സുശാന്ത്: ദുരൂഹത മായാതെ മരണം; 3 കേന്ദ്ര ഏജൻസി അന്വേഷിച്ചിട്ടും...
Mail This Article
മുംബൈ∙ നടൻ സുശാന്ത് സിങ് രാജ്പുത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയിട്ട് ഈ 14ന് ഏഴു മാസം തികയുമ്പോഴും മരണകാരണം സംബന്ധിച്ച് കൃത്യമായ ഉത്തരമില്ല. മുംബൈ പൊലീസ് അന്വേഷണം അട്ടിമറിക്കുകയാണെന്ന് ആരോപിച്ചു നടന്ന വ്യാപക പ്രചാരണത്തിനു പിന്നാലെ സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) എന്നിങ്ങനെ പ്രധാന കേന്ദ്ര ഏജൻസികളെല്ലാം അന്വേഷണത്തിന് എത്തിയിട്ടും കേസിൽ തുമ്പുണ്ടാക്കാനായിട്ടില്ല എന്നതാണു വിചിത്രം.
സുശാന്തിന് നീതി തേടി പ്രചാരണം നടത്തിയ ഒരു വിഭാഗം മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും ആരാധകരും മൗനത്തിലാണ്. നടന്റേത് മരണമോ, കൊലപാതകമോയെന്ന് സിബിഐ വ്യക്തമാക്കണമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കൃത്യമായ പ്രതികരണം ഒരു ഏജൻസിയുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. അതിനിടെ, അന്വേഷണ പുരോഗതി എന്തായി എന്നു ചോദിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി പ്രധാനമന്ത്രിക്ക് നൽകിയ കത്തിന് സിബിഐ നൽകിയ മറുപടി ഇങ്ങനെ: ‘‘അന്വേഷണം ശാസ്ത്രീയമായി പുരോഗമിക്കുകയാണ്. ഒരു സാധ്യതകളും ഇപ്പോൾ തള്ളിക്കളയാറായിട്ടില്ല’’.
∙ തുടരുന്ന ദുരൂഹത
കഴിഞ്ഞ വർഷം ജൂൺ 14നാണ് ബാന്ദ്രയിലെ വസതിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ സുശാന്തിന്റെ മൃതദേഹം കണ്ടെത്തിയത്. മരണകാരണം ആത്മഹത്യയാണെന്നായിരുന്നു മുംബൈ പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ, മരണത്തിൽ ദുരൂഹതയുണ്ടെന്നും മുംബൈ പൊലീസും മഹാരാഷ്ട്ര സർക്കാരും കേസ് ഒതുക്കിത്തീർക്കാന്‍ ശ്രമം നടത്തുകയാണെന്ന് ആരോപിച്ച് ഒരു വിഭാഗം മാധ്യമങ്ങളും ബിജെപി നേതാക്കളും രംഗത്തെത്തിയതോടെയാണ് കേസിന്റെ ഗതിമാറുന്നത്.
സുശാന്തിന്റെ മരണത്തിന് ഒരാഴ്ച മുൻപ് മുൻ മാനേജർ ദിഷ സാലിയാൻ കെട്ടിടത്തിൽ നിന്നു വീണുമരിച്ചിരുന്നു. ആ സംഭവവുമായി നടന്റെ മരണത്തിനു ബന്ധമുണ്ടെന്ന വാദവും ഉയർന്നു. എന്നാൽ, 3 കേന്ദ്ര ഏജൻസികൾ അന്വേഷണം ഏറ്റെടുത്തിട്ടും ഇക്കാര്യം സ്ഥാപിക്കാനായിട്ടില്ല.
∙ കാമുകി റിയയുടെ പങ്കെന്ത്?
കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന്റെ ഒരു ഘട്ടത്തിൽ സുശാന്തിന്റെ കാമുകി റിയ ചക്രവർത്തിയുടെ നേരെയായിരുന്നു ആരോപണശരങ്ങൾ. സുശാന്തിന് ലഹരിമരുന്നു സംഘടിപ്പിക്കുന്നതിൽ പങ്കുണ്ടെന്നും അതിനായി പണം നൽകിയെന്നും ആരോപിച്ച് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) റിയ ചക്രവർത്തിയെ അറസ്റ്റ് ചെയ്തതോടെയാണിത്.
എന്നാൽ, ലഹരി ഉപയോഗവും സുശാന്തിന്റെ മരണവും തമ്മിലുള്ള ബന്ധമെന്ത് എന്ന ചോദ്യത്തിന് എൻസിബിക്ക് ഉത്തരമില്ല. റിയ ചക്രവർത്തിക്കെതിരെ കൂടുതൽ ശക്തമായ തെളിവുകൾ ഹാജരാക്കാൻ എൻസിബിക്ക് തുടർന്ന് കഴിഞ്ഞിട്ടുമില്ല. ജാമ്യത്തിൽ ഇറങ്ങിയ റിയ കോടതി നിർദേശമനുസരിച്ച് അന്വേഷണസംഘത്തിനു മുന്നിൽ ഒപ്പുവച്ച് മടങ്ങിപ്പോകുന്നു.
