കിഴക്ക് സിൻഗ്രോളിയിൽ ഉദയം കാത്ത് എഎപി

Mail This Article
സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ കിഴക്കു നിന്നൊരു ഉദയമുണ്ടാകുമോ? മധ്യപ്രദേശ് തിരഞ്ഞെടുപ്പിന് 2 ദിവസം മാത്രം ബാക്കി നിൽക്കേ ചർച്ചകളിൽ ഈ ചോദ്യം നിറയുന്നു. സംസ്ഥാനത്തിന്റെ കിഴക്കേ അതിർത്തിയായ സിൻഗ്രോളിയെക്കുറിച്ചാണ് ചോദ്യം. അവിടെ പ്രചാരണത്തിൽ കോൺഗ്രസിനും ബിജെപിക്കുമൊപ്പം ആം ആദ്മി പാർട്ടിയും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. 70 സീറ്റുകളിൽ മത്സരിക്കുന്ന എഎപി ഏറ്റവും കൂടുതൽ വിജയപ്രതീക്ഷ വയ്ക്കുന്ന മണ്ഡലമാണ്, മധ്യപ്രദേശിന്റെ വൈദ്യുതി ഉദ്പാദനത്തിന്റെ തലസ്ഥാനമായ സിൻഗ്രോളി.
2018 ൽ 208 സീറ്റിലാണ് എഎപി മത്സരിച്ചത്. ഭൂരിഭാഗം സീറ്റുകളിലും കെട്ടിവച്ച പണം പോയി. അന്ന് ബിജെപി ജയിച്ച സിൻഗ്രോളിയിൽ കോൺഗ്രസും എഎപിയും തമ്മിലുള്ള വോട്ട് വ്യത്യാസം വെറും 813 ആയിരുന്നു. ബിജെപിയിൽ നിന്നെത്തിയ റാണി അഗർവാൾ ആയിരുന്നു എഎപി സ്ഥാനാർഥി. കഴിഞ്ഞ വർഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ സിൻഗ്രോളിയിലെ മേയർ സ്ഥാനം എഎപിക്കു ലഭിച്ചു. റാണി അഗർവാൾ തന്നെയായിരുന്നു സ്ഥാനാർഥി. സംസ്ഥാനത്തെ പാർട്ടിയുടെ മുഖമായ റാണി നിലവിൽ സംസ്ഥാന അധ്യക്ഷയുമാണ്.
ദേശീയ നേതൃത്വം സർവേ നടത്തി കണ്ടെത്തിയ മണ്ഡലങ്ങളിൽ മാത്രമാണ് എഎപി ഇത്തവണ മത്സരിക്കുന്നത്. റാണിയെ തന്നെ രംഗത്തിറക്കി സിൻഗ്രോളിയിൽ നിന്നു നിയമസഭാ വിജയത്തിന്റെ ഹരിശ്രീ കുറിക്കാനാണ് പാർട്ടിയുടെ ശ്രമം. പാർട്ടിയുടെ മുഖ്യമന്ത്രിമാരായ അരവിന്ദ് കേജ്‌രിവാളും ഭഗവന്ത് മന്നും പലവട്ടം ഇവിടെ പ്രചാരണത്തിനെത്തി. പാർട്ടി ചിഹ്നമായ ചൂലുമായി വീടുകൾ തോറും കയറിയിറങ്ങുന്ന പാർട്ടി കൂടുതലൊന്നും പറയുന്നില്ല. ‘ഡൽഹിയിലേക്കു നോക്കൂ, പഞ്ചാബിലേക്കു നോക്കൂ. മധ്യപ്രദേശിനെയും അതുപോലെ മാറ്റിയെടുക്കാം’.
കൽക്കരി ഖനന വ്യവസായത്താൽ സമൃദ്ധമായ സിൻഗ്രോളി ഇൻഡോർ കഴിഞ്ഞാൽ മധ്യപ്രദേശിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള കോർപറേഷനാണ്. 2008 മുതൽ ബിജെപിക്കു മാത്രമാണ് മണ്ഡലത്തിൽ ജയം. സിറ്റിങ് എംഎൽഎ രാംലുല്ല വൈശ്യയെ മാറ്റി രാം നിവാസ് ഷായെ ആണ് ബിജെപി ഇത്തവണ രംഗത്തിറക്കിയത്. രേണു ഷായാണ് കോൺഗ്രസ് സ്ഥാനാർഥി.
മധ്യപ്രദേശ്, ഛത്തീസ്ഗഡ് പ്രചാരണം ഇന്നു തീരും
ന്യൂഡൽഹി ∙ മധ്യപ്രദേശിലും ഛത്തീസ്ഗഡിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നു വൈകിട്ട് ആറിന് അവസാനിക്കും. മധ്യപ്രദേശിലെ മുഴുവൻ സീറ്റിലേക്കുമുള്ള (230 സീറ്റ്) വോട്ടെടുപ്പ് 17ന് ആണ്. ഛത്തീസ്ഗഡിൽ 20 സീറ്റിലെ വോട്ടെടുപ്പ് ഈ മാസം 7ന് പൂർത്തിയായിരുന്നു. ബാക്കി 70 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണു വെള്ളിയാഴ്ച നടക്കുന്നത്. മിസോറമിൽ 7നു വോട്ടെടുപ്പ് നടന്നു.
രാജസ്ഥാൻ (നവംബർ 25), തെലങ്കാന (30) എന്നിവിടങ്ങളിലെ പോളിങ്ങിനു ശേഷം എല്ലായിടത്തെയും വോട്ടെണ്ണൽ ഡിസംബർ 3ന് നടക്കും.