‘പൊരുതുന്നു കേരളം വീര്യത്തോടെ’; പ്രചോദനം പകർന്ന് ‘തിരിനാളം’ സംഗീത ആൽബം
Mail This Article
മഹാമാരിയോടു പൊരുതി ജയിക്കാൻ പ്രചോദനമായി ‘തിരിനാളം’ സംഗീത വിഡിയോ. വയലാർ ശരത്ചന്ദ്രവർമ വരികളെഴുതിയ പാട്ടിനു യുവസംഗീതസംവിധായകൻ സിജോ മാത്യു ജേക്കബ് ആണ് ഈണമൊരുക്കിയത്. ഗായകരായ അഫ്സലിന്റെയും ശ്വേത അശോകിന്റെയും സ്വരഭംഗിയില്‍ പാട്ട് പുറത്തിറങ്ങി. മനോരമ മ്യൂസിക് ആണ് ‘തിരിനാളം’ ആസ്വാദകർക്കരികിൽ എത്തിച്ചത്.
‘പൊരുതുന്നു കേരളം വീര്യത്തോടെ
മാനവീയമാം ശീലത്തോടെ
കോവിഡാധിയെ തോൽപ്പിക്കും നമ്മൾ
കരുതുന്നു കേരളം സ്നേഹത്തോടെ
കാവലായിതാ കൂട്ടത്തോടെ
സോദരങ്ങളെ കാത്തിടും നമ്മൾ.....’
മനസ്സ് മടുപ്പിക്കുന്ന മഹാമാരിക്കാലത്ത് സാന്ത്വനവും പ്രതീക്ഷയും പകർന്നാണ് പാട്ടൊരുക്കിയിരിക്കുന്നത്. നിരാശയുടെ ഇരുളകന്ന് പ്രത്യാശയുടെ നല്ല നാളുകൾ പിറക്കുമെന്ന് വരികളിൽ പറഞ്ഞുവയ്ക്കുന്നു. ഒറ്റക്കെട്ടായി പൊരുതി കോവിഡിനെ തോൽപ്പിക്കാനുള്ള തീക്ഷ്ണമായ ആഹ്വാനവും പാട്ടിൽ തെളിയുന്നു. കോവിഡ് മുന്നണിപോരാളികളായ ആരോഗ്യപ്രവർത്തകർക്കുള്ള ആദരസൂചകമായാണ് പാട്ടൊരുക്കിയതെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു.
ഡോ.എൽ. ലോർഡ്വിൻ കെ.ദാസും ഡോ.മുരളികൃഷ്ണനും ചേർന്നാണ് സംഗീത ആൽബം നിർമിച്ചിരിക്കുന്നത്. ഡേവിഡ് ഷോൺ കീബോർഡ് പ്രോഗ്രാമിങ്ങ് നിർവഹിച്ചു. അലിഷെന്‍ തോമസ് പുല്ലാങ്കുഴലിലും അലക്സ് മാത്യു ഗിറ്റാറിലും ഈണമൊരുക്കി. സന്തോഷ്, ജെറി എന്നിവർ ചേർന്നു ഛായാഗ്രഹണം നിർവഹിച്ച വിഡിയോയുടെ എഡിറ്റിങ് സുബിൻ കെ.ജോൺസൺ ആണ്. ഇതിനോടകം നിരവധി ആസ്വാദകരെ സ്വന്തമാക്കിയ പാട്ടിനു സമൂഹമാധ്യമങ്ങളിൽ നിന്നും മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്.