‘ജ്യോതിഷിയല്ല, സ്വതന്ത്രനായി നിൽക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്; ബിജെപിയിലേക്ക് ഇല്ല’

Mail This Article
ന്യൂഡൽഹി ∙ ബിജെപിയിലേക്ക് ഇല്ലെന്നു വ്യക്തമാക്കി കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ എംപി. ഓൺലൈൻ മാധ്യമത്തിനു നൽകിയ പോഡ്കാസ്റ്റിന്റെ പൂർണരൂപത്തിലാണു തരൂരിന്റെ പ്രതികരണം. ബിജെപിയിൽ ചേരാനുള്ള സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് ഓരോ പാർട്ടിക്കും അവരുടെ ചരിത്രവും വിശ്വാസമുണ്ടാവും. ഒന്നിലെ വിശ്വാസവുമായി ചേരാൻ കഴിയാതാകുമ്പോൾ മറ്റൊന്നിൽ ചേരുന്നതു ശരിയല്ല. പാർട്ടിയിൽനിന്നു മാറി സ്വതന്ത്രനായി നിൽക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു തരൂരിന്റെ പ്രതികരണം. കോൺഗ്രസിലാണോ ഭാവിയെന്ന ചോദ്യത്തിനു താനൊരു ജ്യോതിഷിയല്ലെന്നായിരുന്നു മറുപടി. രാജ്യത്തിന്റെയും പാർട്ടിയുടെ താൽപര്യത്തിന് അനുസരിച്ചാണു കാര്യങ്ങൾ പറയാറുള്ളത്.
രാഷ്ട്രീയത്തിൽ വന്ന കാലം മുതൽ ഞാൻ ചെയ്യുന്ന കാര്യങ്ങളിൽ കുറ്റം കണ്ടുപിടിക്കാൻ ശ്രമം നടക്കുന്നുണ്ട്. കേരള വിഷയങ്ങളിൽ കൂടുതൽ ഇടപെടണമെന്നു കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. തിരുവനന്തപുരത്തെ പ്രതിനിധീകരിക്കുകയെന്നതു പാർട്ടി നൽകിയ ഉത്തരവാദിത്തം മാത്രമായല്ല കാണുന്നത്. മത്സരിച്ചില്ലെങ്കിലും അവിടെ തുടരും. ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിനെ കണ്ടപ്പോൾ ഹിന്ദുമതത്തിന്റെ പേരിൽ രാജ്യത്തു നടക്കുന്ന ചില കാര്യങ്ങൾ ശരിയല്ലെന്ന് പറഞ്ഞപ്പോൾ ഭാഗവത് അതിനോടു യോജിച്ചു. ഇക്കാര്യം പരസ്യമായി പറയാത്തതിനെക്കുറിച്ചു ചോദിച്ചപ്പോൾ എല്ലാത്തിനെയും കുറിച്ചു പ്രതികരിക്കാൻ കഴിയുമോ എന്നായിരുന്നു മറുപടിയെന്നും തരൂർ പറഞ്ഞു.