ഒടുവിൽ മത്സരിക്കാൻ തീരുമാനിച്ച് അഖിലേഷ് യാദവ്, ജനവിധി തേടുന്നത് കനൗജിൽ നിന്ന്

Mail This Article
ലക്നൗ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് മത്സരിക്കും. ഉത്തർപ്രദേശിലെ കനൗജിൽ നിന്നാണ് അദ്ദേഹം ജനവിധി തേടുക. മൂന്നുതവണ അഖിലേഷിനെ പാർലമെന്റിൽ എത്തിച്ച മണ്ഡലമാണ് കനൗജ്.
നാളെ വൈകുന്നേരത്തോടെ അഖിലേഷ് യാദവ് നാമനിർദേശ പത്രിക സമർപ്പിക്കും. 2019–ൽ അസംഡ് സീറ്റിൽ നിന്ന് അദ്ദേഹം ജയിച്ചിരുന്നു. എന്നാൽ 2022 ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ കർഹലിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടതോടെ എംപി സ്ഥാനം അദ്ദേഹം രാജിവെക്കുകയായിരുന്നു.
അഖിലേഷ് യാദവ് ഇവിടെ നിന്ന് മത്സരിക്കാൻ തീരുമാനിച്ചതോടെ നേരത്തെ ഇവിടെ സ്ഥാനാർഥിയായി തീരുമാനിച്ചിരുന്ന എസ്പി നേതാവ് തേജ് പ്രതാപ് യാദവ് ഇനി മത്സരിക്കില്ല. അഖിലേഷ് യാദവിന്റെ അനന്തരവരനാണ് തേജ് പ്രതാപ് യാദവ്.
ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷിയാണ് സമാജ്‌വാദി പാർട്ടി. യുപിയിലെ 80 ലോക്സഭാ മണ്ഡലങ്ങളിൽ 63ലും സമാജ്‌വാദി പാർട്ടി മത്സരിക്കുന്നുണ്ട്. റായ്ബറേലി, അമേഠി എന്നീ സീറ്റുകൾ ഉൾപ്പെടെ ബാക്കി പതിനേഴ് സീറ്റുകളിൽ കോൺഗ്രസാണ് മത്സരിക്കുന്നത്. നാനൂറ് സീറ്റുകൾ എന്ന ബിജെപിയുടെ ലക്ഷ്യത്തിൽ സുപ്രധാനമാണ് ഉത്തർപ്രദേശിലെ ഓരോ സീറ്റും.