ഇത്രയും തരംതാഴ്ന്ന് പോയോ? അനുകരണ ആക്ഷേപത്തിൽ രാഹുൽ ഗാന്ധിക്ക് ഉപരാഷ്ട്രപതിയുടെ പരോക്ഷവിമർശനം

Mail This Article
ന്യൂഡൽഹി∙ തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജിയുടെ ആക്ഷേപം ഒരു വ്യക്തി എന്ന നിലയിൽ തന്നെ ബാധിച്ചില്ലെങ്കിലും ഉപരാഷ്ട്രപതിയുടെ ഓഫിസിനെ അപമാനിച്ചത് സഹിക്കാനാകുന്നതല്ലെന്നും ജഗ്ദീപ് ധൻകർ. കല്യാണ്‍ മുഖർജിയുടെ അനുകരണ പ്രകടനം ചിത്രീകരിച്ച രാഹുൽ ഗാന്ധിയെയും ഉപരാഷ്ട്രപതി പരോക്ഷമായി വിമർശിച്ചു. രാജ്യസഭയിൽ കോൺഗ്രസ് എംപി ദിഗ്‌വിജയ് സിങ് സംസാരിക്കുന്നതിനിടെയായിരുന്നു ഉപരാഷ്ട്രപതിയുടെ വിമർശനം.
‘‘നിങ്ങളുടെ പാർട്ടിക്ക് 138 വർഷത്തെ പാരമ്പര്യമുണ്ടെന്നാണ് നിങ്ങൾ അവകാശപ്പെടുന്നത്. നിങ്ങളുടെ മൗനം എന്റെ കാതിൽ മുഴങ്ങുന്നുണ്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെജിയുടെ മൗനം എന്റെ കാതിൽ മുഴങ്ങുന്നു. എന്താണു സംഭവിച്ചതെന്ന് എല്ലാവർക്കും അറിയാം’’– ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ പറഞ്ഞു.
‘‘ഒരാൾ ആക്ഷേപ വിഡിയോ ചിത്രീകരിക്കുന്നതു കണ്ടു. ഇതാണോ മര്യാദ? ഇത്രയും തരംതാഴ്ന്നുപോയോ? ’’– ധൻകർ രാഹുൽ ഗാന്ധിയുടെ പേര് പരാമർശിക്കാതെ ചോദിച്ചു. തന്നെ അപമാനിച്ചതിൽ പ്രശ്നമില്ലെന്നും ഉപരാഷ്ട്രപതിയുടെ ഓഫിസിനെ അപമാനിച്ചത് സഹിക്കാവുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘‘രാഷ്ട്രപതിയുടെ ഓഫിസിനെയോ ഞാൻ പ്രതിനിധാനം ചെയ്യുന്ന കർഷക സമൂഹത്തേയോ അപമാനിക്കുന്നത് സഹിക്കാനാകുന്ന കാര്യമല്ല. എന്നാൽ ഉപരാഷ്ട്രപതിയുടെ പദവി സംരക്ഷിക്കാൻ എനിക്കു സാധിക്കുന്നില്ലങ്കിൽ അത് സഹിക്കാൻ കഴിയില്ല’’– അദ്ദേഹം വ്യക്തമാക്കി.