2.5 ലക്ഷത്തിന്റെ വാച്ച്, 14,000 രൂപയുടെ തേയില; അജ്ഞത മുതലെടുത്ത് തട്ടിപ്പ്

Mail This Article
മലപ്പുറം ∙ ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ പേരില്‍ ക്യുനെറ്റ് സംഘം സാധാരണക്കാരെ കബളിപ്പിക്കുന്നതു ജനങ്ങളുടെ നിയമപരമായ അജ്ഞത മുതലെടുത്ത്. നിസ്സാരവിലയുള്ള ഉല്‍പ്പന്നങ്ങള്‍ വന്‍തുകയ്ക്ക് വാങ്ങിപ്പിച്ചാണു കൊള്ള. ബിസിനസ് പങ്കാളിത്തമെന്നു തെറ്റിദ്ധരിപ്പിച്ച് മുദ്രപ്പത്രത്തില്‍ ഒപ്പിട്ടു വാങ്ങുന്നതും മറ്റൊരു തന്ത്രമാണ്.
മലപ്പുറം അരീക്കോട് സ്വദേശി ജംഷീദ് നെച്ചിക്കാടന്‍ ക്യുനെറ്റ് കമ്പനിക്ക് എഴുതി ഒപ്പിട്ടുകൊടുത്ത സത്യവാങ്മൂലത്തിൽ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ജംഷീദ് വാങ്ങിയതിന്റെ തെളിവിനപ്പുറം ബിസിനസ് പങ്കാളിത്തത്തെക്കുറിച്ചോ ഡീലര്‍ഷിപ്പിനെക്കുറിച്ചോ സൂചനയില്ല. തേയില കിലോയ്ക്ക് 14,000 രൂപ, വാച്ചിന് 2.5 ലക്ഷം, പ്ലേറ്റുകള്‍ക്ക് ഒന്നേകാല്‍ ലക്ഷം എന്നിങ്ങനെയാണ് ഉൽപ്പന്നങ്ങളുടെ വില രേഖപ്പെടുത്തിയിരിക്കുന്നത്.
പാർട്നർ ആക്കാമെന്ന് പറഞ്ഞു കയ്യിൽനിന്നു ലക്ഷങ്ങൾ ഉപയോഗിച്ച് നമ്മുടെ അറിവോ സമ്മതമോ ഇല്ലാതെ അവരുടെ അക്കൗണ്ടിൽ കയറി, തട്ടിപ്പ് കമ്പനിയിൽനിന്ന് സാധനങ്ങൾ പർച്ചേസ് ചെയ്യുകയാണ് ചെയ്യുന്നതെന്ന് ജംഷീദ് പറഞ്ഞു.

നിക്ഷേപകരെ ഭയപ്പെടുത്താന്‍ കമ്പനി ചൂണ്ടിക്കാട്ടുന്ന സത്യവാങ്മൂലത്തിന് നിയമസാധുതയില്ലെന്നാണ് ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്ന അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യൻ കരാർ നിയമപ്രകാരം നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്കായി കരാറുകൾ ഉണ്ടാക്കിയാൽ അത് നിലനിൽക്കില്ലെന്നും വിദഗ്ധർ പറയുന്നു.
English Summary : Qnet fraud continues