കഴുത്തിൽ മുറിവേറ്റ് പ്രവാസി മരിച്ചനിലയിൽ, മുറിയിൽ വിദേശനിർമിത കത്തി; ചോര പുരണ്ട കത്തി കഴുകാൻ ശ്രമിച്ച ഭാര്യയെ തടഞ്ഞ് നാട്ടുകാർ

Mail This Article
അടിച്ചിറ (കോട്ടയം) ∙ ഗൃഹനാഥനെ കഴുത്തിനു മുറിവേറ്റ് വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. അരീച്ചിറ കുന്നേൽ ലൂക്കോസ് (ലൂക്കാച്ചൻ–64) ആണു മരിച്ചത്. അടിച്ചിറ റെയിൽവേ ഗേറ്റിനു സമീപത്തെ വീട്ടിലെ കിടപ്പുമുറിയിൽ കട്ടിലിലായിരുന്നു മൃതദേഹം. കഴുത്തിൽ ആഴത്തിൽ മുറിവേറ്റതായി പൊലീസ് പറയുന്നു. മുറിയിൽ നിന്നു വിദേശനിർമിത കത്തി കണ്ടെത്തി. ദുരൂഹതയുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും അന്വേഷണസംഘം പറയുന്നു. ലൂക്കോസിന്റെ ഭാര്യ ലിസിയും വിദേശത്തുനിന്നു കഴിഞ്ഞ ദിവസം അവധിക്കെത്തിയ മകൻ ക്ലിൻസുമാണു വീട്ടിലുണ്ടായിരുന്നത്. മുറിയിൽ നിന്നു കിട്ടിയ മൂർച്ചയേറിയ കത്തി ഉപയോഗിച്ച് മുറിവേൽപിച്ചെന്നാണു പൊലീസ് വിലയിരുത്തൽ. മൃതദേഹത്തിൽ മറ്റു മുറിവുകളോ ചതവുകളോ ഇല്ലെന്നും മൽപിടിത്തം നടന്നതിന്റെ ലക്ഷണങ്ങളില്ലെന്നും പൊലീസ് പറഞ്ഞു.
ഇന്നലെ പുലർച്ചെ 5.15നു ശബ്ദം കേട്ടു നോക്കുമ്പോൾ കഴുത്തിൽ മുറിവേറ്റ് രക്തത്തിൽ കുളിച്ചു കിടക്കുന്ന ലൂക്കോസിനെയാണു കണ്ടതെന്നാണു ഭാര്യയും മകനും പൊലീസിനു നൽകിയ മൊഴി. ചോര പുരണ്ട കത്തി കഴുകി വൃത്തിയാക്കാൻ ലൂക്കോസിന്റെ ഭാര്യ ശ്രമിച്ചതു നാട്ടുകാർ തടഞ്ഞിരുന്നു. സാമ്പത്തിക ബാധ്യതകളോ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമോ ലൂക്കോസിനില്ലെന്ന് അയൽക്കാർ പറയുന്നു. തലേദിവസം പകൽ കണ്ടപ്പോഴും സന്തോഷവാനായിരുന്നെന്നു ബന്ധുക്കളും പൊലീസിനെ അറിയിച്ചു. ഗൾഫിൽ എണ്ണഖനനം നടത്തുന്ന കപ്പലിൽ ഉദ്യോഗസ്ഥനായിരുന്ന ലൂക്കോസ് കഴിഞ്ഞ മേയിലാണു നാട്ടിലെത്തിയത്. ഉഴവൂർ സ്വദേശിയാണ്. 18 വർഷം മുൻപാണ് അടിച്ചിറയിൽ താമസം തുടങ്ങിയത്. മകൾ റിൻസ് ഓസ്ട്രേലിയയിലാണ്. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ മേൽനോട്ടത്തിലും കോട്ടയം ഡിവൈഎസ്പി കെ.ജി.അനീഷ് കുമാറിന്റെ നേതൃത്വത്തിലും ഗാന്ധിനഗർ എസ്എച്ച്ഒ കെ.ഷിജി, കോട്ടയം ഈസ്റ്റ് എസ്എച്ച്ഒ യു.ശ്രീജിത്ത് എന്നിവരടങ്ങുന്ന സംഘമാണു കേസന്വേഷിക്കുന്നത്.