‘100 പേരെ വീതം അതിർത്തിയിലേക്ക് അയയ്ക്കണം’: 12,500 ഗ്രാമങ്ങൾക്ക് നിർദേശം, കർഷക സമരം കടുക്കും- വിഡിയോ
Mail This Article
ന്യൂഡൽഹി∙ ചർച്ചകൾക്കും സമവായ ശ്രമങ്ങൾക്കുമിടെ ഹരിയാന അതിർത്തിയിലേക്കു കൂടുതൽ സമരക്കാരെ എത്തിക്കാൻ കർഷക നേതാക്കൾ ആഹ്വാനം ചെയ്തു. ഒരു ഗ്രാമത്തിൽനിന്ന് 2 ട്രാക്ടർ ട്രോളികൾ സഹിതം 100 പേരെ വീതം ഹരിയാന അതിർത്തിയിലേക്ക് അയയ്ക്കാനാണു കർഷക നേതാക്കൾ 12,500 ഗ്രാമങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഭാരതീയ കിസാൻ യൂണിയൻ (സിന്ധുപുർ) പഞ്ചാബ് ജനറൽ സെക്രട്ടറി കാക്കാ സിങ് കോട്‌റയാണ് വിഡിയോ സന്ദേശത്തിലൂടെ ഇക്കാര്യം ആവശ്യപ്പെട്ടത്.
‘‘ജോലികൾ നിർത്തി വയ്ക്കൂ, ഗ്രാമത്തിൽ ഒരുമിച്ചുകൂടി ആളുകളെ ഹരിയാന–പഞ്ചാബ് അതിർത്തിയിലേക്ക് അയയ്ക്കൂ. നമ്മുക്കിടയിലെ പോരാളികളെ തിരിച്ചറിയേണ്ട സമയമാണിത്’’–വിഡിയോ സന്ദേശത്തിൽ പറയുന്നു. ചർച്ചയ്ക്കു വരുന്ന മന്ത്രിമാർ തങ്ങൾ ഉന്നയിച്ച വിഷയങ്ങളിൽ പരിഹാരവുമായി മാത്രം വന്നാൽ മതിയെന്നും കോട്റ മുന്നറിയിപ്പു നൽകി. കേന്ദ്ര മന്ത്രിമാരായ അർജുൻ മുണ്ട, പിയൂഷ് ഗോയൽ, നിത്യാനന്ദ് റായ് എന്നിവർ കർഷകരുമായി ഇന്നു 5 മണിക്ക് വീണ്ടും ചർച്ച നടത്തുന്നുണ്ട്. ചർച്ച കഴിയും വരെ അതിർത്തിയിൽനിന്നു മുന്നോട്ടു നീങ്ങില്ലെന്നു കർഷകർ വ്യക്തമാക്കി. സർക്കാരിന്റെ നിലപാടിന് അനുസരിച്ചായിരിക്കും സമരത്തിന്റെ മുന്നോട്ടുള്ള പോക്കെന്നാണു കർഷകർ വ്യക്തമാക്കുന്നത്.
∙ പ്രതിരോധത്തിന് ബങ്കർ ട്രാക്ടർ
കണ്ണീർവാതകത്തെ പ്രതിരോധിക്കാൻ ട്രാക്ടറുകളിൽ കൂറ്റൻ ഫാനുകൾ ഘടിപ്പിക്കുകയാണ് കർഷകർ. കൂടാതെ ട്രാക്ടറുകളിൽനിന്നു ചെറുകുഴലുകളിലൂടെ ചുറ്റുപാടും വെള്ളം ചീറ്റിച്ചും കണ്ണീർവാതകത്തിന്റെ വീര്യം കെടുത്തുന്നു. നീന്തൽക്കാർ ധരിക്കുന്ന തരം കണ്ണടകളും വ്യാപകമായി വിതരണം ചെയ്തിട്ടുണ്ട്. കോൺക്രീറ്റ് ബാരിക്കേഡുകൾ തകർക്കാൻ ട്രാക്ടറുകളിൽ മെക്കാനിക്കൽ ഹാമറുകൾ പിടിപ്പിച്ച് ചുറ്റും കവചവുമൊരുക്കിയിട്ടുണ്ട്. ബാരിക്കേഡുകളിലിടിച്ചു പരുക്കു പറ്റാതിരിക്കാൻ ട്രാക്ടറുകൾക്കു ചുറ്റും നനഞ്ഞ ചണച്ചാക്കുകൾ വരിഞ്ഞു കെട്ടിയിട്ടുണ്ട്. ബങ്കർ ട്രാക്ടർ എന്നാണു കർഷകർ തന്നെ ഇവയ്ക്കു പേരിട്ടിരിക്കുന്നത്. എല്ലാ തയാറെടുപ്പുകളും നടത്തിക്കഴിഞ്ഞു. സിഗ്നൽ കിട്ടിയാൽ മുന്നോട്ടു കുതിക്കും. പൊലീസിന്റെ ഈ പ്രതിബന്ധങ്ങളെല്ലാം മറികടക്കാൻ വെറും ഒരു മണിക്കൂർ മതിയെന്നാണ് അംബാലയിൽ നിന്നുള്ള ഹർകിരാത് സിങ് പറഞ്ഞത്. ബൈക്ക് റേസിന് ഉപയോഗിക്കുന്ന ‘നീ ക്യാപ്പും’ ജാക്കറ്റുകളും ഹെൽമറ്റും ധരിച്ചാണ് യുവാക്കൾ ട്രാക്ടറുകളിൽ തയാറായിരിക്കുന്നത്.
