എത്ര തവണ കേട്ടിരിക്കുന്നു, മതിയാകുന്നില്ലല്ലോ! കാട്ടുപൂന്തേനരുവിക്കരയില്‍ ഇന്നുമുണ്ട് തമ്പി മാജിക്കിലെ ആ കാമുകഹൃദയം
Mail This Article
പ്രണയം. ആരിലും അത് വെറുതെ കടന്നുവരുകയല്ല, ഹൃദയവാടികയിൽ ആദ്യമായി അതിനൊരു പരിസരം ഉണ്ടാകേണ്ടതുണ്ട്. ആ പരിസരത്തോടു പൊരുത്തപ്പെട്ടുകഴിഞ്ഞാൽ തരളവികാരങ്ങളുടെ ചിറകേറി പ്രണയത്തിന്റെ വരവായി. പ്രപഞ്ചം പ്രണയബദ്ധമാണെന്നു പറഞ്ഞ കവി ശ്രീകുമാരൻ തമ്പിക്ക് തികഞ്ഞ നിശ്ചയമുണ്ട്, പ്രണയമെന്നത് അത്ര ഇൻസ്റ്റന്റായി സൃഷ്ടിക്കപ്പെടുന്ന ഒന്നല്ല. റെഡിമെയ്ഡ് പ്രണയങ്ങളുടെ അൽപായുസ്സിന് ജീവിതത്തിന്റെ വർണശബളതയ്ക്കുമേൽ കരിനിഴൽ വീഴ്ത്താനേ കഴിയൂ എന്നറിയാവുന്ന കവിയുടെ കാൽപനിക ഭാവത്തിനും യാഥാർഥ്യത്തോട് എന്നും ഒട്ടി നിന്നല്ലേ പറ്റൂ. നായക ഹൃദയത്തിലേക്ക് കൂടുകൂട്ടാൻ പോകുന്ന അനുരാഗത്തിന്റെ വരവിനെ ആ തൂലികയിലൂടെ ദൃശ്യവത്കരിക്കുമ്പോൾ അതുകാണാനും ചേലു കൂടുന്നത് സ്വാഭാവികം.
‘കുയിലിന്റെ മണിനാദം കേട്ടു .....’ നായക ഹൃദയത്തെ തൊട്ടുണർത്തി പ്രകൃതി ഒരുങ്ങുകയാണ്. ലോല തന്ത്രികളിലെ വിരൽ സ്പർശത്താൽ പൊഴിയുന്ന മധുരജതികൾ പോലെ ഇമ്പമുള്ള വാക്കുകൾ. അവയെ എത്ര താളാത്മകമായി വിന്യസിച്ചിരിക്കുന്നു! ‘കാട്ടിൽ കുതിരക്കുളമ്പടി കേട്ടു....’ മനസ്സൊന്ന് ഒരുങ്ങിയതു കൊണ്ടാവാം ദാ അഭിനിവേശത്തിന്റെ കുളമ്പടിയൊച്ചയും പിന്നാലെ! എത്രയോ ഏകാന്തതകളിൽ, മറവിയുടെ മറപറ്റിയ ഓർമകളെ വകഞ്ഞു പിടിച്ച് ഈ കുളമ്പടിയൊച്ച ഒരു രാജകീയഭൂതകാലത്തിന്റെ കുറുമൊഴി മുല്ലപ്പൂങ്കാട്ടിലേക്ക് ഈയുള്ളവനെയും കൈപിടിച്ച് കൊണ്ടുപോകുന്നു. കണ്ടതും കാണാനുള്ളതുമായ കാഴ്ചകളുടെ ഓർമകളിൽ പോലും ഊറിയിറങ്ങുന്ന മാധുര്യം.
കനവുകൾക്കു നിറമണിഞ്ഞ കൗമാരത്തിന്റെ കുളിരിടങ്ങളിലേക്ക് ഒന്നു പാളി നോക്കിയ കവിയുടെ കരളുകുളിർപ്പിച്ച് അവിടെ കണ്മുന്നിൽ കാണുകയായി വിടർന്ന രണ്ടു കുവലയ പൂക്കൾ!! അത്ര വാചാലമായി നായികാ വർണനയ്ക്കൊരുങ്ങാൻ ആ തൂലിക എന്തുകൊണ്ടോ അന്നത്ര മനസ്സു കാണിച്ചില്ല. സ്ക്രീനിൽ മലയാളത്തിന്റെ മെർലിൻ മൺറോ എന്ന വിജയശ്രീയാണെന്നതു കൊണ്ട്, എങ്ങനെയെഴുതി ഫലിപ്പിച്ചാലാണ് ആ സൗന്ദര്യത്തിനൊപ്പം എത്താനാവുക എന്നതിൽ കവിയും ഒന്നു ശങ്കിച്ചോ? ഏയ്.... വിടർന്ന കരിങ്കൂവളപ്പൂവുകൾക്ക് സമം നിൽക്കുന്ന കണ്ണുകളുള്ളവളെന്ന കൽപനയിൽത്തന്നെ ആ സൗന്ദര്യധാമം വരഞ്ഞു വീഴുമ്പോൾ അതിനുമപ്പുറം ഒരു അംഗോപാംഗ വർണന എന്തിന്?
