ഇതിനു മുന്‍പ് സംഗീതത്തിന് എനിക്കൊരു ചെറിയ ട്രോഫി പോലും കിട്ടിയിട്ടില്ല; ആദ്യമായി കിട്ടിയത് സംസ്ഥാന പുരസ്കാരം: അജ്മല്‍ ഹസ്ബുല്ല അഭിമുഖം
Mail This Article
മികച്ച പശ്ചാത്തലസംഗീതത്തിനുള്ള പുരസ്കാരം ഇത്തവണ നേടിയത് അജ്മല്‍ ഹസ്ബുല്ല എന്ന യുവസംഗീതജ്ഞനാണ്. വൃത്താകൃതിയിലുള്ള ചതുരം എന്ന ചിത്രമാണ് അജ്മലിന് പുരസ്കാരം നേടിക്കൊടുത്തത്. സ്വതന്ത്രമായി സംഗീതസംവിധാനം ചെയ്ത ആദ്യചിത്രത്തിനു തന്നെ സംസ്ഥാന പുരസ്കാരം ലഭിക്കുകയെന്ന അപൂര്‍വനേട്ടമാണ് അജ്മലിനെ തേടിയെത്തിയത്. സംഗീതം പഠിക്കണമെന്ന ആഗ്രഹത്തിനു പിന്നാലെ നിശ്ചയദാര്‍ഢ്യത്തോടെ ഇറങ്ങിത്തിരിച്ച ഒരു ചെറുപ്പക്കാരന്റെ അക്ഷീണ പ്രയത്നത്തിനുള്ള അംഗീകാരം കൂടെയായി ഈ സംസ്ഥാന പുരസ്കാരം. സന്തോഷം പങ്കിട്ട് അജ്മല്‍ ഹസ്ബുല്ല മനോരമ ഓണ്‍ലൈനില്‍.
വാക്കുകളില്‍ വിവരിക്കാനാവില്ല
തിങ്കളാഴ്ച ചെന്നൈയിലേക്ക് തിരിച്ചു പോകാന്‍ ഇരുന്നതായിരുന്നു. പക്ഷേ, തിരുവനന്തപുരത്തു വച്ച് വണ്ടി ബ്രേക്ക് ഡൗണ്‍ ആയി. അങ്ങനെ തിരിച്ചു പോന്നു. അപ്പോഴാണ് അപ്രതീക്ഷിതമായി പുരസ്കാര വാര്‍ത്തയെത്തുന്നത്. ഇത് അറിഞ്ഞ് ഒരുപാടു പേര്‍ വിളിച്ചു. എന്റെ ജീവിതത്തില്‍ ആദ്യമായാണ് എനിക്ക് ഇത്രയും ഫോണ്‍ വിളികള്‍ വരുന്നത്. ജീവിതത്തില്‍ സംഗീതത്തിന്റെ പേരില്‍ എനിക്ക് ഇതിനു മുന്‍പ് ഒരു പുരസ്കാരവും ലഭിച്ചിട്ടില്ല. ഇത്രകാലം വര്‍ക്ക് ചെയ്തിട്ടുണ്ടെങ്കിലും ഒരു ചെറിയ ട്രോഫി പോലും കിട്ടിയിട്ടില്ല. ആദ്യമായി കിട്ടിയത് സംസ്ഥാന പുരസ്കാരം. ആ സന്തോഷം വിവരിക്കാന്‍ വാക്കുകളില്ല. ഇന്‍ഡസ്ട്രിയില്‍ തന്നെ പലര്‍ക്കും എന്നെ അറിയില്ല. ഞാനങ്ങനെ സുഹൃദ് കൂട്ടങ്ങളിലൊന്നും സജീവമായ ആളല്ല. അതുകൊണ്ട്, അവാര്‍ഡ് കിട്ടിയപ്പോള്‍ പലര്‍ക്കും എന്നെ അറിയില്ല. പുതിയ പിള്ളേരു വരട്ടെ എന്നാണ് എന്റെ അഭിപ്രായം. പഴയ ആളുകള്‍ മാത്രം പുരസ്കാരം നേടിയാല്‍ പോരല്ലോ. പുതിയതായി ഇന്‍ഡസ്ട്രിയിലെത്തിയവരില്‍ ഒരുപാടു നല്ല ആളുകളുണ്ട്. സുഷിന്‍ ഒക്കെ നന്നായി ചെയ്യുന്നുണ്ടല്ലോ.