∙ ഇരുട്ടിൽത്തപ്പി ഇഡി
സുശാന്തിന്റെ അക്കൗണ്ടിൽ നിന്ന് 15 കോടി രൂപ റിയ ചക്രവർത്തിയും കുടുംബാംഗങ്ങളും ചേർന്നു തട്ടിച്ചെന്നാണ് നടന്റെ കുടുംബത്തിന്റെ ആരോപണം. ഇതേത്തുടർന്നാണ് കേസിൽ ഇഡി അന്വേഷണത്തിനെത്തുന്നത്.
സുശാന്തിന്റെ പക്കൽ നിന്ന് ഒരു രൂപ പോലും തന്റെയോ കുടുംബത്തിന്റെയോ അക്കൗണ്ടിൽ എത്തിയിട്ടില്ലെന്നാണ് ഇഡിയുടെ ചോദ്യം ചെയ്യലിൽ റിയ നൽകിയ മറുപടി. സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച ആരോപണം തെളിയിക്കാൻ ഇഡിക്ക് ഇതുവരെയും ആയിട്ടില്ല.
∙ എവിടെപ്പോയി ബോളിവുഡ് ലോബി
ബോളിവുഡിലെ വൻകിട നിർമാതാക്കളുടെയും സംവിധായകരുടെയും താരങ്ങളുടെയും ലോബി ഒതുക്കാൻ ശ്രമിച്ചതിൽ മനംനൊന്താണ് സുശാന്ത് ജീവനൊടുക്കിയതെന്ന ആരോപണങ്ങളിൽ എന്തെങ്കിലും കഴമ്പുണ്ടായിരുന്നോ? ആ ചോദ്യത്തിനും ഉത്തരം നൽകാൻ അന്വേഷണ ഏജൻസികൾക്ക് ഇനിയും ആയിട്ടില്ല.
ആദിത്യ ചോപ്ര അടക്കമുള്ള പ്രധാനികളെ ചോദ്യം ചെയ്തെങ്കിലും തുടർനടപടികളൊന്നുമുണ്ടായില്ല. കരൺ ജോഹർ, സൽമാൻ ഖാൻ, സഞ്ജയ് ലീല ബൻസാലി, ഏക്ത കപൂർ എന്നിവർക്കെതിരെ ബിഹാറിൽ ആത്മഹത്യാപ്രേരണാക്കുറ്റത്തിനു പൊലീസ് കേസെടുത്തെങ്കിലും കാര്യക്ഷമമായ അന്വേഷണം നടത്തിയതായി വിവരമില്ല.
∙ സഹോദരിമാരുടെ കേസ്
തങ്ങൾക്കെതിരെ റിയ ചക്രവർത്തി നൽകിയ കേസ് റദ്ദാക്കണമെന്ന് അഭ്യർഥിച്ച് സുശാന്തിന്റെ സഹോദരിമാർ നൽകിയ അപേക്ഷയിൽ വാദംകേൾക്കൽ പൂർത്തിയാക്കിയ ബോംബെ ഹൈക്കോടതി വിധിപറയാൻ മാറ്റിവച്ചിരിക്കുകയാണ്. വ്യാജരേഖ ചമച്ച് സുശാന്ത് സിങ്ങിന് മനോരോഗ ചികിൽസ നടത്തിയെന്നാണ് റിയ ചക്രവർത്തിയുടെ പരാതിയിലെ ആരോപണം.
∙ ലഹരി റെയ്ഡുകൾ തുടരുന്നു
ബോളിവുഡുമായി ബന്ധപ്പെട്ട ലഹരിമാഫിയയ്ക്കെതിരെ റെയ്ഡ് തുടരുന്നു എന്നതു മാത്രമാണ് സുശാന്തിന്റെ മരണം നടന്ന 7 മാസം പിന്നിടുമ്പോൾ സജീവമായ മുന്നോട്ടു നീങ്ങുന്ന ഏകനടപടി. എന്നാൽ, ബോളിവുഡിലെ ഏതെങ്കിലും വൻതോക്കുകളെ ഇനിയും കുടുക്കാനായിട്ടില്ല. മുംബൈയിലെ വൻകിട ലഹരിസംഘങ്ങളെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല.
ചുരുക്കത്തിൽ, ഒട്ടേറെ സങ്കീർണതകളിലൂടെ കടന്നുപോകുന്ന ഒരു സിനിമാക്കഥപോലെ തന്നെ തുടരുന്നു, ‘സുശാന്തിന്റെ ജീവിതവും മരണവും’.
English Summary: Was Sushant Rajput Death Murder Or Suicide?