രാഹുലും പ്രദീപും എംഎൽഎമാരായി; മഹാരാഷ്ട്ര മുഖ്യമന്ത്രിയാകാൻ ഫഡ്നാവിസ്: ഇന്നത്തെ പ്രധാനവാർത്തകൾ
Mail This Article
ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തിലും (പാലക്കാട്) യു.ആര്‍.പ്രദീപും (ചേലക്കര) നിയമസഭാ സാമാജികരായി സത്യപ്രതിജ്ഞ ചെയ്തത്, അകാലിദൾ നേതാവും പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീർ സിങ് ബാദലിന് നേരെ വധശ്രമം, ഉത്തർപ്രദേശിലെ സംഭലിൽ സംഘർഷാവസ്ഥയ്ക്ക് ഇടയാക്കിയ അഭിഭാഷക സർവേ നടന്ന ചന്ദൗസി സന്ദർശിക്കാനെത്തിയ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എംപിയെയും ഗാസിപുരിൽ തടഞ്ഞത്, മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്‌ഞ ചെയ്യാനൊരുങ്ങി തുടങ്ങി പ്രധാനപ്പെട്ട ഒട്ടേറെ സംഭവങ്ങളാണ് ഇന്നുണ്ടായത്.
ഉത്തർപ്രദേശിലെ സംഭലിൽ സംഘർഷാവസ്ഥയ്ക്ക് ഇടയാക്കിയ അഭിഭാഷക സർവേ നടന്ന ചന്ദൗസി സന്ദർശിക്കാനെത്തിയപ്പോഴാണ് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും സംഘത്തെയും യുപി പൊലീസ് തടഞ്ഞത്. ഡൽഹി–യുപി അതിർത്തിയായ ഗാസിപുരിലാണ് രാഹുലിനെയും പ്രിയങ്കയെയും കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും പൊലീസ് തടഞ്ഞത്. ഒന്നര മണിക്കൂറോളം നീണ്ട പ്രതിഷേധത്തിന് ഒടുവിൽ രാഹുൽ ഗാന്ധിയും നേതാക്കളും ഡൽഹിയിലേക്ക് മടങ്ങി.
അമൃത്‌സറിലെ സുവർണക്ഷേത്രത്തിൽ വച്ചാണ് അകാലിദൾ നേതാവും പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീർ സിങ് ബാദലിന് നേരെ വധശ്രമം ഉണ്ടായത്. ക്ഷേത്ര കവാടത്തിൽ വച്ച് അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. അക്രമിയെ ആളുകളും പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടി. ശിക്ഷയുടെ ഭാഗമായി സുവർണ ക്ഷേത്രത്തിന് മുന്നിൽ വീൽചെയറിൽ ഇരിക്കുമ്പോഴായിരുന്നു വെടിവയ്പ്. നരെയ്ൻ സിങ് ചൗര എന്നയാളാണ് വെടിവച്ചത്.
സസ്പെൻസുകൾക്കൊടുവിൽ മഹാരാഷ്ട്രയിൽ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് വ്യാഴാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് ഒടുവിൽ ബിജെപി പ്രഖ്യാപിച്ചു. വൈകിട്ട് 5.30ന് സത്യപ്രതിജ്ഞ നടക്കുമെന്ന് ഫഡ്നാവിസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. മഹായുതി നേതാക്കൾ മഹാരാഷ്ട്ര ഗവർണർ സി.പി.രാധാകൃഷ്ണനെ കണ്ടിരുന്നു. പിന്നാലെയാണു ഫഡ്നാവിസിനെ സർക്കാർ രൂപീകരിക്കാനായി ഗവർണർ ക്ഷണിച്ചത്.
അതേസമയം. കേരളത്തിൽ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എം.ആര്‍.അജിത്കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു. അനധികൃത സ്വത്തു സമ്പാദനം, കവടിയാറിലെ വീട് നിര്‍മാണം എന്നിവയടക്കമുള്ള പരാതികളുടെ അടിസ്ഥാനത്തിലാണു പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തതത്.
ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തിലും (പാലക്കാട്) യു.ആര്‍.പ്രദീപും (ചേലക്കര) നിയമസഭാ സാമാജികരായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിലെ ആര്‍.ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടന്ന ചടങ്ങില്‍ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മന്ത്രിമാരും സന്നിഹിതരായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനും യു.ആര്‍.പ്രദീപിനും സ്പീക്കര്‍ എന്‍.എന്‍.ഷംസീർ നീല ട്രോളി ബാഗ് സമ്മാനിച്ചതും ചർച്ചയായി. പാലക്കാട്ട് ഉപതിരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസ് നീല ട്രോളി ബാഗില്‍ കള്ളപ്പണം കൊണ്ടുവന്നെന്നു സിപിഎം ആരോപിച്ചിരുന്നു.