വിവാദ ഉത്തരവ് പിൻവലിച്ചു; ഡാമുകൾക്കു സമീപം നിർമാണ നിയന്ത്രണമില്ല

Mail This Article
തിരുവനന്തപുരം ∙ ജലവിഭവ വകുപ്പിന്റെ ഡാമുകൾക്കു ചുറ്റും 20 മീറ്റർ ബഫർ സോണും 100 മീറ്റർ പരിധിയിൽ നിർമാണ നിയന്ത്രണവുമേർപ്പെടുത്തിയ വിവാദ ഉത്തരവ് പിൻവലിക്കുമെന്നു മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. നിയമസഭയിൽ ഈ വിഷയമുന്നയിച്ചു മോൻസ് ജോസഫ് നൽകിയ അടിയന്തര പ്രമേയ നോട്ടിസിനുള്ള മറുപടിയിലാണു മന്ത്രിയുടെ പ്രഖ്യാപനം.
ഡിസംബർ 26ന് ഇറക്കിയ ഉത്തരവ് മൂലം വീട് നിർമിക്കാനാകാതെ ഒട്ടേറെപ്പേർ ബുദ്ധിമുട്ടുന്നുണ്ടെന്നും ജനങ്ങളെ ദ്രോഹിച്ചു കൊണ്ടാകരുത് ഡാമിനു സുരക്ഷയൊരുക്കേണ്ടതെന്നും മോൻസ് ജോസഫ് ചൂണ്ടിക്കാട്ടി. ഉത്തരവ് അതേപടി നടപ്പാക്കില്ലെന്നും ഭേദഗതി ചെയ്യാമെന്നുമായിരുന്നു ആദ്യം മന്ത്രിയുടെ നിലപാടെങ്കിലും ഉത്തരവ് പൂർണമായി പിൻവലിക്കുകയാണു വേണ്ടതെന്നു മോൻസ് ജോസഫ് ആവശ്യപ്പെട്ടു.
നേരത്തേ സണ്ണി ജോസഫിന്റെ സബ്മിഷനുള്ള മറുപടിയിലും ധനാഭ്യർഥന ചർച്ചയ്ക്കുള്ള മറുപടിയിലും ജനങ്ങളുടെ ആശങ്കയകറ്റാൻ ഉത്തരവിൽ മാറ്റം വരുത്താൻ ഒരുക്കമാണെന്നു മന്ത്രി അറിയിച്ചിരുന്നു. അടിയന്തര പ്രമേയ നോട്ടിസ് വന്നതോടെ ഉത്തരവു തന്നെ പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു. കോടതി നിർദേശപ്രകാരം സദുദ്ദേശ്യത്തോടു കൂടിയാണ് ഉത്തരവിറക്കിയതെന്നും ഏറ്റവും കുറഞ്ഞ പ്രദേശമാണു ബഫർ സോണായി പ്രഖ്യാപിച്ചിരുന്നതെന്നും മന്ത്രി പിന്നീടു പറഞ്ഞു.