ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

സിനിമയിൽ പ്രശ്നങ്ങളുണ്ട്: ബ്ലെസി (സംവിധായകൻ)

കുടുംബ സിനിമകളും സാമൂഹിക പശ്ചാത്തലമുള്ള സിനിമകളും വിജയംകണ്ടിരുന്ന കാലം മാറി. കുറ്റകൃത്യങ്ങളും അക്രമങ്ങളും കൊലപാതകങ്ങളുമുള്ള സിനിമകൾ വിജയം കാണുകയും യുവതലമുറയെ സ്വാധീനിക്കുകയും ചെയ്യുമ്പോൾ അത്തരം സിനിമകൾ കൂടുതലായി നിർമിക്കപ്പെടുന്ന സ്ഥിതിയാണ്. കൊല്ലുന്നതും അക്രമം കാട്ടുന്നതുമെല്ലാം ലാഘവത്തോടെ കണ്ട് അത് അനുകരിക്കാൻ മടിയില്ലാത്ത തലമുറയാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നത്. വിഡിയോ ഗെയിമുകളും യുവതലമുറയെ അപകടത്തിലാക്കുന്നുണ്ട്. പ്രതിസന്ധികളെ മറികടന്ന് ഏതുവിധേനയും ലക്ഷ്യം പൂർത്തിയാക്കാനുള്ള സന്ദേശമാണ് ഗെയിമുകളിലൂടെ യുവാക്കളിൽ എത്തുന്നത്. പുതിയ ആവിഷ്കാരങ്ങൾ എല്ലാം സ്നേഹബന്ധങ്ങളെപ്പോലും നശിപ്പിക്കുന്നവയാണ്. വെഞ്ഞാറമൂട്ടിലെ അഫാൻ  അമ്മയോട് സ്നേഹമില്ലാത്ത ആളല്ല. അമ്മയുമായി ഏറ്റവും അടുപ്പം പുലർത്തിയിരുന്ന മകനായിരുന്നു. എന്നിട്ടും ഇങ്ങനെയൊക്കെ സംഭവിച്ചു.

എല്ലാറ്റിനും ഉത്തരവാദി സിനിമയല്ല: ആനന്ദ് ഏകർഷി (സംവിധായകൻ)

അക്രമവാസനയുള്ള സമൂഹത്തിൽ ക്രൂരമായ കുറ്റകൃത്യം നടന്നാൽ അതിന്റെ ഉത്തരവാദിത്തം കലാരൂപത്തിൽ ചാരുന്നത് കരുത്തില്ലാത്ത വാദമാണ്. സിനിമ ഉൾപ്പെടെ ഏതു കലാരൂപവും സമൂഹത്തിലെ വയലൻസിനെ സ്വാധീനിക്കുന്നുവെന്നു പറഞ്ഞാൽ അംഗീകരിക്കാനാകില്ല. ചെറിയൊരു കാലയളവിൽ വളരെ ദുർബലമായി മാത്രമേ ഒരു കലാരൂപത്തിനു സമൂഹത്തെ സ്വാധീനിക്കാൻ കഴിയൂ. മാതാപിതാക്കളും പൊതുസമൂഹവും യാതൊരു സ്വാധീനവും ചെലുത്താത്ത വ്യക്തിയെ മാത്രമേ സിനിമയിലെ വയലൻസ് സ്വാധീനിക്കുകയുള്ളൂ. വളരെ ന്യൂനപക്ഷമാണ് ഇത്തരക്കാർ. ക്രിമിനൽ വാസനയുള്ള വ്യക്തിയുടെ ലാസ്റ്റ് ട്രിഗർ പോയിന്റ് മാത്രമാണ് സിനിമയിലെ വയലൻസ്. ലഹരിമാഫിയ വളരാൻ കാരണം സിനിമയാണോ ? അപ്പോൾ അക്രമസംഭവങ്ങൾക്കു മാത്രം സിനിമയെ പഴിചാരുന്നത് എന്തിനാണ് ?

