ഓർമകളിൽ എന്നും ആ ‘മോഹന’ ഗ്രാമം
Mail This Article
1937–ലെ റജിസ്റ്റർ പ്രകാരം, പാക്കിസ്ഥാനിലെ ഗാഹ് ഗ്രാമത്തിലെ ചെറിയ പള്ളിക്കൂടത്തിലെ 187–ാം നമ്പർ വിദ്യാർഥിയായിരുന്നു നാട്ടുകാരുടെയും വീട്ടുകാരുടെയും ‘മോഹൻ’ എന്ന മൻമോഹൻ. ബഖ്ത് ബാനോ എന്ന ഏക പെൺകുട്ടിയും കുറേ കൂട്ടുകാരുമായി നടന്ന പ്രൈമറി സ്കൂൾ കാലം ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയപ്പോഴും മൻമോഹന്റെ മനസ്സിൽ മങ്ങിയില്ല. കളിക്കാൻ കൂടിയില്ലെങ്കിൽ കുളത്തിലേക്ക് തള്ളിയിടുന്ന കൂട്ടുകാരോടു പിണങ്ങിയില്ല. ഗാഹിലെ ആ മധുരനൊമ്പരങ്ങളെക്കുറിച്ച് എക്കാലവും ഓർത്തു. ഗാഹിലേക്കു പോയാലോ എന്നു മകൾ ധമൻ സിങ് ഒരിക്കൽ ചോദിച്ചതാണ്. വേണ്ട എന്നായിരുന്നു മൻമോഹന്റെ മറുപടി. ചിലപ്പോഴെല്ലാം പോകണമെന്നു മനസ്സു പറഞ്ഞെങ്കിലും.
ഇന്ത്യ പാക്ക് വിഭജനത്തിനു തൊട്ടു മുൻപ് അരങ്ങേറിയ കലാപത്തിൽ മുത്തച്ഛൻ കൊല്ലപ്പെടുകയും ഗ്രാമത്തിൽ കൊള്ളയും തീവയ്പ്പുമുണ്ടാകുകയും ചെയ്ത കാലവും ഓർമയുമായിരുന്നു മൻമോഹനു മുന്നിൽ തടസ്സമായി നിന്നത്. അപ്പോഴും അവിടത്തെ പ്രിയപ്പെട്ട മനുഷ്യരെ മറന്നില്ല. അവർ തിരിച്ചും. മോഹനെ തേടി ഗ്രാമത്തിൽ നിന്നു വന്നവരെല്ലാം ഗാഹിലെ മണ്ണും വെള്ളവും സമ്മാനിച്ചത് അദ്ദേഹത്തിന്റെ മനസ്സറിഞ്ഞു തന്നെയാകണം. പാക്ക് പ്രസിഡന്റായിരിക്കെ പർവേസ് മുഷറഫ് കൈമാറിയതു ഗാഹ് ഗ്രാമത്തിന്റെ ജലച്ചായ ചിത്രമായിരുന്നു. അതു മൻമോഹന്റെയും ഗുർശരണിന്റെയും കിടപ്പുമുറിയിൽ സ്ഥാനം പിടിച്ചു.
ഗാഹിലെ സാധാരണ സ്കൂളിലായിരുന്നു മൻമോഹൻ പഠനം തുടങ്ങിയത്. അവിടെ നിന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയെന്ന അതുല്യനേട്ടത്തിലേക്ക് അദ്ദേഹം വളർന്നെത്തിയതിന്റെ അനുഗ്രഹം ഗാഹിനും ലഭിച്ചു. മൻമോഹൻ പ്രധാനമന്ത്രിയായപ്പോൾ ആദരപൂർവം പാക്കിസ്ഥാൻ ഗാഹിലെ സ്കൂളിന് മൻമോഹൻ സിങ് ബോയ്സ് സ്കൂൾ എന്നു പേരിട്ടു. മൻമോഹൻ അതിനു പാക്കിസ്ഥാനോടു നന്ദിയും അറിയിച്ചു. അവഗണിക്കപ്പെട്ടുപോകുമായിരുന്ന അനേക ഗ്രാമങ്ങളിലൊന്നായ ഗാഹ് മാതൃകാ ഗ്രാമമായതും പല സൗകര്യങ്ങളും കൈവന്നതും മൻമോഹനിലൂടെ കൈവന്ന ശ്രദ്ധ കൊണ്ടാണ്.
ഗാഹിലേക്കു പോകാൻ കഴിഞ്ഞിട്ടില്ലെങ്കിലും മൻമോഹന്റെ തന്നെ ക്ഷണപ്രകാരം, അദ്ദേഹത്തിന്റെ ബാല്യകാല സുഹൃത്ത് ഡൽഹിയിലെത്തിയിട്ടുണ്ട്. രാജ മുഹമ്മദ് അലിയുടെ 2008 ലെ ആ വരവ് വലിയ വാർത്തയായിരുന്നു. ഗാഹിലെ മണ്ണും വെള്ളവും ഗ്രാമത്തിന്റെ ചിത്രവും 100 വർഷത്തിലധികം പഴക്കമുള്ള സവിശേഷമായ ഷോളും മൻമോഹന്റെ ഭാര്യയ്ക്ക് സൽവാർ കമ്മീസും എല്ലാമായായിരുന്നു സുഹൃത്തിന്റെ വരവ്. തലപ്പാവും ഷോളും വാച്ചുമായിരുന്നു മൻമോഹന്റെ സമ്മാനം.
ഗാഹിൽ നിന്ന് പിന്നെയും പലരും മൻമോഹനെയും കുടുംബത്തെയും കാണാനെത്തി. അവിടത്തെ പ്രസിദ്ധമായ ചക്‌വാൽ ചെരുപ്പുകളുടെ ശേഖരം വീട്ടിലേക്ക് എത്തിയത് അങ്ങനെയാണ്. ഡോക്ടർമാർ എതിരു പറഞ്ഞിട്ടും ചക്‌വാലിലെ മധുരപലഹാരങ്ങൾ കിട്ടിയപ്പോഴെല്ലാം മൻമോഹൻ ഗാഹിലെ മോഹനായി!