സിപിഎം പാർട്ടി കോൺഗ്രസിന് ഇന്നു തുടക്കം; 80 നിരീക്ഷകർ അടക്കം 881 പ്രതിനിധികൾ

Mail This Article
മധുര ∙ സിപിഎം പാർട്ടി കോൺഗ്രസിന് ഇന്നു തുടക്കമാകും. സമ്മേളനവേദിയായ തമുക്കം മൈതാനത്ത് രാവിലെ 8നു മുതിർന്ന നേതാവ് ബിമൻ ബോസ് പതാക ഉയർത്തും. 10.30ന് പാർട്ടി കോഓർഡിനേറ്റർ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. പൊളിറ്റ് ബ്യൂറോ അംഗം മണിക് സർക്കാർ അധ്യക്ഷനാകുന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ ഉൾപ്പെടെ വിവിധ ഇടതുനേതാക്കളും പങ്കെടുക്കും.
‘ഫെഡറലിസമാണ് ഇന്ത്യയുടെ ശക്തി’ എന്ന വിഷയത്തിൽ നാളെ നടക്കുന്ന സെമിനാറിൽ പിണറായിയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും പങ്കെടുക്കും. ഇന്ന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം 6 വരെ തുടരും. പാർട്ടി കോൺഗ്രസിനു മുന്നോടിയായി മധുരയിൽ പിബി, കേന്ദ്ര കമ്മിറ്റി യോഗങ്ങൾ ചേർന്നു. 80 നിരീക്ഷകർ അടക്കം 881 പ്രതിനിധികളാണു പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നത്. ഏറ്റവും അധികം പ്രതിനിധികളുള്ളതു കേരളത്തിൽനിന്നാണ് – 175. അഭിനേതാക്കളായ വിജയ് സേതുപതി, സമുദ്രക്കനി, പ്രകാശ് രാജ്, സംവിധായകരായ രാജ്മുരുകൻ, ശശികുമാർ, വെട്രിമാരൻ, ടി.എസ്.ജ്ഞാനവേൽ, മാരി സെൽവരാജ് എന്നിവർ വിവിധ പരിപാടികളിൽ പങ്കാളികളാകും. കേരളം, കർണാടക, തമിഴ്നാട്, തെലങ്കാന എന്നിവിടങ്ങളിൽനിന്നുള്ള കലാപ്രവർത്തകരുടെ പരിപാടികളും ഒരുക്കിയിട്ടുണ്ട്. 53 വർഷത്തിനുശേഷമാണു പാർട്ടി കോൺഗ്രസിനു മധുര വേദിയാകുന്നത്.
പ്രായപരിധി: ‘പിണറായിയുടെ കാര്യത്തിൽ കടുംപിടിത്തമുണ്ടാകില്ല’: സൂചനയുമായി വൃന്ദ
പ്രായപരിധി കണക്കിലെടുത്തു സിപിഎം പൊളിറ്റ്ബ്യൂറോയിൽനിന്നു താനടക്കം 2 വനിതാ അംഗങ്ങളും ഒഴിയുമെന്നു വൃന്ദ കാരാട്ട് പറഞ്ഞു. അതേസമയം, പിണറായി വിജയന്റെ കാര്യത്തിൽ അത്തരത്തിലൊരു കടുംപിടിത്തമുണ്ടാകില്ലെന്ന സൂചനയും വൃന്ദ നൽകി.
ബിജെപിക്കും ആർഎസ്എസിനുമെതിരെ ശക്തമായ നിലപാടുമായി സംസ്ഥാനഭരണത്തിനു നേതൃത്വം നൽകുന്ന പിണറായിക്ക് കഴിഞ്ഞതവണയും ഇളവു നൽകിയിരുന്നു. അതിൽ ഇത്തവണ മാറ്റംവരേണ്ട സാഹചര്യമില്ല. അന്തിമ തീരുമാനം കേന്ദ്ര കമ്മിറ്റിയുടേതാണ്. സിപിഎമ്മിന് ഇത്തവണ വനിതാ ജനറൽ സെക്രട്ടറി ഉണ്ടാകാൻ സാധ്യതയില്ല. എന്നാൽ, പൊളിറ്റ്ബ്യൂറോയിലേക്കു പുതിയ വനിതാ അംഗങ്ങളെത്തും. ഭാവിയിൽ വനിതാ ജനറൽ സെക്രട്ടറി ഉണ്ടായേക്കാമെന്നും വൃന്ദ കൂട്ടിച്ചേർത്തു.
ചർച്ച മനസ്സിലാകാൻ തത്സമയ പരിഭാഷ
പാർട്ടി കോൺഗ്രസിലെ ചർച്ച പ്രതിനിധികൾക്കെല്ലാം മനസ്സിലാകാൻ ഇത്തവണ തത്സമയ പരിഭാഷാ സംവിധാനമുണ്ടാകും. വിവിധ സംസ്ഥാനങ്ങളുടെ പ്രതിനിധികൾ അവരുടെ ഭാഷയിലാണ് മിക്കവാറും ചർച്ചയിൽ സംസാരിക്കുക. ഇതു മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കു മനസ്സിലാകണമെന്നില്ല. ഇതൊഴിവാക്കാനാണു പുതിയ സംവിധാനം. പ്രതിനിധികളുടെ യോഗ്യതയും രാഷ്ട്രീയ പശ്ചാത്തലവും സംബന്ധിച്ച റിപ്പോർട്ട് (ക്രഡൻഷ്യൽ റിപ്പോർട്ട്) ഉൾപ്പെടെ സമർപ്പിക്കുന്നതും ഇക്കുറി ഓൺലൈൻ സംവിധാനത്തിലൂടെയാണ്. ആൻഡ്രോയ്ഡ് ഫോൺ കരുതണമെന്നും നിർദേശമുണ്ട്.