ADVERTISEMENT

ന്യൂഡൽഹി∙ ഉത്തരവാദിത്തബോധമുള്ള ജനകീയ സർക്കാരിനു മാത്രമേ മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കാൻ കഴിയൂവെന്നു കോൺഗ്രസ് നേതാവും ലോക്സഭാംഗവുമായ ബിമോൽ അകോയ്ജം പറഞ്ഞു. സംസ്ഥാനത്തെ പ്രശ്നങ്ങൾക്കു പ്രധാന ഉത്തരവാദി കേന്ദ്രസർക്കാരാണെന്നും മലയാള മനോരമയ്ക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

Q വംശീയതയ്ക്കു പുറമേ എന്തൊക്കെ വിഷയങ്ങളാണു മണിപ്പുർ കലാപത്തിനു പിറകിൽ?

A
ലഹരിമരുന്നു സംഘങ്ങളുടെ ഇടപെടലും വനനശീകരണവും മണിപ്പുരിലെ സാമൂഹികാന്തരീക്ഷത്തെ മാറ്റി. വികസനത്തിലെ അസമത്വവും പ്രശ്നമാണ്. മ്യാൻമറിൽനിന്നു വൻ തോതിൽ ആയുധങ്ങളെത്തുന്നു. സായുധസംഘങ്ങൾ തിരഞ്ഞെടുപ്പിൽ ബൂത്തു പിടിക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്തു.

Q സായുധ സംഘങ്ങൾക്ക് ആയുധങ്ങൾ ലഭിച്ചതു മ്യാൻമറിൽനിന്നു മാത്രമാണോ?

ഉറപ്പില്ല. മറ്റാരെങ്കിലും നൽകിയിട്ടുണ്ടോയെന്ന് അന്വേഷിക്കണം.

Q തിരഞ്ഞെടുപ്പാണോ വേണ്ടത്? ഏതുതരം സർക്കാർ വേണമെന്നാണു പറയുന്നത്?

A
തിരഞ്ഞെടുപ്പിനു മാത്രമല്ല, സമാധാനത്തിനായി ഏതു സംവിധാനത്തിനും കോൺഗ്രസ് തയാറാണ്. പുതിയ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പാവ സർക്കാരിനെ വച്ചിട്ടു കാര്യമില്ല. അപ്പോഴും നിയന്ത്രണം കേന്ദ്രത്തിനു തന്നെയാകും. രാഷ്ട്രപതി ഭരണമായാലും കേന്ദ്രം തന്നെയാണു ഭരിക്കുക. ഇതുകൊണ്ടു പ്രയോജനമുണ്ടാകില്ല. ഉത്തരവാദിത്തമുള്ള ജനകീയ സർക്കാർ വരണം. ജനങ്ങൾക്കു സുരക്ഷ വേണം. അക്രമം നിഷ്പക്ഷമായി അടിച്ചമർത്തണം.

Q ബിരേൻ സിങ് മാത്രമാണോ നിലവിലുള്ള പ്രശ്നങ്ങൾക്ക് ഉത്തരവാദി?

A
പ്രധാന ഉത്തരവാദി കേന്ദ്രസർക്കാരാണ്. ഗവർണറെയും സുരക്ഷാ ഉപദേഷ്ടാവിനെയും നിയോഗിച്ചു സംസ്ഥാന സർക്കാരിനെ പാവയാക്കി.

Q പ്രധാനമന്ത്രി മണിപ്പുർ സന്ദർശിച്ചതുകൊണ്ടു കാര്യമുണ്ടോ?

A
ജനങ്ങൾക്ക് ആത്മവിശ്വാസം നൽകാൻ പ്രധാനമന്ത്രി സന്ദർശിക്കണമായിരുന്നു. എന്നാൽ ആ സമയമൊക്കെ കഴിഞ്ഞു.

Q ബിരേൻ സിങ്ങിന്റെ രാജിയോടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമോ?

A
ബിജെപി വല്ലാത്തൊരു കുരുക്കിലായിരുന്നു. അതിൽനിന്നു രക്ഷപ്പെടാനും കേന്ദ്രത്തിന്റെയും ബിജെപിയുടെയും മുഖം രക്ഷിക്കാനുമുള്ള സൂത്രപ്പണി മാത്രമാണീ നടപടി. കോൺഗ്രസിന്റെ അവിശ്വാസ പ്രമേയത്തിൽ ചർച്ചയും പ്രമേയം വോട്ടിനിട്ടാൽ ബിജെപിക്കാർ തന്നെ അതിനെ പിന്തുണയ്ക്കുന്ന സാഹചര്യവും ഒഴിവാക്കാൻ വേണ്ടിയാണിതു ചെയ്തത്.

English Summary:

Angomcha Bimol Akoijam on Manipur: Central Government primarily responsible

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com