 

keerthy-suresh

കാലങ്ങള്‍ക്ക് മുന്‍പ് ആലപ്പുഴയിലെ ഒരു അനാഥാലയത്തിന്റെ ദുരവസ്ഥ അഷ്‌റഫ് സുരേഷിനോട് സൂചിപ്പിച്ചിരുന്നു. അഷറഫ് പോലും അക്കാര്യം പിന്നീട് മറന്നു പോയി. സുരേഷ് അത് കൃത്യമായി ഓര്‍ത്തു വച്ച് 100 -ാം ദിന ആഘോഷവേളയില്‍ അവിടെ ഇല്ലാത്ത സൗകര്യങ്ങളെല്ലാം എത്തിച്ചുകൊടുത്തു. ഫാന്‍ പോലും ഇല്ലാത്ത ആ സ്ഥാപനത്തിലേക്ക് സീലിങ് ഫാനുകളും ബഡുകളും വസ്ത്രങ്ങളും ഉള്‍പ്പെടെ ഒരു ലോഡ് സാധനങ്ങള്‍ കൊടുത്തു. ഇത്തരം നന്മകള്‍ മാധ്യമങ്ങളിലുടെ പ്രചരിപ്പിച്ച് സെല്‍ഫ് മാര്‍ക്കറ്റിങ് ചെയ്യുന്നവരുടെ ഗണത്തിലും ഈ അച്ഛനും മകളുമില്ല. ഈ കഥകളൊക്കെ ആലപ്പി അഷറഫ് തുറന്ന് പറഞ്ഞതു കൊണ്ട് മാത്രമാണ് പുറംലോകം അറിഞ്ഞത്.  ഒരുപക്ഷേ ഇതൊക്കെ പരസ്യപ്പെടുത്തിയത് പോലും ഇഷ്ടപ്പെടാത്ത കൂട്ടത്തിലാണ് സുരേഷ്. ഒന്നും പ്രതീക്ഷിക്കാതെ വിഷമം അനുഭവിക്കുന്നവരെ സഹായിക്കുന്നതില്‍ സംതൃപ്തി കണ്ടെത്തുന്ന അപൂര്‍വ ജനുസ്. 

കീർത്തി സുരേഷ്
കീർത്തി സുരേഷ്

സമാനമായ തലത്തില്‍ മാനുഷിക മൂല്യങ്ങള്‍ ഉള്‍ക്കൊളളുന്ന മറ്റൊരു വ്യക്തി കൂടിയുണ്ടായിരുന്നു സിനിമാലോകത്ത്. നിത്യഹരിത നായകന്‍ സാക്ഷാല്‍ പ്രേംനസീര്‍. അദ്ദേഹത്തിന്റെ കടുത്ത ആരാധകനായിരുന്നു സുരേഷ്. അഭിനയസിദ്ധിയുടെ പേരിലായിരുന്നില്ല ആരാധന. മറിച്ച് മനുഷ്യനെ സ്‌നേഹിക്കാനുളള ആ ഹൃദയവിശാലത സുരേഷിനെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. ഇന്ന് പ്രേംനസീര്‍ ഫൗണ്ടേഷന്റെ ചെയര്‍മാനാണ് സുരേഷ്‌കുമാര്‍. പ്രേംനസീറിന്റെ സമ്പൂര്‍ണ ജീവചരിത്രം പ്രസിദ്ധീകരിക്കുന്നത് പോലും സുരേഷിന്റെ നേതൃത്വത്തിലാണ്.

മോഹന്‍ലാലിനും വഴികാട്ടിയായി

സുരേഷിന്റെ സമീപനം നമ്മെ ബോധ്യപ്പെടുത്തുന്ന ചില യാഥാർഥ്യങ്ങളുണ്ട്.  ഒരാള്‍ ഏത് ജാതിയില്‍ ജനിച്ചു എന്നതോ ഏത് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നു എന്നതോ അല്ല പ്രശ്‌നം. മനുഷ്യനെ മനുഷ്യനായി കാണാനും ആവശ്യ സമയത്ത് സഹജീവികളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് സഹായിക്കാനുളള മനസുണ്ടോ എന്നതാണ്. വിരളമായ ആ മനോഭാവത്തിന് മലയാള സിനിമയില്‍ ഇന്ന് ഒരു പര്യായപദം പോലുമുണ്ട്. ജി.സുരേഷ്‌കുമാര്‍. സിനിമയില്‍ അവസരങ്ങള്‍ക്കായി ചെന്നെയില്‍ അലഞ്ഞു നടക്കുന്ന കാലത്ത് മോഹന്‍ലാല്‍ പോലും അറിയാതെ പത്രപരസ്യം കണ്ട് അദ്ദേഹത്തിന്റെ ബയോഡാറ്റയും ഫോട്ടോയും നവോദയയിലേക്ക് അയച്ചുകൊടുത്ത് ലാലിന് വഴിതുറന്ന് കൊടുത്തയാളാണ് സുരേഷ്. ലാല്‍ വലിയ താരമായപ്പോള്‍ അതിന്റെ പേരില്‍ കണക്ക് പറഞ്ഞ് സുരേഷ് പിന്നാലെ പോയില്ല. 

keerthy-suresh-mohanlal

ലാലിന് യോജിച്ച കഥാപാത്രങ്ങള്‍ വന്നപ്പോള്‍ മാത്രം അദ്ദേഹത്തെ നായകനാക്കി പടമെടുത്തു. അതും വളരെ കുറച്ചു സിനിമകള്‍ മാത്രം.സംവിധായകനാകാന്‍ മോഹിച്ച പ്രിയദര്‍ശന് ആദ്യമായി  അവസരം നല്‍കുന്നത് സുരേഷാണ്. ചിത്രം :പൂച്ചയ്‌ക്കൊരു മുക്കുത്തി. അന്ന് സുരേഷിന്റെ കയ്യില്‍ പണമില്ല. തിരുപ്പതി ചെട്ടിയാരുടെ സാമ്പത്തിക സഹായം കൊണ്ടാണ് സുരേഷ് പടം നിര്‍മിക്കുന്നത്. പടം ശശികുമാര്‍ സംവിധാനം ചെയ്യണമെന്ന് അദ്ദേഹം വാശിപിടിച്ചു. എന്നാല്‍ സൂരേഷ് വിട്ടുകൊടുത്തില്ല. തന്റെ റിസ്‌കില്‍ പ്രിയന് ഒരു അവസരം കൊടുക്കണമെന്ന് അഭ്യര്‍ഥിച്ചു. ചെട്ടിയാര്‍ സമ്മതിച്ചു. സിനിമ സൂപ്പര്‍ഹിറ്റായി എന്ന് മാത്രമല്ല പ്രിയന്‍ ഇന്ത്യയിലെ തന്നെ വലിയ സംവിധായകരില്‍ ഒരാളായി.എന്നാല്‍ താന്‍ കൈപിടിച്ചുയര്‍ത്തിയ ആള്‍ എന്ന ആനുകൂല്യം മുതലാക്കാന്‍ ഒരിക്കലും സുരേഷ് ശ്രമിച്ചില്ല. വാസ്തവത്തില്‍ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നന്മകള്‍ ചെയ്യാനുളള ആ മനസല്ലേ യഥാര്‍ഥ സൂപ്പര്‍സ്റ്റാര്‍...?

English Summary:

G. Suresh Kumar: A Beacon of Authenticity in a Sea of Cinematic Facades

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com