‘മതിയായില്ല’; ചെക്പോസ്റ്റുകൾ നിർത്താനുള്ള കേന്ദ്രനിർദേശം അട്ടിമറിച്ചു

Mail This Article
കോട്ടയം ∙ രണ്ടു മാസത്തിനുള്ളിൽ സംസ്ഥാനത്തെ മോട്ടർ വാഹന വകുപ്പിന്റെ ചെക്പോസ്റ്റുകളെല്ലാം അടച്ചുപൂട്ടാൻ ചീഫ് സെക്രട്ടറി മാർച്ചിൽ നൽകിയ നിർദേശം ഉന്നത ഉദ്യോഗസ്ഥ ലോബി അട്ടിമറിച്ചു. ‘കൈമടക്ക്’ ലക്ഷ്യമിട്ടാണു ചെക്പോസ്റ്റ് അടച്ചുപൂട്ടൽ വൈകിപ്പിക്കുന്നതെന്നാണ് ആക്ഷേപം.
മഹാരാഷ്ട്ര, മധ്യപ്രദേശ്, ബംഗാൾ, ബിഹാർ, കേരളം, തെലങ്കാന, ആന്ധ്രപ്രദേശ്, പുതുച്ചേരി, ഗോവ, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളോട് ചെക്പോസ്റ്റുകൾ നീക്കം ചെയ്യാൻ 2021 സെപ്റ്റംബർ ആറിനാണ് കേന്ദ്ര റോഡ് ട്രാൻസ്പോർട്ട്, ഹൈവേ മന്ത്രാലയം ആവശ്യപ്പെട്ടത്. മറ്റു സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാർ നൽകിയ നിർദേശം പാലിച്ചപ്പോഴാണ് കേരളം മാത്രം വിട്ടുനിൽക്കുന്നത്. കേന്ദ്ര നിർദേശം അനുസരിച്ചാണ് ചീഫ് സെക്രട്ടറി ചെക്പോസ്റ്റുകൾ നിർത്തലാക്കാൻ നിർദേശിച്ചതും.
മോട്ടർ വാഹന വകുപ്പിനു ‘വാഹൻ ചെക്പോസ്റ്റ്’ മൊഡ്യൂൾ തയാറായിട്ടുണ്ട്. സംസ്ഥാനത്തേക്കു വരുന്നതും പോകുന്നതുമായ വാഹനങ്ങൾക്ക് ഇതു വഴി ഓൺലൈനായി പെർമിറ്റ് എടുക്കാം. പണവും ഓൺലൈനായി അടയ്ക്കാം.
വാഹനത്തിനു പെർമിറ്റ് ഉണ്ടോ എന്ന് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പക്കലുള്ള ഇ–പോസ് മെഷീൻ വഴി പരിശോധിക്കാം. എന്നാൽ ഓൺലൈനായി എടുക്കുന്ന പെർമിറ്റിന്റെ പ്രിന്റ് എടുത്ത് അതു ചെക്പോസ്റ്റിൽ കാണിച്ച് സീൽ പതിപ്പിക്കണമെന്നാണ് ഉദ്യോഗസ്ഥ ലോബി നിർബന്ധം പിടിക്കുന്നത്.
സംസ്ഥാന വിജിലൻസ് വിഭാഗത്തിന്റെ നിഗമനം അനുസരിച്ച് ഓരോ ചെക്ക് പോസ്റ്റിൽ നിന്നും ദിവസം 4 ലക്ഷത്തോളം രൂപ കൈമടക്ക് ഇനത്തിൽ ലഭിക്കുന്നുണ്ട്. മോട്ടർ വാഹന വകുപ്പിന്റെ 19 ചെക്പോസ്റ്റുകളാണ് സംസ്ഥാനത്തുള്ളത്. മുകൾത്തട്ട് മുതൽ താഴെത്തട്ടിൽ വരെ പല ഉദ്യോഗസ്ഥർക്കും ഈ തുകയുടെ വീതം ലഭിക്കുന്നുണ്ടെന്നാണു വിവരം. അമരവിള ഇൻ, അമരവിള ഔട്ട്, പൂവാർ (തിരുവനന്തപുരം), ആര്യങ്കാവ് (കൊല്ലം), കുമളി (ഇടുക്കി), ഗോപാലപുരം, ഗോവിന്ദപുരം, മീനാക്ഷിപുരം, നടുപ്പൂണി, വേലന്താവളം, വാളയാർ ഇൻ, വാളയാർ ഔട്ട് (പാലക്കാട്), വഴിക്കടവ് (മലപ്പുറം), കാട്ടിക്കുളം, മുത്തങ്ങ, (വയനാട്), ഇരിട്ടി (കണ്ണൂർ), മഞ്ചേശ്വരം, നീലേശ്വരം, പെർള (കാസർകോട്) എന്നിവിടങ്ങളിലാണ് കേരളത്തിൽ മോട്ടർ വാഹന വകുപ്പിന്റെ ചെക്പോസ്റ്റുകളുള്ളത്.
English Summary: Check posts at State boarders, Bribe