എം.എം.മണിയുടെ ‘വൺ ടൂ ത്രീ...’ പ്രസംഗത്തിനും ടിപി കേസ് പശ്ചാത്തലം

Mail This Article
തിരുവനന്തപുരം ∙ നിയമസഭയിൽ ഇന്നലെ കെ.കെ.രമയെ ആക്ഷേപിച്ചു പ്രസംഗിച്ച എം.എം.മണി 10 വർഷം മുൻപ് വിവാദമായ ‘വൺ ടു ത്രീ’ പ്രസംഗം നടത്തിയത് ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തെത്തുടർന്നു സിപിഎം സംഘടിപ്പിച്ച വിശദീകരണ യോഗത്തിൽ. ഇന്നലെ രമയെ ആക്ഷേപിക്കാൻ മണി ഉപയോഗിച്ചത് ടി.പിയുടെ രക്തസാക്ഷിത്വമാണെന്ന പ്രത്യേകതയുമുണ്ട്.
സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായിരിക്കുമ്പോഴാണ് 2012 മേയ് 25നു തൊടുപുഴ മണക്കാട്ടെ വിവാദ പ്രസംഗം. ‘‘പട്ടിക തയാറാക്കി രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തിയും കൈകാര്യം ചെയ്‌തും സിപിഎമ്മിനു ശീലമുണ്ട്. കൊല്ലേണ്ടവരെ കൊന്നിട്ടുണ്ട്. ശാന്തൻപാറയിൽ പാർട്ടിക്കെതിരെ പ്രവർത്തിച്ചവരെ പട്ടിക തയാറാക്കിയാണു കൈകാര്യം ചെയ്‌തത്. 13 പേരുടെ പട്ടിക തയാറാക്കി. ആദ്യത്തെ 3 പേരെ കൊന്നു. ഒന്നാമനെ വെടിവച്ചുകൊന്നു. രണ്ടാമത്തവനെ തല്ലിക്കൊന്നു. മൂന്നാമനെ കുത്തിക്കൊന്നു. പീരുമേട്ടിൽ ഒരാളെയും കൊന്നു. വൺ, ടൂ, ത്രീ, ഫോർ... ’ പ്രസംഗത്തെത്തുടർന്നു മണിക്കെതിരെ 4 കേസുകൾ വന്നു. 46 ദിവസം ജയിലിലുമായി.
കേസെടുക്കാൻ കഴിയില്ലെങ്കിൽ പൊലീസുകാർ കാക്കിക്കുപ്പായം ഊരിവച്ച് ബാർബർ ഷോപ്പ് തുടങ്ങണമെന്ന മണിയുടെ പ്രസംഗത്തിനെതിരെ 2014 ഒക്ടോബറിൽ ബാർബർമാരുടെ സംഘടന രംഗത്തുവന്നിരുന്നു. മണിയുടെ മുടിയും താടിയും വെട്ടില്ലെന്നു സംഘടന തീരുമാനമെടുത്തു. ഖേദം പ്രകടിപ്പിച്ചാണ് അന്ന് അദ്ദേഹം തലയൂരിയത്.
പെമ്പിളൈ ഒരുമൈ സമരത്തിൽ പങ്കെടുത്ത തോട്ടം തൊഴിലാളി സ്ത്രീകളെ അവഹേളിച്ച് 2017 ഏപ്രിലിൽ മന്ത്രിയായിരിക്കെ നടത്തിയ പ്രസംഗത്തെത്തുടർന്നു മൂന്നാറിൽ സംഘർഷവും സംസ്ഥാനമൊട്ടാകെ പ്രതിഷേധവും ഉയർന്നു. ഈ പരാമർശത്തിലും അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. ക്വട്ടേഷൻപ്രകാരം നടിയെ പീഡിപ്പിച്ച കേസിനെ ‘നാണംകെട്ട കേസ്’ എന്നു മണി വിശേഷിപ്പിച്ചത് ഇക്കഴിഞ്ഞ മേയിലാണ്. ‘‘ദിലീപ് നല്ല നടനായി ഉയർന്നുവന്നയാളാണ്. അങ്ങേര് ഇതിനകത്തെല്ലാം ചെന്നുപെട്ടത് എങ്ങനെയാണെന്ന് അറിയില്ല’’ എന്നും പറഞ്ഞു.
ഇടുക്കി പൈനാവ് പോളിടെക്നിക്കിലെ വനിതാ പ്രിൻസിപ്പലിനെ വ്യക്തിപരമായി അധിക്ഷേപിച്ചു പ്രസംഗിച്ചെന്ന് ആരോപണമുയർന്നത് 2016 ഫെബ്രുവരിയിലാണ്. അന്നത്തെ ഇടുക്കി എസ്ഐ കെ.വി.ഗോപിനാഥനെ ഇതേ വേദിയിൽ പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്തു. മണിയുൾപ്പെടെ 304 സിപിഎം പ്രവർത്തകർക്കെതിരെ അന്ന് ഇടുക്കി പൊലീസ് കേസെടുത്തു. സിപിഎമ്മാകട്ടെ, ഇന്നലെയെന്ന പോലെ മണിയുടെ പരാമർശങ്ങളെ തള്ളിപ്പറയാത്ത നിലപാടാണ് മുൻപും സ്വീകരിച്ചിട്ടുള്ളത്.
തിരുവഞ്ചൂരിനെയും കടന്നാക്രമിച്ച് മണി
തിരുവനന്തപുരം ∙ സംസ്ഥാനത്തെ ഏറ്റവും വൃത്തികെട്ട ആഭ്യന്തര മന്ത്രിയായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണനെന്നും 2 ലക്ഷം പേരെ കസ്റ്റഡിയിലെടുത്തു പീഡിപ്പിച്ചെന്നും നിയമസഭയിൽ എം.എം.മണിയുടെ ആരോപണം. ടി.പി.വധക്കേസ് അന്വേഷിക്കുന്ന കാലത്ത് തിരുവഞ്ചൂർ ആയിരുന്നു ആഭ്യന്തരമന്ത്രി. ഇതു സംബന്ധിച്ചായിരുന്നു മണിയുടെ പരാമർശം.
English Summary: M.M. Mani controversial speech