1973 ൽ പുറത്തിറങ്ങിയ നസീർ ചിത്രമായ ‘പത്മവ്യൂഹ’ത്തിലെ യേശുദാസ് ഗാനത്തിനു കാലമിത്ര കടന്നിട്ടും യൗവനത്തിന്റെ തുടിപ്പാണ്. എഴുതിയ തമ്പിസാറും ആഭേരിയിൽ ഈണമൊരുക്കിയ അർജുനൻ മാസ്റ്ററും ഒരു പക്ഷേ ഗാനമിത്ര കാലജയിയാകുമെന്ന് കരുതിയിട്ടുണ്ടാവില്ല. നല്ല ഗാനങ്ങളെ എന്നും നെഞ്ചോടു ചേർക്കുന്ന മലയാളത്തിന്റെ ആസ്വാദന വഴിയിൽ കാലത്തിന്റെ കുത്തൊഴുക്കിനെ അതിജീവിച്ച ചുരുക്കം ചില ഗാനങ്ങളിൽ ഒന്നായി അങ്ങനെ ഇതും ചേർക്കപ്പെട്ടു.
അനുപല്ലവിയിൽ മണ്ണിലേക്കിറങ്ങി വരുന്ന മാലാഖയായി നായിക മാറുന്നു. നായക ഹൃദയത്തിൽ ഇടം പിടിക്കാൻ പോകുന്ന സുന്ദരി അത്ര സാധാരണക്കാരിയായിക്കൂടാ. ദാസേട്ടന്റെ ആലാപനത്തിൽ ഊർന്നുവീഴുന്ന മാധുര്യം ഒരു സ്വർഗീയാനുഭൂതിയെ വിളിച്ചറിയിക്കുകയും ചെയ്യുന്നു. അദ്ഭുതമെന്നു പറയട്ടെ, അവിടെയും കവിയുടെ കല്പനകൾ ഫോക്കസ് ചെയ്യുന്നത് ആ കണ്ണുകളിലേക്കാണ്! ആദ്യം കുവലയപ്പൂക്കളായിരുന്നുവെങ്കിൽ ഇവിടെ താമരപ്പൂവുകളായി മാറുന്ന മിഴിയിണകൾ നായക ഹൃദയത്തെ വല്ലാതെ കവർന്നുകഴിഞ്ഞു. മാത്രവുമല്ല, അവിടെനിന്നു പടർന്നുപാറുന്ന പ്രണയത്തിന്റെ പരാഗരേണുക്കളെ നായകഹൃദയത്തിലേക്ക് എത്തിക്കാനും ആ എഴുത്തഴകിനു കഴിഞ്ഞു! കേൾവിയിടങ്ങളിലേക്കും ചിതറിയെത്തുന്ന ആശാ പരാഗം കാലത്തെ വല്ലാതെ പുറകോട്ട് വലിക്കുന്നു.
‘ആ വർണരാഗപരാഗം എന്റെ ജീവനിൽ പുൽകി പടർന്നു’ എഴുത്തുവഴിയിലെ തമ്പി ശൈലി. ഗംഭീരം എന്നതിനപ്പുറം മറ്റൊരു വാക്ക് ഇനി കണ്ടെത്തേണ്ടിയിരിക്കുന്നു! നായക ഹൃദയത്തിൽ അതുവരെ അന്യമായ ഒരു വികാരത്തിന്റെ കുടിയേറ്റത്തെ കവി കൊണ്ടാടുമ്പോൾ കാൽപനികതയുടെ കളിയരങ്ങിൽ കാമുക ഭാവനകൾ അസുലഭ നിമിഷങ്ങളെയും പുൽകി നിർവൃതി കൊള്ളുന്നു.
