കേജ്രിവാളിന്റെ രാജി: ഇടപെടാതെ ഹൈക്കോടതി
Mail This Article
ന്യൂഡൽഹി ∙ മദ്യനയക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അറസ്റ്റിലായ അരവിന്ദ് കേജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇടപെട്ടില്ല.
ജനാധിപത്യം അതിന്റെ വഴിക്കു നീങ്ങട്ടെയെന്നു വ്യക്തമാക്കിയ ആക്ടിങ് ചീഫ് ജസ്റ്റിസ് മൻമോഹൻ അധ്യക്ഷനായ ബെഞ്ച് ഹർജി പിൻവലിക്കാൻ കക്ഷിക്ക് അനുമതി നൽകി. സമാന ഹർജി നേരത്തെ തള്ളിയിരുന്നു. ഒരേ വിഷയത്തിൽ വ്യത്യസ്ത നിലപാട് എടുക്കാനാകില്ലെന്നും കോടതി പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറണോ എന്നതു കേജ്‌രിവാൾ തന്നെ തീരുമാനിക്കേണ്ട കാര്യമാണ്. വ്യക്തിപരമായ താൽപര്യങ്ങൾ ദേശീയ താൽപര്യത്തിനു കീഴിലായിരിക്കണമെന്നു കോടതി ഓർമിപ്പിച്ചു.
കവിതയുടെ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി
ന്യൂഡൽഹി ∙ ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കെ.കവിത പ്രധാനപ്പെട്ട രാഷ്ട്രീയ നേതാവാണെന്നും ഈ സാഹചര്യത്തിൽ കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിൽ (പിഎംഎൽഎ) സ്ത്രീകൾക്ക് അനുവദിച്ചിരുന്ന ആനുകൂല്യങ്ങൾ ഇവർക്കു ബാധകമാകില്ലെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വാദിച്ചു.
കവിതയുടെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്താണ് ഇ.ഡി അഭിഭാഷകൻ സൊഹൈബ് ഹുസൈൻ ഈ വാദമുയർത്തിയത്. മദ്യനയക്കേസിൽ കോഴ നൽകിയ പ്രധാന വ്യക്തികളിൽ ഒരാളാണു കവിതയെന്നും മദ്യലൈസൻസ് സ്വന്തമാക്കിയ കമ്പനിയുടെ നേട്ടങ്ങൾ ഇവർക്കും ലഭിച്ചുവെന്നും അദ്ദേഹം വാദിച്ചു. സാക്ഷിമൊഴികൾ മാത്രമല്ല, ഇടപാടുകൾ തെളിയിക്കാൻ ആവശ്യമായ വാട്സാപ് രേഖകളും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും കൈവശമുണ്ടെന്നും വ്യക്തമാക്കി.
സ്ത്രീയെന്ന നിലയിലുള്ള അവകാശങ്ങൾ പരിഗണിച്ചു ജാമ്യം നൽകണമെന്നു നേരത്തെ കവിതയ്ക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിങ്‌വി വാദിച്ചു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട തെളിവുകളൊന്നും അന്വേഷണ ഏജൻസിക്കു ലഭിച്ചിട്ടില്ല. മദ്യനയക്കേസിൽ കഴിഞ്ഞ മാസം 15ന് അറസ്റ്റിലായ കവിതയെ 26നു ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.