∙ തീവണ്ടി തടഞ്ഞു തുടങ്ങി
ഭാരതീയ കിസാൻ യൂണിയൻ (ഏകത ഉഗ്രഹൻ), ബികെയു ദാകൗണ്ട, എന്നീ സംഘടനകൾ പഞ്ചാബിൽ തീവണ്ടി തടയൽ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. 7 സ്ഥലങ്ങളിൽ വൈകിട്ടു 4 വരെ തീവണ്ടി തടയും. ബർണാലയിൽ 12നു തന്നെ തീവണ്ടി തടഞ്ഞു സമരം തുടങ്ങി. അതോടൊപ്പം സംയുക്ത കിസാൻ മോർച്ച ടോൾ പ്ലാസകളിലും പ്രതിഷധ സമരം നടത്തി.
∙ ഒട്ടും ശാന്തമല്ല
ഹരിയാന അതിർത്തിയിലെ സ്ഥിതിഗതികൾ ശാന്തമല്ലെന്നാണു സംയുക്ത കിസാൻ യൂണിയൻ (നോൺ പൊളിറ്റിക്കൽ) കോഓർഡിനേറ്റർ ജഗ്ജീത് സിങ് ധല്ലേവാളും പറഞ്ഞത്. മൂന്നാം ഘട്ട ചർച്ചകൾ കഴിഞ്ഞിട്ടും അതിർത്തിയിലെ സ്ഥിതിഗതികൾ ശാന്തമല്ല. സർക്കാർ കർഷകരോട് അങ്ങേയറ്റം ക്രൂരമായാണു പെരുമാറുന്നത്. എന്നാലും ചർച്ചകൾക്ക് ഞങ്ങൾ തയാറാണ്. അല്ലെങ്കിൽ കർഷകർ ചർച്ചയ്ക്കു വഴങ്ങാതെ സമരം ചെയ്യുകയാണെന്നു സർക്കാർ പറയും– ജഗ്ജീത് സിങ് ധല്ലേവാൾ പറഞ്ഞു.
Read Also: കർഷകർക്ക് വീണ്ടും കണ്ണീർ; ‘ദില്ലി ചലോ’ മാർച്ചിനുനേരെ ഡ്രോൺ വഴി കണ്ണീർവാതകം വീണ്ടും
ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചു വിജ്ഞാപനം ഇറക്കിയാൽ ശംഭു, ഖന്നൗരി അതിർത്തികളിൽനിന്നു മടങ്ങാം. അല്ലെങ്കിൽ പ്രതിഷേധിക്കാൻ ഒരു സ്ഥലം തരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസും അർധസൈന്യ വിഭാഗവും കർഷകർക്കു നേരെ ലോ ഇന്റൻസിറ്റി 12 ബോർ ബുള്ളറ്റുകളും മോർട്ടാറുകളും പ്രയോഗിക്കുന്നുണ്ട്. തെളിവിനായി ഒഴിഞ്ഞ ഷെല്ലുകൾ എടുത്തുവച്ചിട്ടുണ്ടെന്നും ധല്ലേവാൾ പറഞ്ഞു.
∙ പഞ്ചാബ് മുഖ്യനും വിമർശനം
ഹരിയാനയിൽനിന്നു പഞ്ചാബിലേക്ക് കർഷകർക്കു മേൽ കണ്ണീർവാതക ഷെല്ലുകൾ വർഷിക്കുമ്പോൾ മുഖ്യമന്ത്രി ഭഗവന്ത് മാൻ മൗനം പാലിക്കുകയാണെന്നു കുറ്റപ്പെടുത്തൽ. ഹരിയാന പൊലീസ് റബർ, പ്ലാസ്റ്റിക് ബുള്ളറ്റുകളും ഇടതടവില്ലാതെ കണ്ണീർ വാതക ഷെല്ലുകളും പ്രയോഗിക്കുന്നു. ഇത് കണ്ടിട്ടും ഭഗവന്ത് മാൻ മിണ്ടാതിക്കുന്നതെന്താണെന്നും ജഗ്ജീത് സിങ് ധല്ലേവാൾ ചോദിക്കുന്നു.
∙ ക്ഷമ പരീക്ഷിക്കരുത്
കർഷകരുടെ ക്ഷമ പരീക്ഷിക്കരുത്. കർഷകർ പൊലീസിനെ ആക്രമിച്ചു എന്ന മട്ടിലുള്ള കള്ളക്കഥകളാണ് ഹരിയാനയിൽനിന്നു പ്രചരിപ്പിക്കുന്നത്. ഓരോ ദിവസവും പരുക്കേറ്റ പൊലീസുകാരുടെ എണ്ണവുമായി വരുന്നു. എന്നാൽ, കർഷകർ ഇതുവരെ ഒരു കല്ലെടുത്തെറിഞ്ഞിട്ടു പോലുമില്ലെന്നും ജഗ്ജീത് സിങ് ധല്ലേവാൾ പറഞ്ഞു. പൊലീസ് കർഷകർക്കു നേരെ പ്രയോഗിച്ച ഷെല്ലുകളെല്ലാം എടുത്തു വച്ചിട്ടുണ്ടെന്നാണ് കിസാൻ മസ്ദൂർ മോർച്ച കോ ഓർഡിനേറ്റർ സർവാൻ സിങ് പാന്ധേർ പറഞ്ഞത്. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ നടപ്പാക്കണം എന്നു മാത്രമാണു കർഷകരുടെ ആവശ്യം. ഡൽഹിയിലേക്കു മാർച്ച് ചെയ്യണമെന്ന കടുംപിടിത്തമൊന്നുമില്ലെന്നും പാന്ധേർ പറഞ്ഞു.