എഴുത്തച്ഛൻ പുരസ്കാരം എൻ.എസ്. മാധവന്
Mail This Article
കോട്ടയം∙ 2024ലെ എഴുത്തച്ഛൻ പുരസ്കാരം എൻ.എസ്.മാധവന്. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. അഞ്ചുലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. മലയാള ചെറുകഥാസാഹിത്യലോകത്തിൽ അനന്യമായ സ്ഥാനമാണ് എൻ.എസ്.മാധവനുള്ളതെന്ന് പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ട് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മനോരമയുടെ കലാസാഹിത്യോത്സവമായ ഹോർത്തൂസിൽ പങ്കെടുക്കവെയാണ് പുരസ്കാരത്തെക്കുറിച്ച് എൻ.എസ്. മാധവൻ അറിയുന്നത്.
വലിയൊരു ബഹുമതിയാണ്, കുറച്ചേ എഴുതിട്ടുള്ളൂവെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. ‘‘മനോരമയുടെ ഹോർത്തൂസ് കലാസാംസ്കരിക വേദിയിൽ ഇരിക്കുമ്പോഴാണ് എഴുത്തച്ഛൻ പുരസ്കാരത്തിന്റെ സന്തോഷ വാർത്ത അറിയുന്നത്. വളരെ സന്തോഷമുണ്ട്. അവാർഡുകൾ ലക്ഷ്യമാക്കിയല്ല ഒരു എഴുത്തുകാരൻ എഴുതുന്നത്. അവ നൽകുന്ന അംഗീകാരം എഴുത്തുകാർക്കു നൽകുന്ന സന്തോഷവും വളരെ വലുതാണ്. 50 വർഷം നീണ്ടുനിന്ന എന്റെ എഴുത്തു ജീവിതത്തിലെ നല്ല മുഹൂർത്തമാണിത്’’ – എൻ.എസ്. മാധവൻ മനോരമ ഓൺലൈനോടു പറഞ്ഞു.
വൈവിധ്യപൂർണമായ പ്രമേയങ്ങൾ ചെറുകഥാരൂപത്തിൽ അവതരിപ്പിക്കുന്നതിൽ അദ്ദേഹം അസാധാരണമായ വൈവിധ്യമാണ് പ്രകടിപ്പിക്കുന്നത്. സമൂഹചലനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിലും യുക്തിപൂർവം വിലയിരുത്തുന്നതിലും അദ്ദേഹം ചെലുത്തുന്ന ശ്രദ്ധ ആദരവർഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. എസ്.കെ. വസന്തൻ ചെയർമാനായും ഡോ.ടി.കെ. നാരായണൻ, ഡോ. മ്യൂസ് മേരി ജോർജ് എന്നിവർ അംഗങ്ങളായും സി.പി. അബൂബക്കർ മെംബർ സെക്രട്ടറിയായുമുള്ള ജൂറിയാണ് പുരസ്കാരജേതാവിനെ തിരഞ്ഞെടുത്തത്.