ആറാഴ്ച കൊണ്ട് സമ്പാദിച്ചത് 2.5 ലക്ഷം, ഇരുനില വീട്, ഫോൺ; 5 മക്കളെ ഭിക്ഷാടനത്തിനു വിട്ട അമ്മ കസ്റ്റഡിയിൽ
Mail This Article
ഇന്‍ഡോർ∙ ഇരുനില വീട്, ഭൂമി, മോട്ടർ സൈക്കിൾ, 20,000 രൂപയുടെ സ്‌മാർട്ട്‌ഫോൺ, രണ്ടര ലക്ഷം രൂപ.... ആറാഴ്ച കൊണ്ട് മധ്യപ്രദേശിലെ ഇൻഡോറിലെ ഇന്ദ്രാ ബായി എന്ന സ്ത്രീ സമ്പാദിച്ചതാണ് ഇത്രയൊക്കെ. സ്വന്തം കുട്ടികളെ ഭിക്ഷാടനത്തിനു വിട്ടാണ് ഇന്ദ്രയുടെ സമ്പാദ്യം. ഭിക്ഷാടനത്തിനും കുട്ടികളെ കുറ്റകൃത്യത്തിനു നിർബന്ധിച്ചതിനും പൊലീസ് കേസെടുത്ത് അറസ്റ്റു ചെയ്ത ഇന്ദ്രയെ റിമാൻഡ് ചെയ്തു. 2, 3, 7, 8, 10 വയസ്സുള്ള അഞ്ചു കുട്ടികളാണ് ഇന്ദ്രയ്ക്കുള്ളത്.
ഇന്ദ്രയുടെ ഒരു മകളുടെ സംരക്ഷണം എൻജിഒ വൊളന്റിയർമാർ ഏറ്റെടുത്തു. മോഷ്ടിക്കുന്നതിനെക്കാൾ നല്ലതു ഭിക്ഷയെടുക്കുന്നതാണെന്നും അതുകൊണ്ടാണ് ഭിക്ഷാടനം തിരഞ്ഞെടുത്തതെന്നും ആയിരുന്നു കസ്റ്റഡിയിലെടുക്കുന്നതിനിടെ ഇന്ദ്രയുടെ പ്രതികരണം. ഇൻഡോറിലെ ഏറ്റവും തിരക്കേറിയ മേഖലയായ ലവ് കുശ് സ്ക്വയറിലും ഉജ്വയിനിലേക്കുള്ള വഴിയിലും മഹാകാൾ ക്ഷേത്രത്തിനു സമീപവുമാണ് ഇന്ദ്ര കുട്ടികളെ ഭിക്ഷാടനത്തിനു ഇരുത്തുന്നത്.
മഹാകാൾ ക്ഷേത്രത്തിന്റെ നിർമാണത്തിനു ശേഷമാണു തന്റെ വരുമാനം കുതിച്ചുയർന്നതെന്നു ഇന്ദ്ര പൊലീസിനോടു പറഞ്ഞു. മഹാകാൾ ക്ഷേത്രം നിർമിക്കുന്നതിനു മുന്‍പ് ഇന്ദ്രയുടെ ദിവസ വരുമാനം 2500 രൂപയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ക്ഷേത്രം നിർമിച്ചതിനു ശേഷം 1.75 ലക്ഷം രൂപ ദിവസവും ലഭിക്കുന്നുണ്ട്. ഇവരുടെ ഭർത്താവും രണ്ടു കുട്ടികളും ഒളിവിലാണ്.
പിടികൂടിയപ്പോൾ 19,600 രൂപ ഇന്ദ്രയുടെ പക്കലും 600 രൂപ ഏഴു വയസ്സുകാരിയായ പെൺകുട്ടിയുടെ കയ്യിലുമുണ്ടായിരുന്നു. രണ്ടുനില വീടും കൃഷിഭൂമിയും രാജസ്ഥാനിലുണ്ടെന്നു ഇന്ദ്ര പൊലീസിനോടു പറഞ്ഞു. ഭിക്ഷയെടുത്തു കിട്ടിയ പണത്തിലാണു തന്റെ ഭർത്താവ് ഓടിക്കുന്ന മോട്ടോർ സൈക്കിൾ വാങ്ങിയതെന്നും ഇന്ദ്ര കുറ്റസമ്മതം നടത്തി.
ഇൻഡോറിൽ ഏഴായിരത്തോളം ഭിക്ഷാടരുണ്ടെന്നാണു കണക്ക്. ഇതിൽ 50 ശതമാനവും കുട്ടികളാണ്. ഇവർ ഭിക്ഷയെടുത്തു പ്രതിവർഷം 20 കോടി രൂപ സമ്പാദിക്കുന്നുണ്ടെന്നാണു എൻജിഒ വൊളന്റിയർമാര്‍ പറയുന്നത്. ഇൻഡോർ മുൻസിപ്പൽ കോർപറേഷനുമായി സഹകരിച്ച് ഇവരെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.