പ്രണയം തളിരിട്ടുകഴിഞ്ഞ നായകനിൽ അതിനെയൊന്നൂട്ടിയുറപ്പിക്കുവാനുള്ള കവിയുടെ ശ്രമം ചരണത്തെ കൂടുതൽ ഹൃദ്യമാക്കുന്നു. അഭ്രപാളികളിൽ മരംചുറ്റി പ്രണയങ്ങൾ പൂത്തുതളിർത്ത എഴുപതുകളിലെ പതിവിന് ഇവിടെയും വലിയ മാറ്റങ്ങളില്ല. തോഴിമാരൊപ്പമില്ലാത്ത നായിക ഒരു കൂട്ടിനായും താങ്ങായുമൊക്കെ മരങ്ങളെ ആശ്രയിക്കുന്നു. എന്നാൽ വരികളിൽ തെളിയുന്ന ദൃശ്യഭംഗിയോ.... അപാരം! ഉപമകളും അതിനും മേലെയുള്ള വർണനകളുമൊക്കെക്കൂടി ചേർത്തൊരുക്കുന്ന പദമാലികയാൽ വരികൾ അണിഞ്ഞൊരുങ്ങുമ്പോൾ കാതുകൾക്ക് നല്ലൊരു വിരുന്നുതന്നെ. കവി കാട്ടിത്തരുന്ന ഇളവെയിൽ പൊന്നിൽ തിളങ്ങുന്ന കാട്ടുപൂന്തേനരുവിക്കരയിലേക്ക് പിന്നെ കാതമേറെയില്ല. ആതിരാ നൂൽചേല ചുറ്റിയ കനവുകളിൽ ഞാനും അങ്ങനെ നായകനായി മാറും .... എന്നിട്ടോ ....
ഒരു നൂറുവട്ടം ആവർത്തിക്കും
- ‘ഈ നദീതീരത്തു നീയാം
സ്വപ്നമീണമായ് എന്നിൽ നിറഞ്ഞു....’
കാമുകനെ പൂർണനാക്കുന്ന ആ തമ്പി മാജിക്! എത്ര തവണ കേട്ടിരിക്കുന്നു, മതിയാകുന്നില്ല. കേൾവികൾ പൂക്കുന്ന ഏകാന്തതകളിൽ ഉള്ളിലെ കാമുകൻ ഇന്നും ആ കാട്ടുപൂന്തേനരുവിക്കരയിൽത്തന്നെ.
* * * * * *
ഒരു പുതിയ സംഗീത സംവിധായകനെ കണ്ടെത്തണം– ദേവരാജൻ മാസ്റ്ററോട് പിണങ്ങി ‘ധിക്കാരി’ പട്ടം നേടിയ ശ്രീകുമാരൻ തമ്പിക്കു തോന്നിത്തുടങ്ങിയിട്ട് ദിവസങ്ങളായി. മാസ്റ്ററോട് പരിഭവിച്ച കെ.പി.കൊട്ടാരക്കരയ്ക്കും ചിന്ത മറ്റൊന്നല്ല. മലയാളത്തിന്റെ പാട്ടുവഴിയിലെ അതികായനോടിടഞ്ഞ ഇരുവരും ‘റെസ്റ്റ് ഹൗസി’നു വേണ്ടി ഒത്തുചേർന്നപ്പോൾ ആ ചിന്തയ്ക്ക് ഒന്നുകൂടി ആക്കം കൂടുകയായി.
‘മാനത്തെ മുറ്റത്ത് മഴവില്ലാലയ കെട്ടും മധുമാസ സന്ധ്യകളേ ...’ ഏറെ ഹൃദ്യമായ ഗാനത്തിന്റെ ഈണമൊരുക്കിയ ദേവരാജൻ മാസ്റ്ററെ, പിണക്കത്തിലായിരുന്നിട്ടും ഒന്നു പ്രകീർത്തിക്കാതിരിക്കാൻ തമ്പിക്കായില്ല. ‘‘ഇല്ല തമ്പി, അത് യേതാവത് ഡ്രാമകളുക്ക് മ്യൂസിക് പണ്ണി വറ ഒരു പുതുസാ ഡയറക്ടറുടെ പാട്ട് താനെ. അവരുടെ പേര് അർജുനൻ, അവർ അന്ത ദേവരാജൻ മാസ്റ്ററുടെ ഹാർമോണിസ്റ്റ് താനെ.’’ കേട്ടുകൊണ്ടിരുന്ന ആർ.കെ.ശേഖർ തമ്പിയെ തിരുത്തി. ‘‘നിങ്ങളുടെ ഹാർമോണിസ്റ്റ് മതി എന്റെ പാട്ട് ഹിറ്റാകാൻ!’’- ദേവരാജൻ മാസ്റ്ററുടെ ഹാർമോണിസ്റ്റ് ആരെന്നു പോലും അറിയാതെ മാസ്റ്ററിനു നേരെ ആക്രോശിച്ചിറങ്ങിപ്പോന്ന ആ പകൽ തമ്പിയുടെ മനസ്സിലേക്ക് ഒരു കൊള്ളിയാൻ കണക്കെ മിന്നി. ‘‘ശേഖറേ, ഏതു വിധേനയും അയാളെ നമുക്ക് കൊണ്ടുവരണം..’’, കൂടുതലൊന്നും ആലോചിക്കാൻ നിൽക്കാതെ ചാടിയെഴുനേറ്റ തമ്പിയുടെ തീരുമാനം ഉറച്ചതായിരുന്നു .
