കാറിടിച്ച് സ്ത്രീയുടെ മരണം: ഒളിവിലായിരുന്ന ശിവസേന നേതാവിന്റെ മകൻ അറസ്റ്റില്‍
Mail This Article
മുംബൈ ∙ ആഡംബരക്കാറിടിച്ചു മത്സ്യവിൽപ്പനക്കാരി മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന മിഹിർ ഷാ അറസ്റ്റിൽ. ശിവസേനാ ഷിൻഡെ വിഭാഗം നേതാവ് രാജേഷ് ഷായുടെ മകനാണ്. മുംബൈയിൽനിന്നു 65 കിലോമീറ്റർ അകലെ വിരാറിലെ ഫ്ലാറ്റിൽനിന്നാണ് മിഹിർ അറസ്റ്റിലായതെന്നു പൊലീസ് പറഞ്ഞു. അമിതവേഗത്തിൽ മിഹിർ ഓടിച്ച കാറിടിച്ചാണു വർളി സ്വദേശിനി കാവേരി നഖ്‌വ മരിച്ചത്. സംഭവത്തിൽ മിഹിറിന്റെ അമ്മയും സഹോദരിയും ഉൾപ്പെടെ 12 പേര്‍ കസ്റ്റഡിയിലാണ്.
വർളി കോലിവാഡ സ്വദേശികളും മത്സ്യവിൽപ്പന തൊഴിലാളികളുമായ കാവേരിയും ഭർത്താവ് പ്രദിക് നഖ്‌വയും സഞ്ചരിച്ച സ്കൂട്ടറാണ് അപകടത്തിൽപ്പെട്ടത്. മിഹിർ ഓടിച്ച കാർ ഇവരുടെ സ്കൂട്ടറിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. കാവേരിയും പ്രദ്വികും റോഡിലേക്കു തെറിച്ചുവീണു. ഗുരുതരമായി പരുക്കേറ്റ കാവേരിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പ്രദീപ് ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു.
സംഭവത്തിനു മുൻപ് മിഹിർ ജുഹു ബാറിൽ 18,730 രൂപ ചെലവാക്കിയെന്നു പൊലീസ് പറയുന്നു. സുഹൃത്തുക്കളുമായി മണിക്കൂറുകളോളം ചെലവിട്ടശേഷം ഞായറാഴ്ച പുലർച്ചെ 5.30നു വീട്ടിലേക്കു തിരിച്ചു. ഡ്രൈവറെ മാറ്റി മിഹിർ കാറോടിച്ചപ്പോഴാണ് അപകടമുണ്ടായത്.