ഗവർണർ സദാശിവം ഇന്നു മടങ്ങും

Mail This Article
തിരുവനന്തപുരം∙ നിയുക്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ എത്തുന്ന സാഹചര്യത്തിൽ ഇപ്പോഴത്തെ ഗവർണർ പി.സദാശിവം ഇന്നു വൈകിട്ടു നാട്ടിലേക്കു മടങ്ങും. രണ്ടു ഗവർണർമാർ ഒരേസമയം സംസ്ഥാനത്ത് ഉണ്ടാകാൻ പാടില്ലെന്നാണു കീഴ്‌വഴക്കം.
പുതിയ പരിപാടി അനുസരിച്ച് ആരിഫ് മുഹമ്മദ് ഖാൻ നാളെ രാവിലെ 8.35 ന് ഡൽഹിയിൽ നിന്നു തിരുവനന്തപുരത്തെത്തും. നാളെ രാത്രി 10.20 നുള്ള വിമാനത്തിൽ എത്താനായിരുന്നു ആദ്യ തീരുമാനമെങ്കിലും വിമാനം വൈകാനിടയുള്ളതിനാൽ നേരത്തെയാക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ ഗവർണർ പി.സദാശിവം ഇന്നു വൈകിട്ട് അഞ്ചിനുള്ള ചെന്നൈ വിമാനത്തിൽ മടങ്ങും. നാളെ വൈകിട്ടു പോകാനാണു നേരത്തെ നിശ്ചയിച്ചിരുന്നത്.
ഇന്നലെ രാത്രി മാസ്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർക്കു യാത്രയയപ്പു വിരുന്നു നൽകി. ഇന്നു രാവിലെ 11 ന് രാജ്ഭവൻ ജീവനക്കാർ യാത്രയയപ്പു നൽകും. തുടർന്നു ഗവർണർ മാധ്യമ പ്രവർത്തകരെ കാണുന്നുണ്ട്. നാലു മണിയോടെ അദ്ദേഹം രാജ്ഭവനോടു വിടപറഞ്ഞു വിമാനത്താവളത്തിലേക്കു പോകും.അവിടെ അദ്ദേഹത്തിനു ഗാർഡ് ഓഫ് ഓണർ നൽകും.നിയുക്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആറിനു രാവിലെ 11 ന് രാജ്ഭവനിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.