പുരുഷന്മാർക്ക് കൈവിലങ്ങും കാൽച്ചങ്ങലയും, സിഖ് യുവാക്കളുടെ തലപ്പാവ് അഴിപ്പിച്ചെന്നും ആരോപണം; നയം മാറ്റാതെ യുഎസ്

Mail This Article
ന്യൂഡൽഹി ∙ ഇന്ത്യയുടെ അതൃപ്തിയും മോദി–ട്രംപ് കൂടിക്കാഴ്ചയും യുഎസ് സമീപനത്തിൽ മാറ്റം വരുത്തിയില്ല; തിരിച്ചയയ്ക്കപ്പെട്ടവരുമായി ശനിയാഴ്ച അമൃത്സറിൽ എത്തിയ രണ്ടാം വിമാനത്തിലെ 116 പേരിൽ പുരുഷന്മാരെ എത്തിച്ചത് കൈവിലങ്ങും കാൽച്ചങ്ങലയും ധരിപ്പിച്ചുതന്നെ. ഏതാനും സിഖ് യുവാക്കളുടെ തലപ്പാവ് അഴിപ്പിച്ചെന്നും ആരോപണമുണ്ട്. അനധികൃത കുടിയേറ്റക്കാരുമായി ഫെബ്രുവരി 5ന് എത്തിയ ആദ്യ വിമാനത്തിൽ പുരുഷന്മാരെയും സ്ത്രീകളെയും വിലങ്ങും കാൽച്ചങ്ങലയും ധരിപ്പിച്ചാണ് കൊണ്ടുവന്നത്. യുഎസ് സൈനിക വിമാനത്തിൽ 41 മണിക്കൂറിലേറെ വിലങ്ങിട്ട് ഇരുത്തിയതിനെതിരെ രാജ്യവ്യാപകമായി വലിയ പ്രതിഷേധമാണ് ഉണ്ടായത്.
യുഎസ് പ്രവർത്തന മാർഗരേഖയിലെ നിർദേശങ്ങൾ അനുസരിച്ചാണു കുടിയൊഴിപ്പിക്കലെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പാർലമെന്റിൽ പറഞ്ഞത്. എന്നാൽ ഇന്ത്യക്കാരോടു സ്വീകരിച്ച സമീപനത്തിൽ കേന്ദ്രസർക്കാർ പ്രതിഷേധം അറിയിച്ചുവെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പിന്നീടു വിശദീകരിച്ചു. വിലങ്ങും കാൽച്ചങ്ങലയും ധരിപ്പിക്കുന്നത് ഒഴിവാക്കാമായിരുന്നുവെന്നും ഇക്കാര്യത്തിൽ ഇന്ത്യ അതൃപ്തി അറിയിച്ചുവെന്നുമാണ് വിക്രം മിശ്രി പറഞ്ഞത്. എന്നാൽ ഇതൊന്നും ഫലം കണ്ടില്ലെന്നു വ്യക്തമാക്കുന്നതാണ് യുഎസ് നടപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനവും യുഎസിന്റെ നയം മാറ്റിയില്ല. പ്രതിഷേധവുമായി കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്.
മൂന്നാം വിമാനവും എത്തി
ന്യൂഡൽഹി ∙ അനധികൃത കുടിയേറ്റക്കാരായ 112 പേരുമായി യുഎസിൽ നിന്നുള്ള മൂന്നാമത്തെ വിമാനം ഇന്നലെ രാത്രി പഞ്ചാബിലെ അമൃത്സറിലെത്തി. പഞ്ചാബ്, ഹരിയാന, ഗുജറാത്ത് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് വിമാനത്തിൽ. ഈ മാസം അഞ്ചിന് അമൃത്സറിലെത്തിയ ആദ്യ വിമാനം യുഎസിൽ നിന്നു 43 മണിക്കൂർ യാത്ര ചെയ്താണു എത്തിയത്. രണ്ടാമത്തെ വിമാനം ഏകദേശം 63 മണിക്കൂറാണു യാത്രയ്ക്കെടുത്തത്. വ്യാഴാഴ്ച രാവിലെ സാന്റിയാഗോ എയർ സ്റ്റേഷനിൽ നിന്നു പറന്നുയർന്ന വിമാനം ശനിയാഴ്ച രാത്രിയാണു അമൃത്‌സറിലെത്തിയത്. ഇന്നലെയെത്തിയ മൂന്നാമത്തെ വിമാനവും സമാന ദൂരം താണ്ടിയെന്നാണു വിവരം.