‘ടിഎയും ഡിഎയും കിട്ടാറില്ല, ഒളിംപിക്സ് സമയത്ത് ബുദ്ധിമുട്ടി; ഭിന്നത തുടർന്നാൽ ഐഒഎയെ സസ്പെൻഡ് ചെയ്തേക്കാം’
Mail This Article
ന്യൂഡൽഹി∙ ഭിന്നത തുടർന്നാൽ രാജ്യാന്തര ഒളിംപിക് കമ്മിറ്റി ഇന്ത്യൻ ഒളിംപിക് അസോസിയേഷനെ (ഐഒഎ) സസ്പെൻഡ് ചെയ്തേക്കാമെന്ന് അധ്യക്ഷ പി.ടി. ഉഷ. തന്നെ വിശ്വാസത്തിലെടുത്താണ് നടപടിയെടുക്കാത്തത്. ഒളിംപിക് അസോസിയേഷൻ പ്രസിഡന്റായി ചുമതലയേറ്റതു മുതൽ തനിക്കെതിരെ പടയൊരുക്കം നടക്കുന്നുണ്ട്. ക്രമക്കേടുകളും സ്വാർഥ താൽപര്യങ്ങളും അനുവദിക്കാത്തതാണ് എക്സിക്യുട്ടിവ് കമ്മിറ്റിയിലെ ഒരു വിഭാഗത്തിന്റെ എതിർപ്പിനു കാരണം. തെറ്റായ പ്രവണതകൾ അവസാനിപ്പിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും പി.ടി. ഉഷ പറഞ്ഞു.
‘‘പ്രസിഡന്റായി ഞാൻ കയറിയതു മുതൽ ഇവർ പല പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ടായിരുന്നു. പ്രസിഡന്റായി തിരഞ്ഞെടുത്ത ശേഷം ഞാൻ മുറിയിലേക്ക് വരുമ്പോൾ പ്രസിഡന്റെന്ന ബോർഡ് എടുത്തുകളഞ്ഞ് അവിടെ നാലഞ്ച് പേരുടെ പേര് എഴുതി വയ്ക്കണമെന്നായിരുന്നു ഒരാളുടെ ആശയം. രാഷ്ട്രീയമൊന്നുമല്ല ഇതിന്റെ പിന്നിൽ. ഓരോരുത്തർക്കും ഓരോ അജണ്ടയുണ്ട്. ഐഒഎ ഭരണഘടന അനുസരിച്ച് എനിക്ക് പോകണം. നിമയപരമല്ലാതെ കാര്യങ്ങൾ ചെയ്യുന്നത് ഇഷ്ടമല്ല. തെറ്റ് ചൂണ്ടിക്കാട്ടുമ്പോൾ സമ്മതിക്കില്ല’’ – പി.ടി. ഉഷ പറഞ്ഞു.
ഐഒഎ വളരെ ബുദ്ധിമുട്ടിയാണ് ഒളിംപിക്സ് സമയത്ത് കാര്യങ്ങൾ നടത്തിയിരുന്നത്. നാലും അഞ്ചും സപ്പോർട്ടിങ് സ്റ്റാഫിനെ വിട്ടിട്ടുണ്ടായിരുന്നു. ഇവർക്ക് വാഗ്ദാനം ചെയ്തതൊന്നും കൊടുക്കാൻ കഴിഞ്ഞില്ല. താൻ പുറത്തേക്ക് പോകുമ്പോൾ ടിഎയും ഡിഎയും കിട്ടാറില്ല. താൻ ഒപ്പിട്ടാലും ട്രഷറർ ഒപ്പിടില്ല. ശരിയാവാൻ വേണ്ടി പരമാവധി ശ്രമിക്കും. ഐഒഎ സ്വതന്ത്ര സംഘടനയാണ്. കായിക മന്ത്രാലയത്തോട് പരാതിപ്പെട്ടിട്ട് കാര്യമില്ലെന്നും പി.ടി. ഉഷ പറഞ്ഞു.