പിന്നെയെല്ലാം പെട്ടെന്നായിരുന്നു. ദാസേട്ടന്റെ സെക്രട്ടറി പോളിനെ വിളിച്ച് അർജുനനെന്ന ചെറുപ്പക്കാരനെ ചെന്നെയിലെത്തിക്കാൻ ഏർപ്പാടാക്കി. എന്നാൽ തോളിൽ ഒരു തുണിസഞ്ചിയും തൂക്കി കയറിവന്ന ആ സൗമ്യശാന്തനെ കണ്ട കെപിക്ക് അത്ര വിശ്വാസം പോരാ. ‘‘ഇയാളെക്കൊണ്ട് വല്ലതും നടക്കുമോ?’’ തമ്പിയെ അന്ന് മാറ്റി നിർത്തി കെപി തന്റെ ആശങ്ക പങ്കുവയ്ക്കാനും അന്ന് മടിച്ചില്ല. പക്ഷേ ആ സൗമ്യശാന്തനെ പഠിച്ച്, ആ കഴിവിൽ ഉറച്ചു വിശ്വസിച്ച തമ്പി നിർമാതാവിനു ധൈര്യം പകർന്നു.
ഹാർമോണിയത്തിനു മുമ്പിൽ കാത്തിരുന്ന എം.കെ.അർജുനനു നേരെ തമ്പി കടലാസ് നീട്ടി. വരികളും ഭാവവും മനസ്സിലാക്കി മോഹനരാഗത്തിൽ നിമിഷങ്ങൾകൊണ്ട് അർജുനഈണം പിറന്നു - ‘‘പൗർണമി ചന്ദ്രിക തൊട്ടു വിളിച്ചു, പത്മരാഗം പുഞ്ചിരിച്ചു ...’’ ഈണം കേട്ട കെ.പി.കൊട്ടാരക്കര തമ്പിയെ പുറത്തേക്കു വിളിച്ച് പൂണ്ടടക്കം കെട്ടിപ്പിടിച്ചു! ‘‘മതി, ഇയാള് മതി നമുക്ക് ഇനി.’’ കെപിയുടെ വാടക വീടിനു മുകളിലെ ആ ചെറുസഭ ഒരു പുതു യുഗത്തിലേക്കുള്ള, 'ശ്രീകുമാരൻ തമ്പി - അർജുനൻ' എന്ന കൂട്ടുകെട്ടിന്റെ പിറവിക്കു കൂടിയായിരുന്നു അന്ന് സാക്ഷ്യം വഹിച്ചത്. മലയാളത്തിന്റെ കാവ്യാംബരത്തിലെ പൗർണമിചന്ദ്രിക സ്വപ്നയീണങ്ങൾ കൊണ്ട് പൊൻപ്രഭയൊരുക്കിയ പത്മരാഗത്തെ തൊട്ടു വിളിച്ച പകൽ ...
റെസ്റ്റ് ഹൗസിൽ തുടങ്ങിയ ബന്ധം പത്മവ്യൂഹത്തിലേക്കെത്തിയ ആ വർഷത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു- ഗുരുഭക്തിയുടെ എളിമ ഒരു ഘട്ടത്തിലും കൈവിടാൻ കൂട്ടാക്കാത്ത അർജുനൻ മാസ്റ്റർ എണ്ണത്തിൽ ദേവരാജൻ മാസ്റ്റർ ചെയ്തത്രയും ഗാനങ്ങൾ ആ വർഷം ഒരുക്കി, മിക്കവയും സൂപ്പർ ഹിറ്റുകളും!!