തുടങ്ങിയത് കീബോര്‍ഡ് പ്രോഗ്രാമറായി
നാട് കൊല്ലമാണ്. തിരുവനന്തപുരത്തെ സ്വാതി തിരുന്നാള്‍ സംഗീത കോളജിലാണ് ഡിഗ്രി ചെയ്തത്. അതിനുശേഷം സൗണ്ട് എന്‍ജിനീയറിങ് പഠിക്കാന്‍ ചെന്നൈ പോയി. മെജോ ജോസഫിനൊപ്പമാണ് ഞാന്‍ തുടങ്ങുന്നത്. കീബോര്‍ഡ് പ്രോഗ്രാമറായി ആദ്യത്തെ വര്‍ക്ക് അദ്ദേഹത്തിന്റെ കൂടെയായിരുന്നു. പിന്നെ തമിഴിലേക്ക് പോയി. എന്റെ സ്റ്റൈലിന് കൂടുതല്‍ യോജിക്കുന്നത് തമിഴ് ആകുമെന്ന് കരുതിയാണ് ചെന്നൈയിലേക്ക് പോയത്. ഞാന്‍ ഒരു മുസ്ലിം കുടുംബത്തില്‍ നിന്നാണ് വരുന്നത്. വേറെ ജോലിക്ക് പോയ്ക്കൂടെ എന്ന ചോദ്യം നിരവധി തവണ കേട്ടിട്ടുണ്ട്. ഇടയ്ക്ക് പല പ്രശ്നങ്ങളും നേരിടേണ്ടി വന്നു. പക്ഷേ, നമ്മളായി ഒരു തീരുമാനമെടുത്ത് അങ്ങു ഇറങ്ങി. പിന്നെ, എങ്ങനെയൊക്കെയോ അതു മാറ്റിയെടുത്തു. ഇപ്പോള്‍ ഈ പുരസ്കാരം ലഭിച്ചപ്പോള്‍ ഉമ്മയ്ക്കും വാപ്പയ്ക്കും ഇത്തമാര്‍ക്കും വലിയ സന്തോഷമാണ്.
ഇതെന്റെ ആദ്യ ചിത്രം
വൃത്താകൃതിയിലുള്ള ചതുരം എന്റെ ആദ്യ ചിത്രമാണ്. ഒന്‍പതു വര്‍ഷമായി ഇന്‍ഡസ്ട്രിയിലുണ്ട്. ചെന്നൈ ബേസ് ചെയ്താണ് വര്‍ക്ക് ചെയ്യുന്നത്. വിക്രം വേദ, കൈദി തുടങ്ങിയ സിനികള്‍ക്കു വേണ്ടി മ്യൂസിക് ചെയ്ത സംഗീത സംവിധായകന്‍ സാം. സി.എസിനൊപ്പമാണ് ഇപ്പോള്‍. പശ്ചാത്തല സംഗീതം, പാട്ടിന്റെ പ്രോഗ്രാമിങ് എന്നിങ്ങനെയുള്ള മേഖലകളിലാണ് കൂടുതലും വര്‍ക്ക് ചെയ്യാറുള്ളത്. വൃത്താകൃതിയിലുള്ള ചതുരം എന്ന ചിത്രത്തിന്റെ സംവിധായകന്‍ കൃശാന്തിനെ എനിക്ക് നേരത്തെ അറിയാം. അദ്ദേഹത്തിന്റെ ഷോര്‍ട്ട് ഫിലിമും മറ്റു വര്‍ക്കുകളും ചെയ്തിട്ടുണ്ട്. അങ്ങനെയാണ് അദ്ദേഹത്തിന്റെ സിനിമയില്‍ അവസരം ലഭിച്ചത്. കൊറിയയില്‍ താമസിക്കുന്ന ഒരാളുടെ അച്ഛന്‍ മരിക്കുന്നതും അങ്ങനെ നാട്ടില്‍ വരാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്യുന്ന ഒരു കഥാപാത്രമാണ് ചിത്രത്തിന്റെ നായകന്‍. അയാള്‍ നടത്തുന്ന യാത്രയിലൂടെയാണ് കഥ വികസിക്കുന്നത്. കോവിഡ് കാരണം ചിത്രം റിലീസ് ചെയ്യാന്‍ പറ്റിയില്ല.