അക്രമ വാർത്തകളും സ്വാധീനിക്കുന്നു: അശ്വതി ശ്രീകാന്ത് നടി, അവതാരക

അക്രമങ്ങളെയും കുറ്റകൃത്യങ്ങളെയും സാധാരണമായി കാണുന്ന പ്രവണത ഇപ്പോൾ കൂടുതലാണ്. ഇതിൽ സിനിമയ്ക്കും വെബ്സീരീസുകൾക്കും സമൂഹ മാധ്യമങ്ങൾക്കും വാർത്താ ചാനലുകൾക്കും ഒരുപോലെ പങ്കുണ്ട്. കൊലപാതക വാർത്തകൾ കണ്ടും കേട്ടും അതിലുള്ള ഞെട്ടലും ഭീതിയും ഇല്ലാതായി. കുട്ടികളെയും ഇതു സ്വാധീനിക്കുന്നുണ്ട്. ഇപ്പോഴത്തെ കുട്ടികളിൽ പലരും വികാരങ്ങൾ പുറത്തു പ്രകടിപ്പിക്കുന്നില്ല. അക്രമവും കൂട്ടത്തിൽനിന്നു മാറിനിൽക്കുന്നതും സ്വാഭാവിക വികാരങ്ങൾ മറച്ചുപിടിക്കുന്നതും‘കൂൾ’ രീതി ആണെന്ന ചിന്തയാണ്. മനുഷ്യന്റെ തലച്ചോറിനെ പാകപ്പെടുത്തിയിട്ടുള്ളത് അതിജീവനത്തിനായാണ്. നമുക്കു ഭീഷണിയാകുന്ന, പേടിപ്പിക്കുന്ന കാര്യങ്ങൾ കാണുമ്പോൾ തലച്ചോർ അതിൽ കൂടുതൽ ശ്രദ്ധിക്കും. എന്തുകൊണ്ടു മോശം കാര്യങ്ങളിലേക്കു മാത്രം ശ്രദ്ധ പോകുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണത്. 

ലഹരിതന്നെ പ്രധാന പ്രതി: അജിതാ ബീഗം ഡിഐജി

ലഹരി വലയിൽപെട്ട നമ്മുടെ വിദ്യാർഥികളും യുവാക്കളും വളരെ പെട്ടെന്നാണു ക്രിമിനൽ സ്വഭാവം കാണിക്കുന്നത്. ലഹരി ഉപയോഗത്തിലേക്കു കടക്കുന്നതിനു സ്കൂളിൽനിന്നും കോളജിൽ നിന്നുമാണ് വഴികൾ തെളിയുന്നതെന്ന് എല്ലാ കേസുകളിലും കാണാം. ചെറിയ ക്ലാസുകളിൽ പോലും ലഹരി സംഘങ്ങൾ കടന്നുചെല്ലാൻ ശ്രമിക്കുന്നു. കുട്ടികളുടെ പെരുമാറ്റത്തിലെ മാറ്റം വീട്ടിലുള്ളവർക്കാണ് ആദ്യം മനസ്സിലാവുക. വീടുകളിൽ തുറന്നു സംസാരിക്കാൻ സാഹചര്യമില്ല എന്നതാണു മറ്റൊരു പ്രശ്നം. സമൂഹമാധ്യമങ്ങളുടെ അതിപ്രസരം മറ്റൊരു കാരണം.

സമൂഹമാധ്യമങ്ങളിലെ പ്രലോഭനങ്ങൾ ജീവിതയാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ലെന്ന തിരിച്ചറിവാണു വേണ്ടത്. നിരന്തരം അച്ചടക്കലംഘനം നടത്തുന്ന കുട്ടികൾക്കെതിരെ, നടപടികൾ സ്വീകരിക്കണം. ബിഹേവിയർ തെറപ്പി പോലുള്ള സഹായവും ലഭ്യമാക്കണം.സിനിമകളിലെല്ലാം വയലൻസ് സാധാരണ സംഭവമായാണ് അവതരിപ്പിക്കുന്നത്. കുറ്റകൃത്യത്തിൽപെട്ട പ്രതികളിൽ ഭൂരിഭാഗം പേരുടെയും മൊബൈലുകളിൽ ഓൺലൈൻ ഗെയിമുകൾ കാണാം. ഇതിലും വയലൻസാണ് പ്രധാനം. വയലൻസ് ഉള്ള ഗെയിമുകൾ ഉപയോഗിക്കുന്നതിനു കർശനമായ പ്രായപരിധി നിശ്ചയിച്ച് ഇതിനെതിരെ നിയമനിർമാണം ആവശ്യമാണ്.

English Summary:

The Impact of Violent Media: A Growing Concern in Kerala

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com